മലയാളികളുടെ പ്രിയപ്പെട്ട നടനായ സുരേഷ് ഗോപിയെ നായകനാക്കി ഷാജുല്‍ കരിയാല്‍ സംവിധാനം ചെയ്ത ചിത്രമാണ് രജപുത്ര. 1996ല്‍ ആണ് ചിത്രം പുറത്തിറങ്ങിയത്. രഞ്ജിത്താണ് ചിത്രത്തിന്റെ കഥയെഴുതിയത്. മോഹന്‍ ലാലിനെ മനസ്സില്‍ കണ്ടുകൊണ്ടായിരുന്നു രഞ്ജിത്ത് സിനിമയുടെ കഥയെഴുതിയത്.
എന്നാല്‍ പിന്നീട് സുരേഷ് ഗോപി ചിത്രത്തിലെ നായകനാവുകയായിരുന്നു. ഈ കഥ പറയുകയാണ് ചിത്രത്തിന്റെ നിര്‍മാതാവായ ദിനേശ് പണിക്കര്‍. കളിവീട് എന്ന സിനിമ ചെയ്യുമ്പോഴായിരുന്നു സുരേഷ് ഗോപിയുടെ ഡേറ്റ് കിട്ടുന്നതെന്നും അദ്ദേഹത്തിന്റെ ചാന്‍സ് കിട്ടിയാല്‍ ആരെങ്കിലും വേണ്ടെന്ന് വെക്കുമോ അങ്ങനെ അദ്ദേഹത്തെ നായകനാക്കി സിനിമ ചെയ്യാന്‍ തീരുമാനിച്ചുവെന്ന് ദിനേശ് പറയുന്നു.
ഗേറ്റ് വേ ഓഫ് ഇന്ത്യ എന്ന് പേരിട്ട ചിത്രത്തിന്റെ കഥയായിരുന്നു സുരേഷ് ഗോപിക്ക് വേണ്ടി രഞ്ജിത്ത് എഴുതിയത്. ആ കഥ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. അതിനിടെ രഞ്ജിത്തിനോട് മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന എംപറര്‍ എന്ന ചിത്രത്തിന്റെ കഥ എഴുതാന്‍ പറഞ്ഞിരുന്നു. ഈ കഥ പൂര്‍ത്തിയാക്കിയിട്ട് പെട്ടെന്ന് വരാമെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ ആ കഥ പെട്ടെന്ന് പൂര്‍ത്തിയായില്ല. കൂടാതെ സുരേഷ് ഗോപിയോട് ചിത്രത്തിന്റെ ഷൂട്ട് തുടങ്ങാമെന്ന പറഞ്ഞ ഡേറ്റും അടുത്ത് വരികയായിരുന്നു. ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ കഥ എഴുതാന്‍ ലേറ്റ് ആവുമെന്നും അതിനാല്‍ എംപററിന്റെ കഥ കേള്‍പ്പിക്കാമെന്നും സുരേഷ് ഗോപിക്ക് വേണ്ടി കുറച്ച് മാറ്റങ്ങള്‍ മാത്രം വരുത്തിയാല്‍ മതിയെന്നും രഞ്ജിത്ത് പറഞ്ഞുവെന്ന് ദിനേശ് പറയുന്നു.
മോഹന്‍ലാലിസം മാറ്റിവെച്ച് സുരേഷ് ഗോപിസം ആക്കാമെന്നും എന്നിട്ട് ആ ചിത്രം ചെയ്യാമെന്നും രഞ്ജിത്ത് തന്നോട് പറഞ്ഞുവെന്ന് ദിനേശ് കൂട്ടിച്ചേര്‍ത്തു. കഥ കേട്ടപ്പോള്‍ തനിക്ക് ഒത്തിരി ഇഷ്ടമായെന്നും അങ്ങനെ മോഹന്‍ലാലിന് വേണ്ടി എഴുതിയ കഥയില്‍ സുരേഷ് ഗോപി നായകനായി മാറിയെന്നും ദിനേശ് പണിക്കര്‍ കൂട്ടിച്ചേര്‍ത്തു.