ബോളിവുഡിലെ എണ്ണം പറഞ്ഞ നായികമാരിൽ ഒരാളാണ് ദീപിക പദുകോൺ. ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായിക എന്നതിലുപരി ലോകോത്തര ബ്രാൻഡുകളുടെ അംബാസിഡർ കൂടിയാണവർ. ദീപിക ബൊളീവുഡിലെ നിറസാന്നിധ്യമാകാൻ തുടങ്ങിയിട്ട് 15 വർഷത്തിലധികമായി. താരത്തിന്റെ ചില പ്രണയ ബന്ധങ്ങൾ ഓൺ സ്‌ക്രീനിലെന്ന പോലെ ഓഫ് സ്‌ക്രീനിലും താരത്തെ വിടാതെ പിന്തുടർന്നു.
2006 ഇൽ കന്നഡ ചിത്രമായ ഐശ്വര്യ എന്ന സിനിമയിലൂടെയാണ് താരത്തിന്റെ അരങ്ങേറ്റം. ചിത്രത്തിൽ ടൈറ്റിൽ റോളിലാണ് താരം പ്രത്യക്ഷപ്പെട്ടത്. തുടർന്ന് 2007 ഇൽ ഷാരുഖ് ഖാൻ നായകനായ ഓം ശാന്തി ഓം എന്ന ചിത്രത്തിൽ നായികയായി താരം ബോളിവുഡിൽ പ്രത്യക്ഷപ്പെട്ടു. ആ ചിത്രത്തിന് ശേഷം പിന്നീട് താരത്തിനു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
തമിഴിൽ കൊച്ചടിയാൻ എന്ന 3ഡി ചിത്രത്തിന്റെ ഭാഗമായത് ഒഴിച്ച് മറ്റൊരു തെന്നിന്ത്യൻ സിനിമയിലും താരം അഭിനയിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ ബിഗ് ബജറ്റ് ചിത്രമായ പ്രൊജക്റ്റ് കെയിലൂടെ വീണ്ടും തെന്നിന്ത്യൻ സിനിമയുടെ ഭാഗമാകാൻ ഒരുങ്ങുകയാണ് ദീപിക. അമിതാഭ് ബച്ചൻ, പ്രഭാസ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന തെലുങ്ക് ചിത്രത്തിൽ നായികയായിട്ടാണ് ദീപിക എത്തുന്നത്. അതിനിടെ തമിഴിൽ ഒരു സിനിമയിൽ ദീപിക നായികയാവുന്നു എന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു.
ചിമ്പുവിനെ നായകനാക്കി ഡെസിങ് പെരിയസാമി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ദീപിക നായികയാവുമെന്നായിരുന്നു റിപ്പോർട്ട്. കമൽ ഹാസൻ നിർമ്മിക്കുന്ന ചിത്രത്തിനായി സിമ്പു ഇതിനകം ലണ്ടനിൽ പരിശീലനം ആരംഭിച്ചു എന്നുള്ള റിപ്പോർട്ടുകളൊക്കെ ഉണ്ട്. അതിനിടെ ദീപിക സിനിമയിൽ ഉണ്ടാവില്ലെന്ന് വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. ദീപികയുടെ പ്രതിഫലവും മറ്റു കണ്ടീഷനുകളുമാണ് നടിയെ ഒഴിവാക്കാനുള്ള കാരണമെന്നാണ് പറയുന്നത്.
30 കോടി രൂപയാണ് ദീപിക സിനിമയിൽ അഭിനയിക്കുന്നതിന് പ്രതിഫലമായി ആവശ്യപ്പെട്ടത് എന്നാണ് വിവരം. അതുപോലെ താമസിക്കാൻ ഫൈവ് സ്റ്റാർ ഹോട്ടലും ആവശ്യപ്പെട്ടിട്ടുണ്ട്. ഫൈവ് സ്റ്റാർ ഹോട്ടലിന്റെ ഒരു മുറിയല്ല, പകരം ഒരു ഫ്‌ലോർ തന്നെയാണ് ദീപിക ആവശ്യപ്പെട്ടത് എന്നാണ് പറയുന്നത്. ഇത്രയും കാര്യങ്ങൾ സജ്ജീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ ദീപിക ചിത്രത്തിൽ അഭിനയിക്കാൻ എത്തില്ലെന്നത് കൊണ്ട് തന്നെ അത് നടക്കില്ലെന്നാണ് റിപ്പോർട്ട്