തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മാരി ടു. ധനുഷിന്റെ മാരി സ്‌റ്റൈലും ടൊവീനോയുടെ കട്ട വില്ലനിസവും പ്രേക്ഷകരെ ഹരം കൊള്ളിച്ചിരിക്കുകയാണ്.
ആരാധകരെ ത്രസിപ്പിക്കുന്ന ചിത്രത്തെ മാസ് എന്റര്‍ടെയ്‌നര്‍ എന്നാണ് പ്രേക്ഷകര്‍ വിലയിരുത്തുന്നത്. മാസ് സീനുകളുടെ നിറവാണ് ആക്ഷന്‍-കോമഡി വിഭാഗത്തിലൊരുക്കിയ മാരി ടുവിന്റെ ഹൈലൈറ്റ്.
മരണമാസ് കാട്ടി മലയാളത്തിന്റെ പ്രിയതാരം ടൊവീനോ മാരിയോട് മുട്ടിയപ്പോള്‍ കേരളക്കരയും ഏറെ ആവേശത്തോടെയാണ് ചിത്രത്തെ ഏറ്റെടുത്തിരിക്കുന്നത്.
ചിത്രത്തില്‍ സായി പല്ലവി ശക്തമായ റോളിലാണ്. പ്രണയ രംഗങ്ങള്‍ക്ക് മാത്രമായി ഒരു നായിക എന്നതിനപ്പുറം സായി പല്ലവിയുടെ ആറാത്ത് ആനന്ദി എന്ന കഥാപാത്രത്തിന് ചിത്രത്തില്‍ നല്ലൊരു റോളാണ് നല്‍കിയിരിക്കുന്നത്. നായകന്റെ നിഴലായി പോകുന്ന നായികയെ അല്ല ചിത്രത്തില്‍ കാണുന്നത്.
കാജല്‍ അഗര്‍വാള്‍ പോലുള്ള ഒരു ഗ്ലാമര്‍ നായികയില്‍ നിന്നും സായി പല്ലവി പോലൊരു സാധാരണ മനുഷ്യസ്ത്രീയിലേക്കുള്ള നായികാപരിവര്‍ത്തനം സിനിമയുടെ പോസിറ്റീവ് വശങ്ങളില്‍ ഒന്നാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
ബാലാജി മോഹനാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. റോബോ ശങ്കര്‍, കല്ലൂരി വിനോദ്, വരലക്ഷ്മി ശരത്കുമാര്‍, കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രദാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.
വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ് തന്നെയാണ് മാരി 2 നിര്‍മ്മിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയുടേതാണ് സംഗീതം.
പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം യുവന്‍ ശങ്കര്‍ രാജ ധനുഷിന് വേണ്ടി സംഗീതം ഒരുക്കുന്ന ചിത്രം കൂടിയാണിത്.