മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും തിളക്കമുള്ള കഥാപാത്രമാണ് ന്യൂഡെല്‍ഹിയിലെ ജി കൃഷ്ണമൂര്‍ത്തി.
പരാജയങ്ങളുടെ വേലിയേറ്റങ്ങള്‍ക്കിടയില്‍ നിന്ന് മമ്മൂട്ടി എന്ന നടനെയും താരത്തെയും അമൂല്യമായ താരത്തിളക്കത്തിലേക്ക് ഉയര്‍ത്തിയ സിനിമ. ഡെന്നിസ് ജോസഫിന്റെ തിരക്കഥ സംവിധാനം ചെയ്തത് ജോഷി.
ന്യൂഡല്‍ഹിക്ക് ഒരു രണ്ടാം ഭാഗം ആലോചിച്ചിരുന്നു ജോഷി. അമേരിക്കയിലായിരുന്നു ചിത്രം ഷൂട്ട് ചെയ്യാന്‍ ആലോചിച്ചത്. ഇതിനായി ജോഷിയും ഡെന്നിസ് ജോസഫും അമേരിക്ക സന്ദര്‍ശിക്കുകപോലും ചെയ്തിരുന്നു.
‘സംഘം’ എന്ന സിനിമ മെഗാഹിറ്റായ സമയത്താണ് ന്യൂഡെല്‍ഹിയുടെ രണ്ടാം ഭാഗത്തിനായുള്ള ആലോചന നടത്തിയത്. നിര്‍മ്മാതാവ് കെആര്‍ജി ഈ സിനിമയുടെ തിരക്കഥയെഴുതാന്‍ ഡെന്നിസ് ജോസഫിന് അഡ്വാന്‍സും നല്‍കിയിരുന്നു.
എന്നാല്‍ ആ സമയത്താണ് ഡെന്നിസ് ജോസഫും ജോഷിയും തമ്മില്‍ ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്തത്.
നമ്പര്‍ 20 മദ്രാസ് മെയില്‍, നായര്‍സാബ് തുടങ്ങിയ ചിത്രങ്ങളുമായി ബന്ധപ്പെട്ടായിരുന്നു ഇരുവരും അകന്നത്. അതോടെ ന്യൂഡെല്‍ഹിക്ക് രണ്ടാം ഭാഗം എന്ന ആശയവും ഇരുവരും ഉപേക്ഷിക്കുകയായിരുന്നു.