2021ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനായി പോളിങ് ബൂത്തിലേക്ക് സൈക്കിളിൽ പോയ വിജയ്യുടെ വിഡിയോ ൈവറലായിരുന്നു. കേന്ദ്രസർക്കാരിന്റെ പെട്രോൾ വില വർധനവിൽ പ്രതിഷേധിച്ചായിരുന്നു താരത്തിന്റെ സൈക്കിൾ യാത്രയെന്നും പിന്നീട് ചർച്ചകളുണ്ടായി. വീട്ടിൽ അഞ്ചും ആറും കാറുകളുള്ള സൂപ്പർസ്റ്റാർ എന്തിനാണ് ഒരു സൈക്കിളിൽ യാത്ര ചെയ്തതെന്ന ചോദ്യം വിജയ്യോട് തന്നെ സംവിധായകൻ നെൽസൻ നേരിട്ട് ചോദിച്ചു.
പോളിങ് സ്റ്റേഷൻ വീടിന് തൊട്ടടുത്തായതിനാലാണ് സൈക്കിൾ ഉപയോഗിച്ചതെന്നും അതിന് മറ്റ് ലക്ഷ്യങ്ങളില്ലെന്നുമായിരുന്നു താരം മറുപടി നൽകിയത്. ബീസ്റ്റ് സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സൺടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു നെൽസന്റെ ചോദ്യം.
ALSO READ
‘വീടിന് തൊട്ടുപുറകിലുള്ള സ്‌കൂൾ ആയിരുന്നു വോട്ടിങ് ബൂത്ത്. വോട്ട് ചെയ്യാനായി ഇറങ്ങിയപ്പോഴാണ് സൈക്കിൾ ഇരിക്കുന്നത് കണ്ടത്. അപ്പോൾ എന്റെ മകനെ മനസിൽ ഓർത്തു. എന്നാ സൈക്കിളിൽ പോകാം എന്ന് തീരുമാനിച്ചു.
പിന്നീട് അതുമായി ബന്ധപ്പെട്ട് വന്ന ചർച്ചകളൊക്കെ കണ്ടു. ഇങ്ങനെയും ഒരു കാരണം അതിൽ ഉണ്ടായിരുന്നോ എന്ന് ഞാനും ചിന്തിച്ചുപോയി. ഇതൊന്നുമല്ല വോട്ട് ചെയ്ത് ഞാൻ വീട്ടിൽ തിരിച്ചെത്തിയപ്പോൾ എന്റെ മകൻ ഫോൺ വിളിച്ചു, അതാണ് ഏറ്റവും രസകരം.
ALSO READ
എല്ലാം ഓക്കെ, വാർത്തകളൊക്കെ കണ്ടു, സൈക്കിളിന് കുഴപ്പമൊന്നും ഇല്ലല്ലോ? ഇതായിരുന്നു അവൻ എന്നോട് ആദ്യമേ ചോദിച്ചത്. ‘എടാ ഞാൻ മുഴുവനായി വീട്ടിൽ തിരിച്ചുവന്നത് തന്നെ വലിയ കാര്യം. നിനക്ക് സൈക്കിളിനെക്കുറിച്ച് അറിഞ്ഞാൽ മതിയല്ലേ. ഫോൺ വയ്ക്കടാ.’ ഇങ്ങനെയായിരുന്നു എന്റെ മറുപടി.’വിജയ് പറയുന്നു.