ജനപ്രിയ നായകന്‍ ദിലീപ് നായകനായി എത്തിയ കോടതി സമക്ഷം ബാലന്‍ വക്കീല്‍ തീയ്യറ്ററികളിലെത്തി. മലയാളത്തിന് ഏറെ സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള സംവിധായകനായ ബി ഉണ്ണികൃഷ്ണന്‍ ആണ് ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത്. നിര്‍മ്മാണം പ്രശസ്ത ബോളിവുഡ് സിനിമ നിര്‍മ്മാണ കമ്പനിയായ വയാകോം മോഷന്‍ പിക്‌ചേഴ്‌സ് ആണ്.
മമത മോഹന്‍ദാസ് നായികാ വേഷത്തില്‍ എത്തിയിരിക്കുന്ന ഈ ചിത്രത്തില്‍ പ്രിയ ആനന്ദും ഒരു നിര്‍ണ്ണായക സ്ത്രീ കഥാപാത്രത്തിന് ജീവന്‍ നല്‍കിയിരിക്കുന്നു. ഇതിന്റെ ടീസര്‍, ട്രൈലെര്‍, അടുത്തിടെ റിലീസ് ചെയ്ത വീഡിയോ സോങ്ങുകള്‍ എന്നിവ വലിയ പ്രതീക്ഷയാണ് പ്രേക്ഷകരുടെ ഇടയില്‍ സൃഷ്ടിച്ചത്.
ബാലകൃഷ്ണന്‍ എന്ന പേരുള്ള ഒരു കേസില്ലാ വക്കീലിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. മാത്രമല്ല ബാലന്‍ വക്കീല്‍ ഒരു വിക്കനുമാണ് എന്നത് അദ്ദേഹത്തിന്റെ കരിയര്‍ കൂടുതല്‍ മോശമാക്കി. പക്ഷെ ബാലന്‍ വക്കീലിനെ തേടി ഒരു കേസ് എത്തും എന്ന് മാത്രമല്ല അത് ബാലന്‍ വക്കീലിന്റെ ജീവിതം അടിമുടി മാറ്റിമറിക്കുകയും ചെയ്യുന്നു. ആ കഥയാണ് ഈ ചിത്രം നമ്മുടെ മുന്നില്‍ അവതരിപ്പിക്കുന്നത്.
പ്രേക്ഷകരുടെ പ്രതീക്ഷകള്‍ നിറവേറ്റുന്ന ഒരടിപൊളി എന്റെര്‍റ്റൈനെര്‍ തന്നെയാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന് നമ്മുക്ക് നിസംശയം പറയാന്‍ സാധിക്കും ബാലന്‍ വക്കീലിന്റെ രസകരവും ആവേശം നിറഞ്ഞതുമായ കഥയാണ് ബി ഉണികൃഷ്ണന്‍ ഈ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്.
പ്രേക്ഷകരെ ഒരേ സമയം ചിരിപ്പിച്ചും ആവേശം കൊള്ളിച്ചുമാണ് ഈ ചിത്രം മുന്നോട്ടു നീങ്ങുന്നത്. ബി ഉണ്ണികൃഷ്ണന്‍ തന്നെയൊരുക്കിയ തിരക്കഥ ആണ് ഈ ചിത്രത്തിന്റെ നട്ടെല്ല്. സിറ്റുവേഷന്‍ കോമേഡിയോടൊപ്പം രസകരമായ സംഭാഷണങ്ങളും ആവേശകരമായ മുഹൂര്‍ത്തങ്ങളും ആക്ഷനും ത്രില്ലും കോര്‍ത്തിണക്കിയ തിരക്കഥക്കു ബി ഉണ്ണികൃഷ്ണന്‍ എന്ന സംവിധായക പ്രതിഭ ഒരുക്കിയ കിടിലന്‍ ദൃശ്യ ഭാഷയും കൂടി ചേര്‍ന്നപ്പോള്‍ കോടതി സമക്ഷം ബാലന്‍ വക്കീല്‍ ഒരു ത്രില്ലിംഗ് എന്റെര്‍റ്റൈനെര്‍ ആയി മാറി .
വിശ്വസനീയമായ കഥാ സന്ദര്‍ഭങ്ങള്‍ ചിത്രത്തിന് ഗുണം ചെയ്തപ്പോള്‍ കഥാപാത്രങ്ങളെ ഉപയോഗിച്ച രീതിയും ചിത്രത്തിന്റെ മികവ് വര്‍ധിപ്പിച്ചിട്ടുണ്ട് എന്ന് പറഞ്ഞെ പറ്റു . ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തിലൂടെ ദിലീപ് എത്തുന്നു എന്ന് കേള്‍ക്കുമ്പോള്‍ പ്രേക്ഷകര്‍ എന്തൊക്കെ പ്രതീക്ഷിക്കുന്നുവോ അതെല്ലാം നല്കാന്‍ ഈ ചിത്രത്തിന് സാധിച്ചിട്ടുണ്ട് എന്നത് തന്നെയാണ് ഇതിന്റെ വിജയം.
ദിലീപ് ഒരിക്കല്‍ കൂടി മിന്നുന്ന പ്രകടനമാണ് കാഴ്ച വെച്ചത്. വിക്കനായ നാട്ടിന്പുറത്തുകാരനായ ബാലകൃഷ്ണന്‍ എന്ന വക്കീലിനെ ശരീര ഭാഷ കൊണ്ടും സംഭാഷണ ശൈലി കൊണ്ടും ഗംഭീരമായാണ് അദ്ദേഹം അവതരിപ്പിച്ചത്.
വളരെ അനായാസമായി തന്നെ ബാലന്‍ എന്ന വക്കീല്‍ ആയി ദിലീപ് മാറി . നായികാ വേഷത്തില്‍ എത്തിയ മമത മോഹന്‍ദാസ് മികച്ച പ്രകടനം നല്‍കിയപ്പോള്‍ കയ്യടി നേടിയത് ബാലന്‍ വക്കീലിന്റെ അച്ഛന്‍ കഥാപാത്രം ആയി എത്തിയ സിദ്ദിഖ് ആണ്. പ്രിയ ആനന്ദും ശ്രദ്ധ നേടുന്ന പെര്‍ഫോമന്‍സ് തന്നെയാണ് കാഴ്ച വെച്ചത്.
അജു വര്‍ഗീസ് , സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ ഒരിക്കല്‍ കൂടി പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ചു കൊണ്ട് ദിലീപിനൊപ്പം തകര്‍ത്താടിയപ്പോള്‍ മറ്റു കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ രഞ്ജി പണിക്കര്‍, ഗണേഷ് കുമാര്‍, ബിന്ദു പണിക്കര്‍, ഭീമന്‍ രഘു, സൈജു കുറുപ്പ് എന്നിവരും തങ്ങള്‍ക്കു ലഭിച്ച കഥാപാത്രങ്ങളെ ഏറ്റവും മികച്ചതാക്കി മാറ്റി.
അഖില്‍ ജോര്‍ജിന്റെ ദൃശ്യങ്ങളും രാഹുല്‍ രാജ്, ഗോപി സുന്ദര്‍ എന്നിവര്‍ ചേര്‍ന്ന് ഒരുക്കിയ സംഗീതവും ചിത്രത്തിന് നല്‍കിയ മികവ് വളരെ വലുതാണ് . ദൃശ്യങ്ങളും സംഗീതവും കഥയുടെ അന്തരീക്ഷത്തെ പ്രേക്ഷകരുടെ മനസ്സിലേക്ക് പകര്‍ന്നു നല്‍കുന്നതില്‍ ഒരുപാട് സഹായിച്ചു എന്നുറപ്പിച്ചു തന്നെ പറയാന്‍ സാധിക്കും.
ഗോപി സുന്ദര്‍ ഒരുക്കിയ പശ്ചാത്തല സംഗീതം ഗംഭീരമായിരുന്നു. ഷമീര്‍ മുഹമ്മദിന്റെ എഡിറ്റിംഗ് മികച്ചു നിന്നതിനാല്‍ ചിത്രം സാങ്കേതികമായി നിലവാരം പുലര്‍ത്തിയിട്ടുണ്ട് . എഡിറ്റിംഗ് മികവ് പകര്‍ന്നു നല്‍കിയ മികച്ച വേഗതയും ചിത്രത്തിന് മുതല്കൂട്ടായിട്ടുണ്ട്.
ചുരുക്കി പറഞ്ഞാല്‍ എല്ലാ രീതിയിലും പ്രേക്ഷകന് കൊടുത്ത കാശ് മുതലാവുന്ന ഒരടിപൊളി ത്രില്ലിംഗ് ഫാമിലി എന്റെര്‍റ്റൈനെര്‍ ആണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന് പറയാം . ചിരിയും ആവേശവും ആക്ഷനും എല്ലാം കോര്‍ത്തിണക്കി ബി ഉണ്ണികൃഷ്ണന്‍- ദിലീപ് ടീം ഒരുക്കിയ ഒരു പക്കാ വിനോദ ചിത്രമെന്നും നമ്മുക്ക് ഈ സിനിമയെ വിശേഷിപ്പിക്കാം.