മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായി മധുരരാജ ആഗോള ബോക്‌സ് ഓഫീസ് കളക്ഷനിൽ 100 കോടി സ്വന്തമാക്കി ജൈത്രയാത്ര തുടരുന്നു.
ചിത്രം 45 ദിവസം കൊണ്ട് 104 കോടി പിന്നിട്ടതായും പിന്തുണച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായും നിർമ്മാതാവ് നെൽസൺ ഐപ്പ് അറിയിച്ചിരുന്നു.
മമ്മൂട്ടിയുടെ ആദ്യ 100 കോടി ചിത്രത്തിന്റെ വിജയം ഏറ്റെടുത്തിരിക്കുകയാണ് സിനിമാ പ്രവർത്തകരും. ഗിന്നസ് പക്രു, അജു വർഗീസ്, സിദ്ദിഖ് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിന്റെ ഒഫീഷ്യൽ കളക്ഷൻ റിപ്പോർട്ട് ഷെയർ ചെയ്തത്.
അതോടൊപ്പം, നിരവധി തിയേറ്റർ ഉടമകളും അണിയറ പ്രവർത്തകരുടെ സന്തോഷത്തിൽ പങ്കു ചേരുന്നുണ്ട്.
27 കോടി ബജറ്റിൽ പൂർത്തിയാക്കിയ മധുരരാജ വൈശാഖാണ് സംവിധാനം ചെയ്തിരിക്കുന്നത്. വൈശാഖിന്റെ ആദ്യ സിനിമയായ പോക്കിരിരാജയുടെ തുടർച്ചയാണ് മധുരരാജ.
പോക്കിരിരാജ മമ്മൂട്ടിയും പൃഥ്വിരാജും ഒരുമിച്ച മൾട്ടിസ്റ്റാർ സിനിമയെന്ന നിലയിലാണ് പ്രേക്ഷകരിലെത്തിയതെങ്കിൽ മമ്മൂട്ടി ചിത്രമായാണ് മധുരരാജ എത്തിയത്.
രണ്ട് ചിത്രങ്ങൾ തുടർച്ചയായി 100 കോടി ക്ലബ്ബ് കടത്തിയ മലയാള സംവിധായകനായിരിക്കുകയാണ് വൈശാഖ്.
മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകൻ ആണ് മലയാളത്തിൽ ആദ്യമായി 100 കോടി നേടിയത്. 150 കോടി കടന്ന ആദ്യ ചിത്രവും പുലിമുരുകൻ തന്നെ.
മമ്മൂട്ടിയുടെ നൂറ് കോടി കടക്കുന്ന ആദ്യ ചിത്രവുമാണ് മധുരരാജ. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസീഫർ 200 കോടി ക്ലബ്ബിലെത്തിയിരുന്നു.
പോക്കിരിരാജയുടെ രചയിതാക്കൾ സിബി കെ തോമസ് ഉദയകൃഷ്ണ കൂട്ടുകെട്ട് ആയിരുന്നു. ഉദയകൃഷ്ണയാണ് മധുരരാജയുടെ രചയിതാവ്.
തമിഴ് നടൻ ജയ്, നരേൻ, ജഗപതി ബാബു, അനുശ്രീ, നെടുമുടി വേണു,സുരാജ് വെഞ്ഞാറമ്മൂട്, അന്ന രേഷ്മാ രാജൻ, മഹിമാ നമ്ബ്യാർ എന്നിവരാണ് സിനിമയിലെ താരങ്ങൾ.