നടൻ വിനായകനെതിരേ ഗുരുതര ലൈംഗിക ആരോപണവുമായി ദളിത് ആക്റ്റിവിസ്റ്റ് മൃദുലദേവി ശശിധരൻ രംഗത്ത്. ഒരു പരിപാടിക്കായി ഫോണിൽ വിളിച്ചപ്പോൾ കൂടെ കിടക്കുമോ എന്ന് വിനായകൻ പറഞ്ഞെന്നാണ് മൃദുലദേവിയുടെ ആരോപണം.
നിന്റെ അമ്മയെ കൂടി എനിക്ക് വേണം എന്നു പറഞ്ഞ വിനായകനോട് തനിക്ക് യാതൊരു ബഹുമാനവും ഇല്ലെന്നും അവർ വ്യക്തമാക്കി. ഇതിന്റെ കോൾ റെക്കോഡ് സൂക്ഷിച്ചിട്ടുണ്ടെന്നും ഫേയ്സ്ബുക്ക് പോസ്റ്റിൽ മൃദുലദേവി കുറിച്ചു.
എന്നാൽ വിനായകനെതിരേ സൈബറിടത്തിൽ നടക്കുന്ന ജാതീയ, വംശീയ അധിക്ഷേപങ്ങളെ ശക്തമായി എതിർക്കുന്നുണ്ടെന്നും മൃദുല പറയുന്നു.
തൊട്ടപ്പൻ കാണുമെന്നും കാമ്പെയ്നിൽ സജീവമായുണ്ടാകുമെന്നും അവർ വ്യക്തമാക്കി. സ്ത്രീ ശരീരം ഉപഭോഗവസ്തുവായി കണക്കാക്കിയ വിനായകനൊപ്പമല്ല ജാതീയമായി ആക്രമിക്കപ്പെട്ട വിനായകനൊപ്പം മാത്രമെന്നും മൃദുല ദേവി കുറിച്ചു.
ആർഎസ്എസ്സിനും ബിജെപിക്കും എതിരേ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ വിനായകൻ അധിക്ഷേപിക്കപ്പെടാൻ തുടങ്ങിയത്.
താരത്തിനെതിരേ ജാതിയവും വംശീയവുമായ അധിക്ഷേപങ്ങൾ ശക്തമായി. അതിനിടെയാണ് താരത്തിനെതിരേ ലൈംഗിക ആരോപണം ഉയരുന്നത്. വലിയ ചർച്ചകൾക്കാണ് ഇത് വഴിവെച്ചിരിക്കുന്നത്.
മൃദുലദേവി ശശിധരന്റെ ഫേസ്ബുക്ക് പോസ്റ്റ്
നടിയ്ക്കൊപ്പം നില കൊണ്ട വിനായകനോട് ബഹുമാനമായിരുന്നു.എന്നാൽ യഥാർത്ഥ ജീവിതത്തിൽ അദ്ദേഹം സ്ത്രീ വിരുദ്ധത കാണിച്ചത് ബോധ്യപ്പെട്ടിട്ടുണ്ട്.
പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോ എന്നും, നിന്റെ അമ്മയെ കൂടി എനിക്ക് വേണം എന്നും പറഞ്ഞ വിനായകനോട് യാതൊരു ബഹുമാനവുമില്ല. കാൾ റെക്കോർഡർ സൂക്ഷിച്ചിട്ടുണ്ട് തൊട്ടപ്പൻ കാണും. കാമ്ബയിനിൽ സജീവമായുണ്ടാവും.
അദ്ദേഹത്തെ ജാതീയമായി അധിക്ഷേപിച്ചതിനെ അപലപിക്കുന്നു. അത്തരം ജാതി അധിക്ഷേപങ്ങൾക്കെതിരെ എപ്പോഴും നില കൊള്ളൂന്നതിനാൽ വിനായകൻ ജാതീയമായോ, വംശീയമായോ അധിക്ഷേപിക്കപ്പെടുന്നത് ശക്തമായി എതിർക്കുന്നു.
സ്ത്രീ ശരീരം ഉപഭോഗവസ്തുവായി കണക്കാക്കിയ വിനായകനൊപ്പമല്ല ജാതീയമായി ആക്രമിക്കപ്പെട്ട വിനായകനൊപ്പം മാത്രം.
ഈ വിഷയത്തിൽ കൂടുതൽ ഒന്നും പറയാനില്ലാത്തതിനാൽ മെസ്സഞ്ചർ, ഫോൺ എന്നിവയിൽ കൂടി കൂടുതൽ അന്വേഷണങ്ങൾ ഉണ്ടാകാതിരിക്കുമല്ലോ