സിനിമയില്‍ വസ്ത്രത്തിനു വലിയ പ്രാധാന്യമുണ്ട്. വിവിധ നിറത്തില്‍ വിലകൂടിയ വസ്ത്രങ്ങള്‍ ഇട്ടുകൊണ്ട് നമ്മുടെ മുന്നിലെത്തുന്ന നായികമാര്‍. അവരുടെ ഫാഷന്‍ ട്രെന്റുകള്‍ക്ക് പുറകെ പോകുന്ന യുവത്വം. അതാണ് ഇന്നത്തെ കാലം. എന്നാല്‍ അത്തരം രീതികള്‍ ഉണ്ടാകുന്നതിനു മുന്പ് വളരെ ലളിതമായ രീതികളില്‍ പ്രവര്‍ത്തിച്ചിരുന്ന ചിത്രങ്ങളും അതിലെ നടീനടന്മാരെക്കുറിച്ചും ഓര്‍മ്മിക്കുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്.
‘വെറുതെ ഒരു പിണക്കം’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടയില്‍ നടി പൂര്‍ണ്ണിമ ജയറാം ഷൂട്ടിംഗ് കാണാന്‍ എത്തിയ ഒരു പെണ്‍കുട്ടിയുടെ വസ്ത്രം കടം വാങ്ങി അഭിനയിച്ചകാര്യം ഓര്‍മ്മകളുടെ കുടമാറ്റം എന്ന പുസ്തകത്തില്‍ അന്തിക്കാട് പങ്കുവയ്ക്കുന്നുണ്ട്. ആ അവസരത്തില്‍ ഒരു നടി വസ്ത്രം ഇഷ്ടപ്പെടാത്തതിനാല്‍ കീറിക്കളഞ്ഞ സംഭവവും സത്യന്‍ അന്തിക്കാട് പറയുന്നു.
ഒരു യുവനടിയാണ് നായിക. പത്ര മാധ്യമങ്ങളിലൂടെ പ്രസിദ്ധി നേടിയ നടിയ്ക്ക് ഷൂട്ടിങ്ങിനിടയില്‍ ഇടേണ്ട വസ്ത്രം ഇഷ്ടപ്പെട്ടില്ല. വിലപിടിപ്പുള്ള വസ്ത്രമാണെങ്കിലും തനിക്കത് ചേരില്ല എന്നൊരു തോന്നല്‍. വിവരം സംവിധായകനോടു പറഞ്ഞു: ‘ഇഷ്ടപ്പെട്ടില്ലെങ്കില്‍ ചേരുന്ന മറ്റ് ഏതെങ്കിലും വസ്ത്രം ധരിച്ചോളു’ സംവിധായകന്‍ പറഞ്ഞു. എന്നാല്‍ ആ പ്രശ്നം അവിടെ അവസാനിച്ചെങ്കിലും നടി ചെയ്തത് ഏവരെയും ഞെട്ടിച്ചു. തനിക്ക് ഇഷ്ടപ്പെടാത്ത ആ ഡ്രസ് ഇനി മറ്റാരും ഇട്ടു ഞെളിയേണ്ട എന്നു കരുതിയാവാം നടി അത് തുണ്ടം തുണ്ടമായി കീറിക്കളഞ്ഞു. ഒരു സംവിധായകന്‍ സ്വകാര്യ സംഭാഷണത്തില്‍ തന്നോട് പറഞ്ഞതായി സത്യന്‍ അന്തിക്കാട് വെളിപ്പെടുത്തുന്നു.