ഏതൊരു സിനിമയും ജനപ്രിയമാകുന്നതില്‍ അതിലെ ഗാനങ്ങള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. എന്നാല്‍ ചില അവസരങ്ങളില്‍ മനോഹരങ്ങളായിട്ടു കൂടി ചില പാട്ടുകള്‍ സിനിമയില്‍ നിന്ന് ഒഴിവാക്കേണ്ടി വരാറുണ്ട്.
അത്തരത്തിലൊരു സന്ദര്‍ഭം തന്റെ പ്രണയവര്‍ണങ്ങള്‍ എന്ന ഹിറ്റ് ചിത്രത്തിനും ഉണ്ടായിട്ടുണ്ട് എന്ന് പറയുകയാണ് നിര്‍മ്മാതാവും നടനുമായ ദിനേശ് പണിക്കര്‍.
സുരേഷ് ഗോപി, മഞ്ജു വാര്യര്‍, ദിവ്യാ ഉണ്ണി, ബിജു മേനോന്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സിബി മലയില്‍ സംവിധാനം ചെയ്‌ത ചിത്രമായിരുന്നു പ്രണയവര്‍ണങ്ങള്‍. വിദ്യാസാഗര്‍ ഒരുക്കിയ അതിമനോഹരങ്ങളായ ഗാനങ്ങളായിരുന്നു ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.
എന്നാല്‍ പ്രേക്ഷകരുടെ അപ്രീതി കൊണ്ടു മാത്രം ചിത്രത്തില്‍ നിന്ന് ഒരു ഗാനം നീക്കേണ്ടി വന്നിട്ടുണ്ടെന്ന് ദിനേശ് പറയുന്നു. ‘ചിത്രത്തിലെ ഒരു സീനില്‍, സുരേഷ് ഗോപി തന്നെ പാടുന്നുണ്ട്. മഞ്ജു വാര്യര്‍ സ്വപ്‌നം കാണുന്ന സീനാണത്.
നെരൂദയുടെ ഒരു കവിതയാണ് സുരേഷ് ഗോപി പാടുന്നത്. കവിത പാടുമ്ബോള്‍ ജനം ഭയങ്കര കൂവലാണ്. കാരണം സുരേഷ് ഗോപിയുടെ ഇമേജ് എവിടെ കിടക്കുന്നു. സുരേഷ് ഗോപി ഇവിടെ വന്ന് കവിതകൂടി ചൊല്ലുമ്ബോഴേക്കും ജനത്തിനത് ഒട്ടും ഇഷ്‌ടപ്പെട്ടില്ല.
പക്ഷേ ഒന്നാലോചിച്ചപ്പോള്‍ അതൊരു നല്ല കവിതയാണെങ്കില്‍ കൂടിയും ജനത്തിന്റെ ഭാഗത്ത് ന്യായമുണ്ടെന്ന് എനിക്കു തോന്നി. കാരണം, സുരേഷ് ആദ്യമായി റെക്കാഡ് ചെയ്‌ത് പാടുന്ന പാട്ട് ഈ കവിതയാണ്.
പക്ഷേ തിയേറ്ററില്‍ അത് സ്വീകരിക്കപ്പെടുന്നില്ല എന്ന് കണ്ടതോടെ ആ ഭാഗം കട്ട് ചെയ്‌തു കളഞ്ഞു.
കട്ട് ചെയ്‌തു കളഞ്ഞപ്പോള്‍ ആ സിനിമയുടെ ഗതി തന്നെ മാറുകയായിരുന്നു. 125 ദിവസം ഓടുന്ന ലെവലിലേക്ക് ആ ചിത്രം എത്തി’ -ദിനേശ് പറയുന്നു.