ചിദംബരത്തിന്റെ മഞ്ഞുമ്മല്‍ ബോയ്സ് ചിത്രത്തിന് മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്. മലയാളത്തില്‍ ഇന്നോളം കണ്ടിട്ടില്ലാത്ത സര്‍വൈവല്‍ ചിത്രമായിരിക്കുന്നു മഞ്ഞുമ്മല്‍ ബോയ്സ് എന്ന് വിശേഷിപ്പിച്ചാല്‍ അധികമാവില്ല എന്നാണ് നിരൂപകരുടെയടക്കം അഭിപ്രായങ്ങള്‍.
തമിഴ്‌നാട്ടില്‍ ഇതുവരെ ഒരു മലയാള സിനിമക്കും ലഭിക്കാത്ത സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. രണ്ടാഴ്ച കൊണ്ട് തമിഴ്‌നാട്ടില്‍ നിന്നും 21കോടിയിലേറെ കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്. വിജയത്തിന് പിന്നാലെ മഞ്ഞുമ്മല്‍ ബോയ്‌സ് ടീം നടന്‍ കമല്‍ഹാസനെ കാണാനായി എത്തിയിരുന്നു.
കൂടാതെ ഉദയനിധി സ്റ്റാലിന്‍ , ധനുഷ് വിക്രം, സിദ്ധാര്‍ത്ഥ് എന്നിവരെയും ചിദംബരം ഉള്‍പ്പെടെയുള്ള അണിയറപ്രവര്‍ത്തകര്‍ കണ്ടിരുന്നു. ഇതിന്റ ഫോട്ടോകളെല്ലാം ചിദംബരം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. ധനുഷിനൊപ്പമുള്ള ചിദംബരത്തിന്റെ ചിത്രങ്ങള്‍ ഇതിനിടെ ചര്‍ച്ചയായിരുന്നു.
ഇരുവരും പുതിയ ഒരു ചിത്രത്തിന് വേണ്ടി ഒരുമിക്കുന്നുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ചിദംബരമായിരിക്കും ധനുഷിന്റെ കരിയറിലെ 54ാമത്തെ ചിത്രം സംവിധാനം ചെയ്യുകയെന്നായിരുന്നു വാര്‍ത്തകള്‍. ആ വാര്‍ത്തകളില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചിദംബരം ഇപ്പോള്‍.
പ്രചരിച്ച വാര്‍ത്തകള്‍ വാസ്തവമല്ല. മഞ്ഞുമ്മല്‍ ബോയ്‌സ് കണ്ട് ഇഷ്ടപ്പെട്ടാണ് ധനുഷ് തന്നെ നേരില്‍ കാണണമെന്ന ആഗ്രഹം പറഞ്ഞതെന്നും അങ്ങനെ താന്‍ കാണാന്‍ വേണ്ടി പോയതാണെന്നും താനെന്നും ഓര്‍ത്തിരിക്കുന്ന നിമിഷമാണ് അതെന്നും ചിദംബരം പറയുന്നു.