മലയാളസിനിമയിലെ തന്നെ ചരിത്രമായിരുന്നു സൂഫിയും സുജാതയും എന്ന ചിത്രം. മലയാളത്തിലെ ആദ്യ ഒടിടി റിലീസായിട്ടെത്തിയ സിനിമ അന്ന് റിലീസുമായി ബന്ധപ്പെട്ട് വലിയ വിമർശനങ്ങൾ ഉണ്ടാക്കിയെങ്കിലും വലിയ ഹിറ്റായി മാറി. സിനിമയിൽ നായകനായ സൂഫിയുടെ വേഷം അവതരിപ്പിച്ചത് പുതുമുഖം ദേവ് മോഹനായിരുന്നു.
അന്ന് ദേവും നായിക അതിഥി റാവു ഹൈദരിയുമായുള്ള കെമിസ്ട്രിയും പ്രണയനിമിഷങ്ങളും ദേവിന്റെ നോട്ടവും ചിരിയുമൊക്കെ ആരാധകർക്കിടയിൽ വലിയ ചർച്ചയായി. ആദ്യ സിനിമ തിയറ്ററുകളിൽ എത്തിയില്ലെങ്കിലും ദേവ് പ്രശസ്തനാവാൻ മറ്റൊന്നും വേണ്ടിയിരുന്നില്ല. തെലുങ്കിൽ സാമന്തയുടെ കൂടെയും ദേവ് അഭിനയിച്ചിരുന്നു. ഇപ്പോൾ പന്ത്രണ്ട് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് വീണ്ടും എത്തുകയാണ് താരം.
ഇതുവരെ നാല് സിനിമകളിൽ താരമായെങ്കിലും ആദ്യമായിട്ടാണ് തന്റെ ഒരു പടം തീയറ്ററിലേക്ക് റിലീസിനെത്തുന്നതെന്ന് പറയുകയാണ് ദേവ് മോഹൻ. ഒപ്പം തന്റെ ഏറെ ചർച്ചയായ പ്രണയത്തെ കുറിച്ചും സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ താരം വെളിപ്പെടുത്തി.
തന്റെ പ്രണയിനി റെജീന കോളേജിൽ ജൂനിയറായിരുന്നുവെന്ന് ദേവ് പറയുന്നു. ഞങ്ങൾ പത്ത് വർഷം പ്രണയിച്ച് കല്യാണം കഴിച്ചവരാണ്. എല്ലാവരെയും പോലെ ഞങ്ങളുടെ പ്രണയവും സ്വീറ്റ് ആയിരുന്നു. ഭാര്യ ഇപ്പോൾ ബാംഗ്ലൂരിൽ വർക്ക് ചെയ്യുകയാണ്. അതേസമയം, ആദ്യ സിനിമയിൽ സൂഫിയായി വന്ന് ഹിന്ദു പെൺകുട്ടിയെ പ്രണയിക്കുന്നു. ജീവിതത്തിൽ മുസ്ലിം പെൺകുട്ടിയെ വിവാഹം കഴിച്ചു. പ്രണയം സംഘർഷം നിറഞ്ഞതായിരുന്നോ എന്നാണ് ചോദ്യമുയർന്നത്.
എന്നാൽ പ്രണയവും മതവും തമ്മിൽ കൂട്ടിക്കലർത്തുന്നില്ല എന്നായിരുന്നു ദേവിന്റെ മറുപടി. പ്രണയത്തെ റിലീജിയസ് ആയിട്ട് ഞാനങ്ങനെ നോക്കിയിരുന്നില്ല. വ്യക്തികളെ ആണല്ലോ നോക്കേണ്ടത്. ആദ്യ സിനിമയിൽ ഞാൻ സൂഫിയായിരുന്നു. രണ്ടാമത് സ്റ്റീഫനും മൂന്നാമത്തെ സിനിമയിൽ ദുഷ്യന്തനുമായി അഭിനയിച്ചു. ഇപ്പോൾ ഇമ്മാനുവേൽ എന്ന കഥാപാത്രമാണ് ചെയ്യുന്നത്. പിന്നെ എനിക്കങ്ങനെ റിലീജിയനിൽ വ്യത്യസ്തകളൊന്നും ഇല്ല. എല്ലാം വ്യക്തികളായിട്ടാണ് പരിഗണിക്കാറെന്നും ദേവ് പറയുന്നു.
സാമന്തയെ ഒരു ഫോട്ടോഷൂട്ടിനിടയിലാണ് ആദ്യമായി കാണുന്നത്. അത് ചെയ്യുമ്പോൾ തന്നെ രണ്ട് താരങ്ങൾ തമ്മിലുള്ള അടുപ്പം തോന്നിയിരുന്നു. പിന്നെ സിനിമയുടെ പൂജയ്ക്കാണ് കാണുന്നത്. സൂഫിയും സുജാതയും സാമന്ത കണ്ടിരുന്നു. അതേ കുറിച്ച് പറഞ്ഞിട്ടുമുണ്ട്. അന്ന് സിനിമയുടെ കഥയറിയാം. എനിക്ക് സിനിമയിൽ കുറേ ചെയ്യാനുണ്ടെന്ന് സാമന്ത പറഞ്ഞാണ് അറിഞ്ഞത്. സ്‌ക്രിപ്റ്റ് തെലുങ്കിൽ ആയിരുന്നത് കൊണ്ട് ഞാൻ വായിച്ചിരുന്നില്ല.
സിനിമയിലെ അഭിനയം കണ്ട് പ്രൊപ്പോസലുകൾവന്നോ എന്ന ചോദ്യത്തിനും ദേവ് രസകരമായാണ് പ്രതികരിച്ചത്. ഇപ്പോൾ എല്ലാവർക്കും പക്വതയുണ്ട്. ഇതൊക്കെ സിനിമയാണെന്നും ഇത് നടനാണെന്നും ഒക്കെ എല്ലാവർക്കും അറിയാം. പണ്ട് ചാക്കോച്ചന് കിട്ടിയത് പോലെ ഒന്നും ഇല്ല.
അതിൽ നിന്നും പത്തിരുപത്തിയഞ്ച് വർഷം മുന്നോട്ട് പോയില്ലേ. ആളുകളൊക്കെ പക്വത വന്നതോടെ പ്രണയാഭ്യർഥനയൊന്നുമില്ല. പിന്നെ തനിക്ക് മെസേജ് അയച്ചവർ ഇല്ലെന്നല്ല പറയുന്നത്. അങ്ങനെയുണ്ട്. പക്ഷേ അതൊന്നും അത്ര സീരിയസ് അല്ലെന്നും ദേവ് പറയുന്നു.