ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസൺ 100 ദിനം പൂർത്തിയാക്കി അവസാനിച്ചിട്ടും വിവാദങ്ങൾ തീരുന്നില്ല. വിജയിയായി തെരഞ്ഞെടുക്കപ്പെട്ട ദിൽഷയാണ് എല്ലാവരുടേയും ചർച്ചയ്ക്ക് കാരണമായിരിക്കുന്നത്. ഒരുപാട് ആരാധകരുണ്ടായിരുന്ന റോബിൻ രാധാകൃഷ്ണന്റെ ആരാധകരുടെ വോട്ട് കാരണമാണ് ദിൽഷ വിജയിയായതെന്നാണ് വിമർശനം.
വോട്ടിന്റെ അടിസ്ഥാനത്തിൽ മാത്രം വിജയിയെ തെരഞ്ഞെടുത്തതിലും ആരാധകർക്ക് അതൃപ്തിയുണ്ട്. ആരാധകർക്ക് മാത്രമല്ല, സഹമത്സരാർത്ഥികളും ദിൽഷ പ്രസന്നന്റെ വിജയത്തിൽ സന്തുഷ്ടരല്ല. വിജയിയെ തെരഞ്ഞെടുത്തത്തിൽ അടക്കം അഭിപ്രായ വ്യത്യാസങ്ങളുണ്ട്.
രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തിയ ബ്ലെസ്ലിയും റിയാസുമാണ് യഥാർത്ഥത്തിൽ വിജയിക്കാൻ അർഹരെന്നാണ് സോഷ്യൽമീഡിയയുടെ അഭിപ്രായം. തുടക്കം മുതൽ നന്നായി കളിച്ചിരുന്ന മത്സരാർഥിയായിരുന്നു ദിൽഷ എങ്കിൽ കൂടിയും അവസാന സമയത്ത് വോട്ട് കുറവായിരുന്നു. ബ്ലെസ്ലിയായിരുന്നു വോട്ടിൽ മുന്നിൽ. എന്നാൽ വലിയ ഫാൻ ബേസൊന്നും ഇല്ലാതിരുന്ന ദിൽഷയ്ക്ക് വോട്ട് സംഘടിപ്പിച്ച് കൊടുക്കുന്നതിന് പുറത്തായ മത്സരാർഥി റോബിൻ കാര്യമായി ഇടപെട്ടതാണ് ബിഗ്‌ബോസ് ആരാധകർക്ക് രോഷമുണ്ടാവാൻ പ്രഘാനകാരണം.
ആരുടേയും പിന്തുണയില്ലാതെതുടക്ക മുതൽ ഗെയിം കളിച്ച് ഫാൻസുണ്ടാക്കിയ ബ്ലെസ്ലിയും റിയാസുമാണ് മത്സരത്തിൽ വിജയികളാകാൻ യോഗ്യരെന്നാണ് ഭൂരിപക്ഷം പേരുടേയും അഭിപ്രായം. ദിൽഷയെ വിജയിയായി പ്രഖ്യാപിച്ചപ്പോഴും വലിയ സന്തോഷമൊന്നും സഹമത്സരാർഥികൾക്ക് ഉണ്ടായിരുന്നില്ല.
മോഹൻലാൽ ക്ഷണിച്ചപ്പോൾ മാത്രമാണ് പലരും സ്റ്റേജിലേക്ക് കയറി വന്ന് സന്തോഷം പങ്കിട്ടത്. കൂടാതെ മാത്രമല്ല ഫിനാലെ കഴിഞ്ഞ് പുറത്ത് വന്ന മത്സരാർഥികളെല്ലാം തന്നെ ദിൽഷയുടെ വിജയത്തിൽ അതൃപ്തി പ്രകടിപ്പിക്കുന്നുമുണ്ട്. അവരുടെ പ്രതികരണത്തിൽ നിന്ന് തന്നെ അത് വ്യക്തവുമാണ്.
‘മലയാളികളുടെ സാക്ഷരത എത്രത്തോളമെന്ന് മനസിലായി, റോബിന്റെ പ്രഹസനം ആവശ്യമില്ലാത്തത്’ എന്നാണ് മത്സരാർഥികളായിരുന്ന ഡെയ്‌സി ഡേവിഡും മണികണ്ഠനും ഒരു അഭിമുഖത്തിൽ പറഞ്ഞത്.
‘ഫിനാലെ അടിപൊളിയായിരുന്നു. പക്ഷെ വിജയിയായത് അർഹതപ്പെട്ട വ്യക്തിയല്ല. അതിന്റെ സങ്കടമുണ്ട്. മാത്രമല്ല മലയാളി പ്രേക്ഷകർക്ക് എത്രത്തോളം സാക്ഷരതയുണ്ടെന്ന് എന്നതും വിജയിയെ പ്രഖ്യാപിച്ചപ്പോൾ മനസിലായി. പല കാര്യങ്ങളും മലയാളി ഇനിയും പഠിക്കാനുണ്ട്. ഞാനടക്കമുള്ള എല്ലാവരും റിയാസ് വിജയിയാകണമെന്നാണ് ആഗ്രഹിച്ചിരുന്നത്.’- ഇവർ പറയുന്നു
‘ഇപ്പോഴും അവനാണ് ഞങ്ങളുടെ മനസിലെ വിജയി. ദിൽഷയ്ക്ക് അർഹതയുണ്ട്. പക്ഷെ ഇത്തരത്തിൽ വോട്ട് നേടി ജയിക്കുന്നതിൽ പ്രയോജനമുണ്ടെന്ന് തോന്നുന്നില്ല. നിലപാടുകളൊക്കെ ദിൽഷ പറയുന്ന വ്യക്തി തന്നെയായിരുന്നു. അതിൽ എനിക്ക് അഭിപ്രായ വ്യത്യാസമില്ല. പുറത്ത് നിന്ന് കളികണ്ടിട്ടാണ് റിയാസ് അകത്തേക്ക് പോയത്. റോബിൻ, ബ്ലെസ്ലി ഫാൻസിനെ കുറിച്ചും റിയാസിന് ധാരണയുണ്ടായിരുന്നു.’
‘എന്നിട്ടും ഫാൻസുള്ള വ്യക്തിക്ക് പിന്നാലെ പോകാതെ അവൻ അവന്റെ നിലപാടുകൾ പറയാനും അതിൽ ഉറച്ച് നിൽക്കാനും ധൈര്യം കാണിച്ചു. പേടിയില്ലാതെ അവൻ സംസാരിക്കാറുണ്ട്.’
‘ദിൽഷ-റോബിൻ പ്രണയം അവരുടെ സ്ട്രാറ്റർജിയാണോ എന്നതിൽ കമന്റ് പറയാനില്ല. ബ്ലെസ്ലിയും ഞാനും തമ്മിൽ പ്രശ്‌നങ്ങളില്ല. നഷ്ടങ്ങൾ സംഭവിച്ച് കഴിഞ്ഞു. ഇനി അത് പറഞ്ഞിട്ട് കാര്യമില്ല. വ്യക്തി വൈരാഗ്യം എനിക്ക് ബ്ലെസ്ലിയോടില്ല. മോശമായി ഒരാൾ ശരീരത്തിൽ തൊട്ടാൽ മനസിലാക്കാൻ ദിൽഷയ്ക്ക് അറിയാം. ദിൽഷ ബ്ലെസ്ലിയെ മോശക്കാരനാക്കാത്തിടത്തോളം മറ്റുള്ളവർ കാര്യങ്ങൾ വളച്ചൊടിച്ച് പ്രശ്‌നം സൃഷ്ടിക്കുന്നത് മോശം പ്രവണതയാണ്.’- ഡെയ്‌സി പറയുന്നു.
‘ദിൽഷയ്ക്ക് വേണ്ടി റോബിൻ പ്രഹസനം കാണിക്കേണ്ട ആവശ്യമില്ലായിരുന്നു. തലയടിച്ച് പൊട്ടിക്കുമെന്ന് പറയുന്നതെല്ലാം പട്ടി ഷോയാണ്’ ഡെയ്‌സി ഡേവിഡ് പറഞ്ഞു. ‘ദിൽഷ ജയിച്ചതിൽ സന്തോഷമുണ്ട്. വിധി എന്താണോ അത് നമ്മൾ മാനിക്കണം.’
‘ഹൗസിൽ മത്സരാർഥികൾ കളിച്ചപ്പോൾ പ്രേക്ഷകരും പുറത്ത് കളിച്ചുവെന്ന് പറയുന്നതാണ് ശരിയെന്നാണ് വൈൽഡ് കാർഡായി വന്ന് പുറത്തായ മത്സരാർഥി മണികണ്ഠൻ ദിൽഷയെ കുറിച്ച് പറഞ്ഞത്. കഴിഞ്ഞ ദിവസം മോഹൻലാൽ ദിൽഷയെ വിജയിയായി പ്രഖ്യാപിച്ചത് മുതൽ വലിയ രീതിയിൽ ഡീഗ്രേഡിങ് ദിൽഷയ്ക്ക് നേരെ നടക്കുന്നുണ്ട്.
അത് മനസിലാക്കി ലൈവിൽ വന്ന് തന്നെ അതൊന്നും ബാധിക്കില്ലെന്ന് ദിൽഷ പറഞ്ഞിരുന്നു. തന്റെ നൂറ് ദിവസത്തെ അധ്വാനമാണ് ഈ വിജയമെന്നാണ് ദിൽഷയുടെ പ്രതികരണം. റോബിൻ ദിൽഷയുടെ വിജയം ആഘോഷിക്കാനായി എത്തിയിരുന്നു.