യുട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയം എന്ന ചിത്രത്തിലെ ‘ദർശന’ എന്ന ആദ്യഗാനം. പാട്ടിനു പുറമെ പ്രണവ് മോഹൻലാൽ ദർശന രാജേന്ദ്രൻ ജോടിയും പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയിരുന്നു.
ഇപ്പോഴിതാ ഹൃദയത്തിലെ കഥാപാത്രമായി ദർശന രാജേന്ദ്രനെ കണ്ടെത്തിയതെങ്ങനെയാണെന്നുള്ളത് തുറന്ന് പറയുകയാണ് സിനിമയുടെ സംവിധായകനായ വിനീത് ശ്രീനിവാസൻ.
READ MORE:
വിനീത് ശ്രീനിവാസന്റെ വാക്കുകൾ :
‘ദർശന അഭിനയിച്ച തമിഴ് ചിത്രം ‘ഇരുമ്പു തിരൈ’ ഞാൻ കണ്ടിരുന്നു. അതിൽ ടെറസിനു മുകളിൽ നിന്ന് ദർശനയും വിശാലും സംസാരിക്കുന്ന സീൻ ഉണ്ട്, അതിൽ കണ്ടപ്പോൾ അഭിനയത്തോട് വളരെയധികം അഭിനിവേശമുള്ള കുട്ടിയാണെന്ന് തോന്നിയിരുന്നു. പക്ഷേ അന്ന് ഈ കുട്ടി മലയാളി ആണെന്നോ ദർശന എന്നാണ് പേരെന്നോ എനിക്ക് അറിയില്ല. പിന്നീട് ഇരുമ്പു തിരൈയുടെ കാസ്റ്റ് നോക്കിയപ്പോൾ ദർശന രാജേന്ദ്രൻ എന്ന് കണ്ടു. അങ്ങനെയാണ് ദർശനയെ ഞാൻ ആദ്യം അറിയുന്നത്.’
‘പിന്നീട് മായനദിയിലെ ‘ഭാവ്രാ മൻ’ ദർശന പാടുന്നതാണ് കണ്ടത്. അതിനു ശേഷം ഞാൻ ദിവ്യയോട് ഇങ്ങനെ ഒരു പെൺകുട്ടിയെ കണ്ടു എന്ന് പറഞ്ഞു. ആ സമയത്താണ് ‘കൂടെ’ സിനിമ റിലീസ് ചെയ്യുന്നത്. ‘കൂടെ’യിലെ പാട്ട് റിലീസ് ചെയ്ത സമയത്ത് ആ പാട്ടിൽ നസ്രിയയെ കാണിക്കുന്ന ഷോട്ട് ഞാനും ദിവ്യയും ഫ്രീസ് ചെയ്യും. എന്നിട്ട് സൈഡിൽ ഉള്ള ദർശനയെ നോക്കും, ഈ കുട്ടി കാണാൻ കൊള്ളാമല്ലോ എന്ന് പറയും. നസ്രിയയെ ഔട്ട് ഓഫ് ഫോക്കസ് ആക്കി ദർശനയെ ഫോക്കസ് ചെയ്ത് കുറേനേരം ഞങ്ങൾ നോക്കി ഇരുന്നിട്ടുണ്ട്.’
READ MORE:
‘നമ്മൾ ഒരു സിനിമ ചെയ്യുമ്പോൾ ചില കഥാപാത്രത്തിന് ഇന്ന ആൾ ചേരും എന്ന് മനസ്സിൽ തോന്നാറുണ്ടല്ലോ. പല തീരുമാനങ്ങളും നമ്മുടെ മനസ്സ് നമ്മോടു പറയുന്നതാണ്. അങ്ങനെ ഞാൻ ‘ഹൃദയം’ എഴുതുന്ന സമയത്ത് എനിക്ക് തോന്നി ദർശന ഈ കഥാപാത്രം ചെയ്താൽ അടിപൊളി ആയിരിക്കും എന്നുമാണ് വിനീത് പറയുന്നത്.
മായാനദി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന് പ്രേക്ഷകരുടെ പ്രിയങ്കരിയായ താരാമാണ് ദർശന രാജേന്ദ്രൻ. പിന്നീട് ‘കൂടെ’, ‘സീ യു സൂൺ’, ‘ഇരുൾ’, ‘ആണും പെണ്ണും’ തുടങ്ങിയ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ ദർശന മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം ഉണ്ടാക്കിയെടുത്തു.