കൊച്ചി: മലയാളയായ തെന്നിന്ത്യന്‍ യുവനടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിന്റെ പേരില്‍ മലയാള സിനിമയിലെ താരസംഘടനയായ അമ്മയും വിമതരായ നടിമാരും തമ്മില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഏറ്റുമുട്ടലിലേക്ക്.
പീഡനക്കേസില്‍ പ്രതിയായ നടനെതിരെ സംഘടന നടപടിയെടുക്കാത്തതില്‍ നേരത്തെ മുതല്‍ക്കേ തന്നെ നടിമാര്‍ പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്. വലിയ കോലാഹലം ഉയര്‍ന്നപ്പോള്‍ അനുനയത്തിന് തയ്യാറായ അമ്മ നേതൃത്വം ഇപ്പോള്‍ കോലാഹലങ്ങള്‍ അടങ്ങിയപ്പോള്‍ പറഞ്ഞതെല്ലാം മറന്ന മട്ടാണ്. എന്നാല്‍ അതനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് പാര്‍വ്വതിയും രേവതിയും പത്മപ്രിയയും.
കൊച്ചിയില്‍ ഇന്ന് വൈകിട്ട് ചേരുന്ന അമ്മ എക്സിക്യൂട്ടീവ് യോഗം ദിലീപ് വിഷയത്തില്‍ കലങ്ങിമറിയും എന്നാണ് സൂചനകള്‍. ദിലീപ് വിഷയത്തില്‍ തുടര്‍നടപടി ആവശ്യപ്പെട്ട് നടിമാരായ രേവതി, പാര്‍വ്വതി, പത്മപ്രിയ എന്നിവര്‍ നല്‍കിയ കത്ത് യോഗം ചര്‍ച്ച ചെയ്തേക്കും. മാത്രമല്ല കേരള പുനര്‍നിര്‍മ്മാണത്തിനുള്ള ധനസമാഹരണത്തിന് വേണ്ടി നടത്തുന്ന സ്റ്റേജ് ഷോയും യോഗ്തതില്‍ ചര്‍ച്ചയാവും.
നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും ഇതുവരെ വിചാരണ തുടങ്ങാന്‍ കോടതിക്ക് സാധിച്ചിട്ടില്ല. ജാമ്യത്തിലിറങ്ങിയ ദിലീപ് പ്രൊഫസര്‍ ഡിങ്കന്‍ അടക്കമുള്ള പുതിയ ചിത്രങ്ങളുടെ തിരക്കിലാണ്. ദിലീപിന് എതിരായ താരസംഘടനയുടെ നടപടിക്കാര്യത്തില്‍ ഇതുവരെ ഒരു വ്യക്തത കൈവന്നിട്ടില്ല. നടിമാര്‍ക്ക് കൊടുത്ത ഉറപ്പുകളെല്ലാം അമ്മ മറന്നു.
നടിയുടെ കേസില്‍ അറസ്റ്റിലാകുമ്പോ ദീലീപ് അമ്മയില്‍ എതിരാളി ഇല്ലാത്ത ആളായിരുന്നു. അമ്മയുടെ ട്രഷറര്‍ എന്ന നിലയ്ക്ക് അതിശക്തന്‍. കേസില്‍ ആരോപണ വിധേയനായിട്ടും ദിലീപിനെ തൊടാന്‍ അമ്മ ഭയന്നു. എന്നാല്‍ അറസ്റ്റ് നടന്നതോടെ മുഖം രക്ഷിക്കാന്‍ ദിലീപിനെ താല്‍ക്കാലികമായി സംഘടനയില്‍ നിന്നും പുറത്താക്കുന്നു എന്ന് പ്രഖ്യാപിക്കേ്ണ്ടി വന്നു.
സംഘടനയുടെ ബൈലോ പ്രകാരമുള്ള നടപടികളൊന്നും ഇല്ലാതെയായിരുന്നു പുറത്താക്കല്‍. അതിനെതിരെ അമ്മയിലെ ദിലീപ് പക്ഷക്കാര്‍ വാളെടുത്തു. പിന്നീട് ചേര്‍ന്ന എക്സിക്യൂട്ടീവ് യോഗത്തില്‍ ദിലീപിനെ തിരിച്ചെടുക്കുകയും ചെയ്തു.
തുടര്‍ന്നാണ് ആക്രമിക്കപ്പെട്ട നടിയും റിമ കല്ലിങ്കലും രമ്യ നമ്പീശനും സംഘടന വിട്ടത്. രേവതിയും പാര്‍വ്വതിയും പത്മപ്രിയയും അമ്മയ്ക്കകത്ത് നിന്ന് പൊരുതാനുറച്ചു. ദിലീപിനെ തിരിച്ചെടുത്ത നടപടി പുനപരിശോധന നടത്തണം എന്നാവശ്യപ്പെട്ട് അമ്മയ്ക്ക് കത്ത് നല്‍കി. നാളുകളോളം മറുപടി പോലും നടിമാര്‍ക്ക് കിട്ടിയില്ല.
അമ്മ രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങുകയും പ്രസിഡണ്ട് മോഹന്‍ലാലിന്റെ പത്രസമ്മേളനം പരിഹസിക്കപ്പെടുകയും കൂടി ചെയ്തപ്പോള്‍ അമ്മ കത്ത് പരിഗണിക്കുകയും നടിമാരെ ചര്‍ച്ചയ്ക്ക് വിളിക്കുകയും ചെയ്തു. ഓഗസ്റ്റ് 7ാം തിയ്യതി നടന്ന ചര്‍ച്ച ആരോഗ്യപരമായിരുന്നുവെന്നും ഉന്നയിച്ച വിഷയങ്ങള്‍ അമ്മ പരിഗണിക്കുമെന്ന് ഉറപ്പ് തന്നിട്ടുണ്ടെന്നും നടിമാര്‍ വ്യക്തമാക്കി.
നിയമവിദഗ്ധരുമായി ആലോചിച്ച് മറുപടി നല്‍കാമെന്നും ഒരുമിച്ച് പത്രസമ്മേളനം വിളിക്കാമെന്ന് പറഞ്ഞതുമെല്ലാം അമ്മ മറന്നു. ഇതോടെ നടിമാര്‍ ഇക്കാര്യം ഓര്‍മ്മപ്പെടുത്തി വീണ്ടും കത്ത് നല്‍കി. എന്നാല്‍ ഇതിനും അമ്മ ഇതുവരെ മറുപടിയൊന്നും നല്‍കിയിട്ടില്ല. അമ്മയിലെ വലിയൊരു വിഭാഗം ദിലീപിനെ അനുകൂലിക്കുന്നു എന്നാതാണ് സംഘടനയെ പിന്നോട്ട് വലിക്കുന്ന പ്രധാന ഘടനം.
ദിലീപിനെതിരെ നടിമാരുടെ ആവശ്യപ്രകാരം നടപടിയെടുത്താല്‍ സംഘടനയില്‍ പൊട്ടിത്തെറി വരെ ഉണ്ടാകുമെന്ന് നേതൃത്വം കരുതുന്നു. ഒരിടവേളയ്ക്ക് ശേഷം പ്രസിഡണ്ട് മോഹന്‍ലാലിന് വീണ്ടും തലവേദനയാവുകയാണ് ദിലീപ് വിഷയം. ദിലീപ് വിഷയം ജനറല്‍ ബോഡിയില്‍ ഉയര്‍ത്തി അച്ചടക്ക നടപടി വേണ്ട എന്ന തീരുമാനത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കുകയാവും അമ്മ ചെയ്യുക.