മോഹന്‍ലാല്‍ ,മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബാലു കിരിയത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണ് വീസ. ജലജ , ശ്രീനാഥ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. 1983ല്‍ ഇറങ്ങിയ ചിത്രത്തെക്കുറിച്ച് വര്‍ഷങ്ങള്‍ക്കിപ്പുറം സംസാരിക്കുകയാണ് സംവിധായകന്‍.
ചിത്രത്തില്‍ സണ്ണി എന്ന കഥാപാത്രത്തെയായിരുന്നു മോഹന്‍ലാല്‍ അവതരിപ്പിച്ചത്. ഈ കഥാപാത്രം മമ്മൂട്ടിക്ക് വേണ്ടി പറഞ്ഞുവെച്ചതായിരുന്നുവെന്ന് മാസ്റ്റര്‍ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബാലു പറഞ്ഞു. എന്നാല്‍ മോഹന്‍ലാലിന്റെ ആഗ്രഹപ്രകാരമാണ് ആ കഥാപാത്രത്തെ മമ്മൂട്ടി വിട്ടുനല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൊഴിലില്ലായ്മയുള്ള സമയത്ത് ഗള്‍ഫ് സ്വപ്‌നം കണ്ടവരുടെ കഥയാണ് വീസ പറയുന്നത്. ചിത്രത്തിന് വേണ്ടി ബോബെയില്‍ പോയി എന്നും അവിടെ ഗള്‍ഫിലേക്ക് പോകാന്‍ വിസ കാത്തിരുന്ന നൂറുകണക്കിനാളുകള്‍ ഉണ്ടായിരുന്നുവെന്നും അവരുടെ കഷ്ടപ്പാടുകള്‍ നേരിട്ടുകണ്ടുവെന്നും മുഴുവന്‍ സമ്പാദ്യവും വിസക്കായി ചെലവഴിച്ച് നാട്ടില്‍ പോകാന്‍ പണമില്ലാതെ കരിക്ക് കച്ചവടം ചെയ്യേണ്ടി വന്ന ഒരാളെ പരിചയപ്പെട്ടുവെന്നും അദ്ദേഹം പറയുന്നു.
അയാളെ ഏജന്റ് പറ്റിച്ചതായിരുന്നു. അദ്ദേഹത്തെ താന്‍ ഒരു പ്രധാനകഥാപാത്രമാക്കി. അദ്ദേഹത്തില്‍ നിന്നാണ് ചിത്രത്തിന്റെ സ്‌ക്രിപ്റ്റിന്റെ തുടക്കം, ജഗതി ശ്രീകുമാറിനെക്കൊണ്ട് ആ കഥാപാത്രം ചെയ്യിപ്പിക്കാമെന്ന് കരുതി. അങ്ങനെ ഓരോ കഥാപാത്രങ്ങളെയും കിട്ടി. ചിത്രത്തിന്റെ സക്രിപ്റ്റ് പൂര്‍ത്തിയായി.
മമ്മൂട്ടിയെയും മോഹന്‍ലാലിനെയും താന്‍ സ്‌ക്രിപ്റ്റ് വായിച്ച് കേള്‍പ്പിച്ചുവെന്നും കഥ കേട്ടപ്പോള്‍ ചിത്രത്തിലെ സണ്ണിക്കുട്ടി എന്ന കഥാപാത്രത്തെ താന്‍ ചെയ്യാമെന്ന് മോഹന്‍ലാല്‍ പറഞ്ഞുവെന്നും അവന്‍ ചെയ്‌തോട്ടെയെന്ന് മമ്മൂട്ടിയും സമ്മതിച്ചുവെന്നും അതൊരു ഹാസ്.യ കഥാപാത്രമായിരുന്നുവെന്നും സംവിധായകന്‍ പറയുന്നു.