സിനിമയിലൂടെ മാത്രമല്ല അഭിമുഖങ്ങളിലുടെയും പ്രേക്ഷകരെ ചിരിപ്പിക്കുന്ന ഒരു നടനുണ്ടെങ്കിൽ അത് സാക്ഷാൽ ശ്രീനിവാസന്റെ മകൻ ധ്യാൻ ശ്രീനിവാസായിരിക്കും. അടി കപ്യാരെ കൂട്ടമണി എന്ന സിനിമയിലൂടെ പ്രേക്ഷക മനസ്സിൽ ചേക്കേറാൻ താരത്തിന് സാധിച്ചു. ഇപ്പോഴിതാ താൻ അച്ഛനെ പറ്റിച്ച കഥയുമായി വന്നിരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. മൈൽസ്റ്റോൺ മേക്കേഴ്‌സിന് നല്കിയ അഭിമുഖത്തിലാണ് ധ്യാനിന്റെ തുറന്ന പറച്ചിൽ.
ധ്യാനിന്റെ വാക്കുകൾ ഇങ്ങനെ; ചേട്ടന് സ്വന്തമായി ഫ്‌ലാറ്റ് ഉള്ള സമയമാണ് അത്. ഞാനാ സമയത്ത് ചെന്നൈയിൽ വെറുതെ ഇരിക്കുകയാണ്. ശനി, ഞായർ ദിവസങ്ങളിലാണ് ഞാൻ ചേട്ടന്റെ അടുത്തേക്ക് വരുന്നത്. ചേട്ടൻ അന്ന് ഒരു ഷോയ്ക്ക് വേണ്ടി പോയതായിരുന്നു. അച്ഛൻ നാട്ടിൽ നിന്നും എന്തോ കാര്യത്തിന് വന്നിരുന്നു. എന്നെ വിളിച്ചിട്ട് കാണാമെന്ന് പറഞ്ഞു. വൈകുന്നേരം തിരിച്ചു പോകുമെന്നും പറഞ്ഞു. രാവിലെ ഒമ്പതരക്കാണ് അച്ഛന്റെ വിളി വന്നത്.
ഞാൻ ആണെങ്കിലോ തലേദിവസം വീട്ടിലൊരു ഹൗസ് പാർട്ടി നടത്തിയതിന്റെ ഹാങ് ഓവറിൽ ആയിരുന്നു. വീട്ടിൽ മൂന്ന് പെൺപിള്ളേർ സോഫയിൽ കിടപ്പുണ്ട്. എന്റെ റൂമിൽ രണ്ട് ചെക്കന്മാർ ഉണ്ട്. അച്ഛൻ വിളിച്ചപ്പോൾ ഞാൻ കുപ്പികൾക്ക് ഇടയിലൂടെ ഫോൺ എടുത്തു. ഞാൻ ചെന്നൈയിലുണ്ടെന്ന് അച്ഛൻ പറഞ്ഞു. ഞാൻ ഞെട്ടിയെഴുന്നേറ്റു. എന്നെയൊന്ന് കാണണം നീ എവിടെയാണെന്ന് ചോദിച്ചു. ഫ്ളാറ്റിലുണ്ടെന്ന് പറഞ്ഞു. എന്നാൽ ഞാൻ അങ്ങ് വരാമെന്ന് അച്ഛൻ പറഞ്ഞു. വേണ്ട ഞാൻ അങ്ങോട്ട് വരാം അച്ഛനുള്ള ഹോട്ടലിന്റെ പേരും റൂം നമ്പറും പറഞ്ഞാൽ മതിയെന്ന് പറഞ്ഞു. അച്ഛൻ ഓക്കെ പറഞ്ഞു.
ഞാൻ കുളിച്ച് റെഡിയാകാൻ പോയി. തലേ ദിവസത്തെ ഹാങ് ഓവർ മാറാൻ ഒരെണ്ണം കൂടി അടിച്ചു. അപ്പോൾ ഒരു ബെൽ അടി. ഒമ്പതര മണിയ്ക്ക് ഒരുങ്ങാൻ തുടങ്ങിയതാണ് പത്തരയായി. പത്ത് മിനുറ്റിൽ എത്താമെന്ന് പറഞ്ഞതാണ് അച്ഛനോട്. ഫോൺ നോക്കുമ്പോൾ അച്ഛന്റെ പത്തോ പതിനഞ്ചോ മിസ് കോൾ. ഫോൺ സൈലന്റായിരുന്നു. ധ്യാൻ ഞാൻ അങ്ങോട്ട് വരികയാണെന്ന് മെസേജുണ്ടായിരുന്നു. ഇതെല്ലാം കണ്ട്, അച്ഛനെല്ലാം അറിഞ്ഞാൽ പിന്നെ പറയണ്ട, ഒരു കൊലപാതകം നടക്കും.
അച്ഛനിൽ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടണം. ഞാൻ നേരെ പോയി റൂമിന്റെ ബാൽക്കണിയും വാതിലുകളുമൊക്കെ അടച്ചു. മുറിയിലെ കബോഡിന്റെ അകത്തു കയറി. പുറത്തെ ബെല്ലടി നിന്നതും ഞാൻ അച്ഛനെ വിളിച്ചു. അച്ഛൻ ഏത് റൂമിലാണ് ഞാൻ ഇവിടെ ഹോട്ടലിന്റെ പുറത്തുണ്ടെന്ന് പറഞ്ഞു. ഞാൻ ഇവിടെ ഫ്ളാറ്റിൽ വന്ന് നിക്കുവാണെന്ന് എത്ര തവണ വിളിച്ചെന്നൊക്കെ അച്ഛൻ ദേഷ്യപ്പെട്ടു. ഞാൻ ബൈക്കിലായിരുന്നു വന്നതെന്ന് പറഞ്ഞു. നിന്റെ ബൈക്ക് താഴെയുണ്ടല്ലോ എന്ന് അച്ഛൻ. എന്റെ ബൈക്ക് സ്റ്റാർട്ട് ആകാത്തതിനാൽ കൂട്ടുകാരന്റെ ബൈക്കിലാണ് വന്നതെന്ന് പറഞ്ഞു. അച്ഛൻ ഓക്കെ പറഞ്ഞു.
അച്ഛൻ ലിഫ്റ്റ് ഇറങ്ങി പോകുന്നത് ഞാൻ കണ്ടു. പക്ഷെ എനിക്ക് ഒരു സമാധനമല്ല. പുള്ളി അൾട്രാ ലജന്റ് ആണല്ലോ. താഴെ എന്നെ കാത്ത് നിൽക്കുകയാണെങ്കിലോ. അത്യാവശ്യം ബോധമുണ്ടായിരുന്ന കൂട്ടുകാരിയെ വിളിച്ച് എഴുന്നേൽപ്പിച്ചു. ഫോൺ കൊടുത്തു. താഴെ ഒരു കുള്ളനുണ്ട് അവർ അവിടെ നിൽക്കുന്നുണ്ടോ പോയി നോക്കാൻ പറഞ്ഞു. ആരാ അത് ചോദിച്ചപ്പോൾ അച്ഛൻ ആണെന്ന് പറഞ്ഞു. അവർക്ക് അച്ഛനെ കണ്ടു പരിചയമില്ല. അവൾ താഴെ പോയി നോക്കുമ്പോൾ അച്ഛൻ സെക്യൂരിറ്റിയുമായി സംസാരിച്ച് നിൽക്കുകയാണ്. ഞാനപ്പോഴേക്കും മറ്റൊരു കൂട്ടുക്കാരന്റെ ബൈക്ക് സംഘടിപ്പിച്ചു.
അച്ഛൻ അപ്പോഴും എന്നെ കുറിച്ച് സെക്യൂരിറ്റിയോട് അന്വേഷിക്കുകയാണ്. ഞാനച്ഛനെ വീണ്ടും വിളിച്ചു. ഞാൻ ഹോട്ടലിന് മുന്നിൽ കാത്ത് നില്ക്കുകയാണെന്ന് പറഞ്ഞു. അച്ഛൻ കാറിൽ കയറിയതും ഞാൻ ചെന്നൈ സിറ്റിയിലൂടെ കൂട്ടുക്കാരന്റെ ബൈക്കുമെടുത്ത് അച്ഛൻ താമസിക്കുന്ന ഹോട്ടൽ ലക്ഷ്യമാക്കി നീങ്ങി. അച്ഛൻ എത്തുന്നതിന് മുന്നേ ഞാൻ അവിടെ എത്തി അച്ഛനെ വെയിറ്റ് ചെയ്യാൻ തുടങ്ങി. വന്നതും അച്ഛനെന്നെ അടിമുടി നോക്കി. ചെന്നൈയിൽ ഭയങ്കര ട്രാഫിക്ക് ആണെന്നും പറഞ്ഞ് ഞാൻ തടിയൂരി എന്നാണ് ധ്യാൻ പറഞ്ഞത്.