ഇന്ത്യയിലെ സമകാലിക സംവിധായകന്‍മാരില്‍ മികച്ച സംവിധായകനായി വിലയിരുത്തപ്പെടുന്നയാളാണ് അനുരാഗ് കശ്യപ്. സംവിധാനം കൂടാതെ തിരക്കഥാരചനയിലും സംഭാഷണ രചനയിലും അനുരാഗ് കശ്യപ് തന്റെ പ്രതിഭ തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്. അവസാനമായി അനുരാഗ് കശ്യപ് സംവിധാനം ചെയ്ത സേക്രഡ് ഗെയിംസ് വെബ് സീരിസും മികച്ച അഭിപ്രായമാണ് നേടിയത്.
അഭിനേതാവെന്ന നിലയിലും അനുരാഗ് കശ്യപ് തന്റെ പ്രകടനം നടത്തികഴിഞ്ഞു. മുരുകദോസ് സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം അകിറയില്‍ ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ് അനുരാഗ് കശ്യപ് എത്തിയത്. നയന്‍താര മുഖ്യവേഷത്തിലെത്തുന്ന ഇമൈക്ക നാടോടികള്‍ എന്ന തമിഴ് ചിത്രത്തില്‍ ഒരു സീരിയല്‍ കില്ലറുടെ വേഷത്തിലും അനുരാഗ് കശ്യപ് എത്തുകയാണ്. ചിത്രം ഈയാഴ്ച റിലീസ് ചെയ്യും.
ഇതിനിടയില്‍ താന്‍ സംവിധാനം ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരു ചിത്രത്തെ കുറിച്ച് അനുരാഗ് കശ്യപ് പറഞ്ഞു. ധനുഷിനെയും വിജയ് സേതുപതിയെയും ഒന്നിപ്പിച്ചൊരു ചിത്രം തന്റെ ആഗ്രഹമാണെന്നാണ് അനുരാഗ് കശ്യപ് വ്യക്തമാക്കിയത്. ധനുഷിന്റെ വലിയ ആരാധകനാണെന്ന് താനെന്നും രഞ്ജാന എന്ന ധനുഷിന്റെ ബോളിവുഡ് ചിത്രം ഇറങ്ങിയതില്‍ അതിയായി സന്തോഷിച്ചിരുന്നുവെന്നും അനുരാഗ് കശ്യപ് പറഞ്ഞു.
ഇമൈക്ക നാടോടികള്‍ എന്ന ചിത്രത്തില്‍ അനുരാഗ് കശ്യപിനോടോപ്പം നയന്‍താര, അഥര്‍വ, റാഷി ഖന്ന എന്നിവരാണെത്തുന്നത്.