നടൻ മ്മൂട്ടിയുടെ അനുഗ്രഹത്തോടെ സിനിമാലോകത്ത് വീണ്ടും സജീവമായ താരമാണ് ദിലീപ്. അതുകൊണ്ടുതന്നെ നായകനായിരിക്കുന്ന സമയത്തും മമ്മൂട്ടിയുടെ സിനിമകളിൽ സഹതാരമായി അഭിനയിക്കാൻ മടിച്ചിരുന്നില്ല. പ്രത്യേകമായൊരു ആത്മബന്ധമാണ് ദിലീപിന് മമ്മൂട്ടിയോട്. വല്യേട്ടനായാണ് അദ്ദേഹത്തെ കാണുന്നതെന്ന് ദിലീപ് മുൻപും പറഞ്ഞിട്ടുണ്ട്.
സ്വകാര്യ ജീവിതത്തിലും ദിലീപിന് തണലാണ് മമ്മൂട്ടി. കാവ്യയെ വിവാഹം ചെയ്തപ്പോൾ സർപ്രൈസ് സമ്മാനം നൽകി മമ്മൂട്ടി ദിലീപിനെ ഞെട്ടിച്ചിരുന്നു. പല വിവാദങ്ങൾ ഉയർന്നപ്പോഴും മമ്മൂട്ടി ദിലീപിനെതിരെ പ്രതികരിച്ചിരുന്നില്ല. മൗനം പാലിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോഴിതാ 71ാം പിറന്നാളിന്റെ ആഘോഷത്തിലാണ് മമ്മൂട്ടി. മെഗാതാരത്തിന് ആശംസ അറിയിച്ച് ദിലീപും എത്തിയിരുന്നു. നാളുകൾക്ക് ശേഷമായാണ് ദിലീപ് ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പുതിയ പോസ്റ്റുമായെത്തിയത്. മലയാള സിനിമയുടെ വല്യേട്ടന് ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ എന്നായിരുന്നു ദിലീപിന്റെ കുറിപ്പ്.
ചിരിച്ച് നിൽക്കുന്ന മമ്മൂട്ടിയുടെ ഫോട്ടോയും കുറിപ്പിനൊപ്പമുണ്ടായിരുന്നു. താരങ്ങളും ആരാധകരുമെല്ലാം മമ്മൂട്ടിക്ക് ആശംസ അറിയിച്ചെത്തിയിരുന്നു. മമ്മൂട്ടി നായകനായ സൈന്യമെന്ന ചിത്രത്തിനിടയിലായിരുന്നു ദിലീപ് മമ്മൂട്ടിയെ അടുത്തറിഞ്ഞത്. ദിലീപിന്റെ ആദ്യകാല ചിത്രങ്ങളിലൊന്നായിരുന്നു ഇത്.
അഭിനയമോഹവുമായാണ് സിനിമയിലെത്തിയതെങ്കിലും ആദ്യം ക്യാമറയ്ക്ക് പിന്നിലായിരുന്നു ദിലീപ് പ്രവർത്തിച്ചിരുന്നത്. അതിനിടയിലാണ് ദിലീപ് മിമിക്രിയൊക്കെ കാണിച്ച് തുടങ്ങിയത്. ഇതായിരുന്നു താരങ്ങളെ അടുപ്പിച്ചത്. ദിലീപിന്റെ പ്രകടനങ്ങളെല്ലാം മമ്മൂട്ടി ആസ്വദിക്കുന്നുണ്ടായിരുന്നു. അന്ന് തുടങ്ങിയ ബന്ധം പിന്നീടങ്ങോട്ട് നിലനിർത്തുകയായിരുന്നു ഇരുവരും. രാക്ഷസരാജാവിലും കമ്മത്ത് ആൻഡ് കമ്മത്തിലും ഇരുവരും ഒന്നിച്ച് അഭിനയിക്കുകയും ചെയ്തിരുന്നു.