കലാകാരികളുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടു വാരരുത്; മഞ്ജു വാര്യര്‍ക്കെതിരെ നര്‍ത്തകികള്‍

19

നടി മഞ്ജുവാര്യര്‍ക്ക് കേരള കലാമണ്ഡലം പുരസ്‌കാരം നല്‍കിയതിനെതിരെ വിമര്‍ശനവുമായി വുമണ്‍ പെര്‍ഫോമിങ് ആര്‍ട്‌സ് അസോസിയേഷന്‍. കേരള കലാമണ്ഡലം എം.കെ.കെ. നായര്‍ പുരസ്‌കാരമാണ് മഞ്ജു വാര്യര്‍ക്ക് നല്‍കിയത്.

Advertisements

ഇത് അംഗീകരിക്കാനാവില്ലെന്നും കലാമണ്ഡലത്തില്‍ പഠിച്ചിറങ്ങിയ കലാകാരികളെ അവഗണിച്ചുകൊണ്ടു സിനിമാ അഭിനേതാക്കള്‍ക്ക് അവാര്‍ഡ് നല്‍കുന്നതെന്തിനെന്നും അസോസിയേഷന്‍ സെക്രട്ടറി കലാമണ്ഡലം ഹേമലത ചോദിച്ചു.

കഴിഞ്ഞ വര്‍ഷം നടന്‍ ജയറാമിനു പുരസ്‌കാരം നല്‍കിയിരുന്നു. പ്രതിസന്ധികള്‍ നേരിട്ട് ആദിവാസി മേഖലകളിലും മലയോരമേഖലകളിലും കടന്നുചെന്ന് നൃത്തം പഠിപ്പിക്കുന്ന നിരവധി അധ്യാപികമാരെ തഴഞ്ഞാണ് പുരസ്‌കാര നിര്‍ണയം. കലാമണ്ഡലത്തില്‍ നൃത്ത മേഖലയില്‍ പ്രതിഭ തെളിയിച്ച കലാകാരിമാര്‍ പലരും ഇപ്പോള്‍ ഉപജീവനമാര്‍ഗത്തിനായി പെട്രോള്‍ പമ്പിലും തുണിക്കടയിലും ജോലിക്കു പോകുകയാണ്. ഇങ്ങനെ ഉള്ളവരെ മാറ്റി നിര്‍ത്തി പക്ഷപാതത്തോടെ സിനിമാക്കാര്‍ക്ക് അവാര്‍ഡ് നല്‍കുന്നതിനെ വിമര്‍ശിക്കുകയാണ് ഹേമലത. കലാകാരികളുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടു വാരുന്ന ഈ പ്രവണതയില്‍ നിന്ന് അഭിനേതാക്കള്‍ മാറിനില്‍ക്കണം. 20 വര്‍ഷത്തിനുള്ളില്‍ കലാമണ്ഡലത്തില്‍ പഠിച്ചിറങ്ങിയ കലാകാരികളെ യാതൊരു പുരസ്‌കാരങ്ങള്‍ക്കും പരിഗണിക്കാറില്ല.

നൃത്തകലാ പരിശീലനത്തില്‍ വര്‍ഷങ്ങളായി കലാമണ്ഡലം നിലവാരം പുലര്‍ത്തുന്നില്ലയെന്നും ഹേമലത പറഞ്ഞു. കലാമണ്ഡലത്തില്‍ നിന്നും പഠിച്ചിറങ്ങുന്നവര്‍ക്ക്, അവരുടെ കഴിവ് അംഗീകരിച്ച് ഒരു അവാര്‍ഡ് നല്‍കിയാല്‍ നൃത്തപരിപാടികളില്‍ സജീവമാകാനും നല്ലൊരു കരിയര്‍ സ്വന്തമാക്കാനും സാധിക്കും. എന്നാല്‍, പക്ഷപാതം അനുസരിച്ചാണ് പലപ്പോഴും പുരസ്‌കാര നിര്‍ണയം ഉണ്ടാകുന്നത്. ചോദ്യം ചെയ്യുന്നവര്‍ക്കും പരാതിപ്പെടുന്നവര്‍ക്കും കലാമണ്ഡലത്തിന്റെ വളപ്പില്‍ കടക്കാനുള്ള അനുമതി നിഷേധിക്കപ്പെടുന്നതും പതിവാണ്.

അതുകൊണ്ട് പരാതിപ്പെടാന്‍ മുന്നിട്ടിറങ്ങാന്‍ കലാകാരികള്‍ക്ക് ഭയമാണ്.ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായത്തില്‍നിന്നുമാറി കോളെജ് തല വിദ്യാഭ്യാസമായതോടെ കലാമണ്ഡലത്തിലെ കോഴ്‌സുകളുടെ മൂല്യം നഷ്ടപ്പെട്ടു. ക്ലാസിക്കല്‍, നാടന്‍ കലാരൂപങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയുള്ള പരിശീലനവും ദളിത്, ട്രൈബല്‍ കലാകാരികളുടെ ഉന്നമനവും ലക്ഷ്യമിട്ട് രൂപീകരിച്ച സംഘടനയാണ് വുമണ്‍ പെര്‍ഫോമിങ് ആര്‍ട്‌സ് അസോസിയേഷനെന്നും ഹേമലത പറഞ്ഞു.

Advertisement