ധ്യാൻ ശ്രീനിവാസന്റെ സിനിമാ കുടുംബം മലയാളികൾക്കെല്ലാം സുപരിചിതമാണ്. ഇപ്പോഴാകട്ടെ ധ്യാനിന്റെ അഭിമുഖങ്ങളാണ് സോഷ്യൽമീഡിയയിൽ താരമാകുന്നത്. സ്വന്തം കുറുമ്പുകൾ വെളിപ്പെടുത്തുന്നതോടൊപ്പം അച്ഛൻ അശരീനിവാസന്റേയും ഏട്ടൻ വിനീതിന്റെയും രഹസ്യങ്ങൾ വരെ ധ്യാൻ വെളിപ്പെടുത്താറുണ്ട്. ഇത്തരം ഇന്റർവ്യൂകൾ കാരണം ഫാമിലി വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നുവരെ താൻ പുറത്തുപോയെന്ന് പറയുകയാണ് ധ്യാൻ.
ഇതിനിടെ, ധ്യാൻ തിരക്കഥയെഴുതിയ ‘പ്രകാശൻ പറക്കട്ടെ’ കഴിഞ്ഞ ദിവസമാണ് തിയേറ്ററിൽ റിലീസ് ചെയ്തത്. ചിത്രത്തിന്റെ പ്രദർശനത്തിന് ഭാര്യയും മകളും ധ്യാൻ ശ്രീനിവാസന് ഒപ്പം എത്തിയിരുന്നു. ധ്യാൻ അഭിമുഖങ്ങളിൽ സജീവമാണെങ്കിലും ഭാര്യ അർപ്പിത സെബാസ്റ്റ്യനെ അധികം സ്ക്രീനിൽ കാണാറില്ല. ഇപ്പോഴിതാ മൂവിമാൻ ബ്രോഡ്ക്കാസ്റ്റിങ്ങിന് നൽകിയ അഭിമുഖത്തിൽ അർപ്പിതയും പങ്കെടുത്തിരിക്കുകയാണ്.
അഭിമുഖത്തിൽ ധ്യാൻ വളരെ ജനുവിനാണെന്നും, അഭിമുഖങ്ങൾ എല്ലാം തന്നെ ഒരുമിച്ച് ഇരുന്ന് കാണാറുണ്ടെന്നുമാണ് അർപ്പിത പറഞ്ഞത്. ഏതാണ് ധ്യാനിന്റെ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട ചിത്രമെന്ന അവതാരകന്റെ ചോദ്യത്തിന് ധ്യാനിന്റെ ആദ്യ ചിത്രമായ തിര തന്നെയാണ് ഏറ്റവും ഇഷ്ടമുള്ള ചിത്രമെന്നും ആർപിത കൂട്ടിച്ചേർക്കുന്നു.
അതേസമയം, തനിക്ക് ധ്യാനിൽ ഇഷ്ടമില്ലാത്ത ഒരു സ്വഭാവം പോലും ഇല്ലെന്നും ഏറ്റവും ഇഷ്ടമുള്ള സ്വഭാവം ഭയങ്കര ജെനുവിനാണ് ധ്യാൻ എന്നതാണെന്നും ഭാര്യ പ്രതികരിച്ചു. 2017ലായിരുന്നു ധ്യാനും അർപ്പിതയും പ്രണയിച്ച് വിവാഹിതരായത്.
അഭിമുഖങ്ങൾ വൈറലായതോടെ താനിനി കുറച്ച് നാളത്തേക്ക് അഭിമുഖങ്ങൾ നൽകുന്നില്ല എന്ന് ധ്യാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.’ഇന്റർവ്യൂ ഒക്കെ മടുത്തു. നിർത്താൻ പോവാ. സിനിമ പ്രമോട്ട് ചെയ്യാൻ വരുമ്പോൾ ഓരോ പഴയ കഥകളൊക്കെ പറയുന്നതാ. ഇനി സോളോ ഇന്റർവ്യൂകൾ കൊടുക്കുന്നത് നിർത്തണമെന്നാണ് ഫാമിലി ഗ്രൂപ്പിൽ നിന്നും ഉയർന്നു വരുന്ന അഭിപ്രായം. ഇങ്ങനെ പോയാൽ ഞാൻ കുടുംബക്കാരെ മൊത്തം നാറ്റിക്കും എന്നൊരു പേടി അവർക്കെല്ലാവർക്കും ഉണ്ട്.’- ധ്യാൻ മനസ് തുറന്നതിങ്ങനെ.
‘അച്ഛന്റേം എന്റേം ഏട്ടന്റേം കാര്യങ്ങൾ മാത്രമേ പറഞ്ഞിട്ടുള്ളൂ. ബാക്കി മാമൻ, മാമി, അവരുടെ മക്കൾ, മരുമക്കൾ ഇവരൊക്കെയുണ്ട്. ഇവർക്കൊക്കെ ഒരുപേടി, ഇനി ഇവരെയൊക്കെ ഞാൻ നാറ്റിക്കുമോയെന്ന്. ഓൾറെഡി ഫാമിലി വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് ഞാൻ പുറത്താണ്. ഇനി കുറച്ച് ദിവസം കഴിയുമ്പോൾ ആഡ് ചെയ്യും. ഇനി മുതൽ നല്ല കുട്ടിയായിരിക്കാമെന്ന് വിചാരിച്ചു,’-ധ്യാൻ പറഞ്ഞതിങ്ങനെ.
പ്രകാശൻ പറക്കട്ടെ ചിത്രത്തിന് നാനാഭാഗത്തുനിന്നും ലഭിക്കുന്ന പോസിറ്റീവ് പ്രതികരണങ്ങൾക്ക് പ്രേക്ഷകരോട് നന്ദി അറിയിക്കാൻ ഫേസ്ബുക്ക് ലൈവിൽ വന്നപ്പോഴായിരുന്നു ധ്യാനിന്റെ പ്രതികരണം.
നവാഗതനായ ഷഹദ് നിലമ്പൂർ സംവിധാനം ചെയ്ത പ്രകാശൻ പറക്കട്ടെ അജു വർഗീസും വിശാഖ് സുബ്രഹ്മണ്യവും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ദിലീഷ് പോത്തൻ, നിഷ സാരംഗ്, മാത്യു തോമസ്, സൈജു കുറുപ്പ്, അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. കോമഡി ഫാമിലി മൂവിയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.