ആരാധകര്‍ കംപ്ളീറ്റ് ആക്‌ടറെന്നും വിസ്‌മയ താരമെന്നുമൊക്കെ വിശേഷിപ്പിക്കുമെങ്കിലും സംവിധായകര്‍ക്കിടയില്‍ മോഹന്‍ലാല്‍ അറിയപ്പെടുന്നത് ‘ഡയറക്‌ടേഴ്‌സ് ആക്‌ടര്‍’ എന്നാണ്. എന്താണ് അതിന്റെ കാരണമെന്ന് പറയുകയാണ് സംവിധായകന്‍ കമല്‍.
കമലിന്റെ വാക്കുകള്‍-
‘സംവിധായകന്‍ എങ്ങനെ ഉദ്ദേശിക്കുന്നുവോ ആ രീതിയിലേക്ക് മാറാന്‍ കഴിയുന്ന അല്ലെങ്കില്‍ മാറ്റി തീര്‍ക്കാന്‍ കഴിയുന്ന ഒരു ആക്‌ടറാണ് മോഹന്‍ലാല്‍. അതുകൊണ്ടാണ് അദ്ദേഹത്തെ കംപ്ളീറ്റ് ആക്‌ടര്‍ എന്ന് വിളിക്കുന്നത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ വെള്ളം പോലെയാണെന്ന് പറയും മോഹന്‍ലാല്‍. ഏതു പാത്രത്തില്‍ ഒഴിക്കുന്നോ ആ പാത്രത്തിന്റെ ഷേപ്പ് ആകും. ഒരു ആക്‌ടര്‍ എന്ന രീതിയില്‍ മാത്രമല്ല അദ്ദേഹം അങ്ങനെയാണ്. ഒരു സെറ്റില്‍ പെരുമാറുന്നതു പോലും അങ്ങനെയാണ്.
ഞങ്ങളൊക്കെ തമാശയ്‌ക്ക് പറയുന്ന കാര്യമാണ്. ഏതൊരു സംവിധായകന്റെയും രീതിയില്‍ സംസാരിക്കുകയും വേഷം പോലും ആ സെറ്റില്‍ ചിലപ്പോള്‍ അങ്ങനെയൊക്കെ ഇടുന്ന ആളുകൂടിയാണ് ലാല്‍. അദ്ദേഹം പൂര്‍ണമായും ഒരു നടന്‍ തന്നെ ആയതു കൊണ്ടാണത്.
ഒരുപാട് അനുഭവങ്ങള്‍ അദ്ദേഹത്തെ കുറിച്ച് പറയാനുണ്ട്. ഓരോ ഷോട്ടുകള്‍ എടുക്കുമ്ബോഴും അദ്ദേഹത്തിന്റെ കമ്മിന്റ്മെന്റ് ഒരു പരിഭവവുമില്ലാതെ, കലഹിക്കാതെ അദ്ദേഹത്തിനത് കൈകാര്യം ചെയ്യാനറിയാം എന്നതാണ്. സംവിധായകനു വേണ്ടിയാണ് ഒരു സിനിമയില്‍ ആക്ടര്‍ നില്‍ക്കേണ്ടതെന്ന് പൂര്‍ണമായും അറിയാവുന്നയാളാണ് മോഹന്‍ലാല്‍’.
മിഴിനീര്‍പ്പൂക്കള്‍, ഉണ്ണികളെ ഒരു കഥപറയാം, ഓര്‍ക്കാപ്പുറത്ത്, വിഷ്‌ണുലോകം, ഉള്ളടക്കം, അയാള്‍ കഥ എഴുതുകയാണ് എന്നിവയാണ് മോഹന്‍ലാല്‍- കമല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍.