സംഗീത പ്രേമികള്‍ മറുവാര്‍ത്തൈ പേസാതേ മടിമീതെ നീ തൂങ്കിട് എന്ന ഗാനത്തെ നെഞ്ചോട് ചേര്‍ത്തിട്ട് രണ്ട് വര്‍ഷമാകുന്നു.
ആരെയും കൊതിപ്പിക്കുന്ന ഒരു പ്രണയം പാട്ടില്‍ ഒളിപ്പിച്ചുകൊണ്ടായിരുന്നു സംവിധായകന്‍ ഗൗതം മേനോന്‍ ഗാനം പുറത്തുവിട്ടത്.
അന്നു മുതല്‍ ധനുഷ് ചിത്രം കാണാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. എന്നാല്‍ അത്ര സുഖമുള്ള വാര്‍ത്തകള്‍ അല്ല ഇപ്പോള്‍ പുറത്തുവരുന്നത്. എന്നൈ നോക്കി പായും തോട്ട എന്ന പേരിട്ട ചിത്രം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍.
ഗൗതം മേനോന്റെ ഉടമസ്ഥതയിലുള്ള ഒന്‍ട്രാഗാ എന്റര്‍ടടൈന്‍മെന്റ്സിന്റെ യൂട്യൂബ് ചാനലില്‍ നിന്ന ചിത്രത്തിലെ പാട്ടുകളും ടീസറും നീക്കം ചെയ്തിരിക്കുകയാണ്.
തുടര്‍ന്നാണ് ചിത്രം ഉപേക്ഷിച്ചെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്. ചിത്രത്തിന്റെ പുറത്തുവന്ന രണ്ട് ഗാനങ്ങളും സൂപ്പര്‍ഹിറ്റിയിരുന്നു. മറുവാര്‍ത്തൈ കൂടാതെ വിസിരി എന്ന ഗാനമാണ് പുറത്തുവന്നിരുന്നത്.
മറുവാര്‍ത്തൈ യൂട്യൂബില്‍ ഒരുകോടിയിലധികം ആളുകളാണ് കണ്ടത്. ഡര്‍ബുക്ക ശിവ സംഗീതം നല്‍കിയ ഗാനം ആലപിച്ചത് സിദ്ധ് ശ്രീറാമാണ്.
ഈ രണ്ട് ഗാനങ്ങളും ഇപ്പോള്‍ ഒന്‍ട്രാഗാ എന്റര്‍ടടൈന്‍മെന്റ്സിന്റെ യൂട്യൂബ് ചാനലില്‍ ലഭ്യമല്ല. സാമ്ബത്തിക പ്രതിസന്ധികളാല്‍ സിനിമ നിന്നു പോയെന്നും അതിനാല്‍ മറ്റൊരു പ്രൊഡക്ഷന്‍ കമ്പനിക്ക് സിനിമയുടെ അവകാശം വിറ്റുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
ചിത്രത്തിന് ഫെബ്രുവരിയില്‍ യു എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഗൗതം മേനോന്‍ പ്രതികരിച്ചിട്ടില്ല.
മേഘ്ന ആകാശ് ആണ് എന്നൈ നോക്കി പായും തോട്ടയിലെ നായിക. സുനൈന, ശശികുമാര്‍, റാണാ ദഗ്ഗുബാട്ടി, സതീഷ് കൃഷ്ണന്‍, ജഗന്‍ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.
ഗാനം ഇറങ്ങി രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ഇപ്പോഴും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.