മലയാളത്തിലെ ഒട്ടുമിക്ക മുന്‍ നിരനായകന്മാര്‍ക്കൊപ്പവും മഞ്ജു വാര്യര്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍, മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം നായികയായി സ്ക്രീനിലെത്താന്‍ മഞ്ജുവിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ബാക്കിയായ ആഗ്രഹങ്ങളില്‍ ഒന്നാണ് മമ്മൂക്കയുടെ നായികയായി എത്തുക എന്നതെന്ന് മഞ്ജു തന്നെ മിക്ക അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്.
ഇപ്പോഴിതാ, മമ്മൂട്ടിയുടെ നായികയായി അഭിനയിക്കാന്‍ മഞ്ജുവിന് അവസരം ലഭിച്ചിരുന്നെന്നും ദിലീപ് കാരണമാണ് നടക്കാതെ പോയതെന്നും സംവിധായകന്‍ ലാല്‍ ജോസ് വ്യക്തമാക്കുന്നു. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തെ ഉദ്ധരിച്ച് കേരളകൗമുദിയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ലാല്‍ ജോസ് സംവിധാനം ചെയ്ത ആദ്യം ചിത്രമായിരുന്നു ഒരു മറവത്തൂര്‍ കനവ്. മമ്മൂട്ടി നായകനായി എത്തിയ ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി ആദ്യം ലാല്‍ ജോസ് പരിഗണിച്ചത് മഞ്ജുവിനെയായിരുന്നു. എന്നാല്‍ അന്ന് അത് മുടങ്ങി പോകുകയായിരുന്നു. മഞ്ജുവിന് പകരമാണ് ദിവ്യ ഉണ്ണി എത്തിയത്.
ദിലീപ് കാരണമായിരുന്നു മഞ്ജുവിന് ആ ചിത്രത്തില്‍ എത്താന്‍ സാധിക്കാതിരുന്നതത്രേ. ചിത്രത്തില്‍ മഞ്ജുവിനെ നായികയാക്കാമെന്ന് ലാല്‍ ജോസ് തീരുമാനിച്ചു. കമലിന്റെ ചിത്രമായ കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലായിരുന്നു മഞ്ജു.
കൃഷ്ണഗുഡിയിലെ ഒരു പ്രണയകാലത്ത് സിനിമ ഷൂട്ടിങ് സമയത്തായിരുന്നു ദിലീപ് മഞ്ജു പ്രണയം സിനിമ ലോകത്ത് ചര്‍ച്ചയായി വരുന്നത്. എന്നാല്‍ മഞ്ജുവിന്റെ അച്ഛന്‍ ദിലീപ് അഭിനയിക്കുന്ന ഒരു സിനിമയിലും മഞ്ജുവിനെ വിടില്ല എന്നുള്ള ശക്തമായ നിലപാട് എടുത്തിരുന്നു.
ഈ സമയത്ത് കൃഷ്ണഗുഡിയുടെ സൈറ്റില്‍ ദിലീപ് എത്തുന്നത്. കമല്‍ സാറിന്റെ ചിത്രമായതു കൊണ്ട് ദിലീപിന് ആ സെറ്റില്‍ വരാന്‍ പൂര്‍ണ്ണ സ്വാന്ത്ര്യമുണ്ടായിരുന്നു. അവിടെ ദിലീപിനെ ആരും തടയില്ല. സെറ്റിലെത്തി ദിലീപ് മഞ്ജുവിനെ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇത് അറിഞ്ഞ മഞ്ജുവിന്റെ അച്ഛന്‍ പ്രശ്നമാണ്ടാക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ചില പ്രശ്നങ്ങളും നടന്നിരുന്നു. അങ്ങനെയാണ് ഒരു മറവത്തൂര്‍ കനവില്‍ മമ്മൂക്കയുടെ നായികാസ്ഥാനത്ത് നിന്ന് മഞ്ജുവിന് ഒഴിവാക്കിയതെന്ന് ലാല്‍ ജോസ് പറയുന്നു.