വഴിയെ പോകുന്ന ആർക്കും ദിലീപിനെതിരെ കേസ് കൊടുക്കാമെന്ന അവസ്ഥയാണ് ഇപ്പോഴെന്ന് നിർമ്മാതാവ് സുരേഷ് കുമാർ. ദിലീപിന്റെ ഐ ഫോൺ സർവീസ് ചെയ്ത സ്ഥാപനത്തിലെ സാങ്കേതിക വിദഗ്ദൻ വാഹനാപകടത്തിൽ മരിച്ചതിൽ അസ്വാഭാവികതയുണ്ടെന്ന ആരോപണത്തിലാണ് നിർമ്മാതാവ് പ്രതികരിച്ചത്.
നാളെ ദിലീപിന്റെ കാർ നന്നാക്കിയ വർക്ഷോപ്പിലെ ഒരാൾക്ക് എന്തെങ്കിലും സംഭവിച്ചാൽ അതും ദിലീപിന്റെ പേരിലാകുമോ? ഇതെന്തൊരു കഷ്ടമാണ്. ഒരാളെ തേജോവധം ചെയ്യുന്നതിന് ഒരു പരിധിയില്ലേ? എന്ന് സുരേഷ് കുമാർ ചോദിക്കുന്നു. മനോരമ ഓൺലൈനോടാണ് സുരേഷ് കുമാർ ഇത്തരത്തിൽ പ്രതികരിച്ചത്.
ALSO READ
ഒരു കേസ് തീരാറായ സമയത്ത് ബാലചന്ദ്രകുമാർ എന്നൊരാൾ പ്രത്യക്ഷപ്പെടുന്നു. വായിൽ തോന്നുന്നതൊക്കെ വിളിച്ചു പറയുന്നത് രേഖപ്പെടുത്തി അതൊരു കേസായി വരുന്നു. പൊലീസ് വളഞ്ഞിട്ട് ആക്രമിക്കുന്നതു പോലെയാണ് തോന്നിയത്. ഒരാളെ നശിപ്പിക്കുക എന്നതിൽ കവിഞ്ഞ് വേറൊന്നും ഇതിൽ കാണാൻ കഴിയില്ല.
എന്നിട്ട് ഇൻഡസ്ട്രി മുഴുവൻ മിണ്ടാതിരിക്കുകയാണ്. ദിലീപിന്റെ സംഘടനയിലെ ആളുകൾ പോലും സംസാരിക്കുന്നില്ല. അവർക്കൊക്കെ ആരെയോ ഭയമാണ്. ഒരാളെയും അയാളുടെ അമ്മ ഒഴിച്ച് ബാക്കി കുടുംബത്തെ മുഴുവനെയും തേജോവധം ചെയ്യുന്ന രീതിയിലല്ലേ കാര്യങ്ങൾ നടക്കുന്നത്. ആ അമ്മയ്ക്കെതിരെയും ആരോപണങ്ങൾ ഉയർത്താമായിരുന്നല്ലോ?
ALSO READ
വഴിയെ പോകുന്ന ആർക്കും ദിലീപിനെതിരെ കേസ് കൊടുക്കാമെന്ന അവസ്ഥയായി. എന്തെല്ലാം കാര്യങ്ങളാണ് ഇപ്പോൾ പുതുതായി അടിച്ചേൽപ്പിക്കപ്പെടുന്നത്. മനഃപൂർവം ഒരാളെ ഫിനിഷ് ചെയ്യുക എന്നതല്ലാതെ മറ്റൊന്നും ഇതിൽ കാണാൻ കഴിയുന്നില്ല. കോടതിയിൽ ഒരു കേസ് തീരാറായ സമയത്താണ് പുതിയ കാര്യങ്ങൾ എടുത്തുകൊണ്ടു വരുന്നത്.
ഒരു സിനിമയിൽ വർക്ക് ചെയ്യാൻ വന്നിട്ട്, അതു നടക്കാതെ പോയതിന്റെ വൈരാഗ്യം വച്ചിട്ടല്ലേ ഇപ്പോൾ ഈ കാര്യങ്ങൾ ചെയ്യുന്നത്? ദിലീപിനെ ക്രിമിനൽ ആയി മുദ്രകുത്തണമെന്ന ലക്ഷ്യം വച്ചുകൊണ്ടാണ് ചില ആളുകൾ ഇങ്ങനെ ചെയ്യുന്നത്. ആരാണ് ഇതിന്റെ പിന്നിലെന്നാണ് അന്വേഷിക്കേണ്ടത് എന്നാണ് സുരേഷ് കുമാർ പറയുന്നത്.