ചട്ടമ്പി നാടെന്ന ചിത്രം ഇറങ്ങി 10 വര്‍ഷമാവുന്ന ഈ സമയത്താണ് ദശമൂലം ദാമുവെന്ന കഥാപാത്രത്തെ മലയാളി സിനിമാ പ്രേക്ഷകരും ട്രോളന്മാരും കൂടുതല്‍ ആഘോഷിക്കുന്നത്. ദശമൂലം ദാമുവെന്ന സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രത്തെ നായകനാക്കി ഒരു സിനിമ ആലോചിക്കുന്നുവെന്ന് സംവിധായകന് ഷാഫി ഈയടുത്താണ് പറഞ്ഞത്. ഇപ്പോള്‍ ദശമൂലം ദാമുവെന്ന കഥാപാത്രം രൂപപ്പെട്ടതെങ്ങനെയെന്ന് പറയുകയാണ് തിരക്കഥാകൃത്ത് ബെന്നി.പി. നായരമ്പലം . മനോരമ ഓണ്‍ലൈന്‍ നല്കിയ അഭിമുഖത്തിലാണ് തിരക്കഥാകൃത്ത് ഇക്കാര്യം പറഞ്ഞത്.
അത് തീര്‍ത്തും യാദൃച്ഛികമായി ഉണ്ടായൊരു കഥാപാത്രമാണ്. ഷാഫി ഇങ്ങനെയൊരു പ്രമേയം പറയുകയും അതിനനുസരിച്ച് എഴുതിത്തുടങ്ങുകയും ചെയ്തപ്പോള്‍ അത്തരത്തിലൊരാള്‍ വേണമായിരുന്നു. എന്റെ നാട്ടുമ്പുറത്തും കൂട്ടുകാര്‍ പറഞ്ഞും അല്ലാതെയുമൊക്കെ ഇത്തരത്തിലുള്ള വ്യാജ ചട്ടമ്പികളെ എനിക്കറിയാം.
നമുക്കെല്ലാവര്‍ക്കും അറിയാം. വിടുവായത്തം മാത്രം പറയുന്ന, പ്രവൃത്തിയില്‍ അങ്ങനെയൊട്ടും അല്ലാത്ത മഹാ പേടിത്തൊണ്ടനായ നാട്ടുമ്പുറം വില്ലന്മാര്.അവരുടെ പേരുകള്‍ മിക്കപ്പോഴും ദാമു എന്ന മറ്റോ ആയിരിക്കും. ഒരു വട്ടപ്പേരും കാണും. അങ്ങനെ ഓര്‍ത്തപ്പോഴാണ് ദശമൂലം ദാമു എന്നാക്കിയാലോ എന്നു തോന്നിയത്. അത് എല്ലാവര്ക്കും ഇഷ്ടമായി.
ഈ വില്ലന്മാരുടെ പണി അടികൊള്ളലാണല്ലോ, എന്നിട്ട് ഉഴിച്ചിലും പിഴിച്ചിലുമൊക്കെയായി നടക്കുക. അപ്പോള്‍ ദശമൂലം എന്ന പേര് നന്നായി ചേരും എന്നു തോന്നി. അങ്ങനെയാണ് ആ പേര് നല്‍കിയത്. സുരാജ് വളരെയധികം രസകരമായിട്ടാണ് ആ കഥാപാത്രമായി മാറിയത്. സെറ്റില്‍ ഒക്കെ ആകെ ചിരി ആയിരുന്നു. ആ ചിരി അതേപടി തിയറ്ററുകളിലും മുഴങ്ങിക്കേട്ടു. ബെന്നി പി നായരമ്പലം വ്യക്തമാക്കുന്നു.
മണവാളനും രമണനുമൊപ്പം ട്രോളന്മാര് മനസ്സില്‍ പ്രതിഷ്ഠിച്ചിട്ടുള്ളത് ദശമൂലം ദാമുവിനെയാണ്. വീണ്ടും വെള്ളിത്തിരയില്‍ ദശമൂലത്തെ കണ്ടാല്‍ ആഗ്രഹിക്കുന്നവരാണ് കൂടുതല്‍ പേരും. എന്നാല്‍ അതിനെ നടക്കാത്ത ഒരാഗ്രഹമായി കാണണ്ട എന്നാണ് ചട്ടമ്പിനാടിന്റെ സംവിധായകന് ഷാഫി പറഞ്ഞത്.
‘ദശമൂലം ദാമു ഇപ്പോള്‍ കലക്കി കൊണ്ടിരിക്കുകയാണ്. ആളുകള്‍ എപ്പോഴും വിളിച്ചുചോദിക്കുന്ന ഒരു കാര്യമാണ് ദശമൂലം ദാമുവിനെ ഹീറോയാക്കി ഒരു സിനിമ ചെയ്യാമോന്ന്. ശരിക്ക് പറഞ്ഞാല്‍, പുള്ളിയെ വെച്ച് ചെയ്യാന്‍ പറ്റിയ ഒരു കഥയുണ്ട്. സുരാജിനോട് പറഞ്ഞപ്പോള്‍ സുരാജ് ഭയങ്കര സന്തോഷത്തിലാണ്. പക്ഷേ, എനിക്ക് ഇപ്പോള്‍ ഒരുപാട് കമിറ്റ്മെന്റ്സ് ഉണ്ട്. അതുകൊണ്ടു തന്നെ, എങ്ങനെ ചെയ്യും എപ്പോള്‍ ചെയ്യുമെന്നതിനെക്കുറിച്ച് ചെറിയ സംശയമുണ്ട്. ഷാഫി വ്യക്തമാക്കി.