1978 മേയ് 21നു കല്യാണനിശ്ചയം, 22ന് ആദ്യത്തെ താലികെട്ട്, 23ന് റജിസ്‌ട്രേഷൻ, 26ന് വീണ്ടും പെണ്ണുകാണൽ, ജൂൺ 2ന് പിന്നെയും താലികെട്ടും കല്യാണവും-റജിസ്റ്റർ മാര്യേജും എതിർപ്പും ഒളിച്ചോട്ടവും എല്ലാം ചേർന്ന് സിനിമാക്കഥയേക്കാൾ സംഭവബഹുലമായിരുന്നു ലളിതയുടെയും ഭരതന്റെയും വിവാഹം.
ശശികുമാർ സംവിധാനം ചെയ്ത ‘മുക്കുവനെ സ്‌നേഹിച്ച ഭൂതം’ എന്ന സിനിമയിൽ രാജകുമാരിയുടെ വേഷമായിരുന്നു ലളിതയ്ക്ക്. അതിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു ലളിതയുടെയും ഭരതന്റെയും വിവാഹം. കല്യാണം കഴിഞ്ഞ വിവരമറിഞ്ഞ് സിനിമയുടെ സെറ്റ് ആഘോഷപ്പന്തലായി മാറി. മണവാളൻ ജോസഫിന്റെയും ശ്രീലതയുടെയും ഗാനമേള, എം.ജി.രാധാകൃഷ്ണന്റെയും പത്മരാജന്റെയും മറ്റു സിനിമാതാരങ്ങളുടെയും സാന്നിധ്യം…എല്ലാംകൊണ്ടും ആഹ്ലാദത്തിമർപ്പ്. പക്ഷേ, കല്യാണത്തിന്റെ നിമിഷംവരെ ഉദ്വേഗത്തിന്റെ മുൾമുനയിലായിരുന്നു ലളിത.
ALSO READ
തുടക്കത്തിൽ ലളിത മറ്റൊരു പ്രണയത്തിൽ ഭരതന്റെ ഹംസമായിരുന്നു എന്നതാണു തമാശ. അക്കാലത്തെ പ്രമുഖ നടി ശ്രീവിദ്യയായിരുന്നു ഭരതന്റെ പ്രണയിനി. ചെന്നൈയിൽ പരാംഗുശപുരത്തു താമസിക്കുന്ന ഭരതൻ, ലളിത താമസിക്കുന്ന സ്വാമിയാർ മഠത്തിലെ വീട്ടിൽ ചെല്ലുന്നത് ശ്രീവിദ്യയെ ഫോൺ ചെയ്യാനായിരുന്നു. പെണ്ണുങ്ങൾ വിളിച്ചാലേ ശ്രീവിദ്യയ്ക്കു ഫോൺ കൊടുക്കൂ. ‘പ്രയാണം’ സംവിധാനം ചെയ്തശേഷം ചെറിയൊരു ഇടവേള കഴിഞ്ഞ് ഭരതൻ കലാസംവിധായകനായി തിരിച്ചുവന്ന സമയമാണ്. കൈനിറയെ പടങ്ങളുണ്ട്. സിനിമാഷൂട്ടിങ്ങിനിടെ താനും ജയഭാരതിയും ചേർന്ന് ഭരതന്റെയും ശ്രീവിദ്യയുടെയും പ്രണയത്തിന്റെ പുരോഗതി ഒളിച്ചും മറഞ്ഞും നോക്കി നടന്നതിനെപ്പറ്റി പിന്നീട് ലളിത എഴുതിയിട്ടുണ്ട്. അസൂയയോ കുശുമ്പോ ഒന്നുമല്ല, ആകാംക്ഷമാത്രം. ‘രാജഹംസ’ത്തിന്റെ ഷൂട്ടിങ്ങിനിടയിൽ എന്തോ കാര്യം പറഞ്ഞ് ഭരതനും ശ്രീവിദ്യയും പിണങ്ങി.
ഭരതനും ലളിതയും തമ്മിൽ നേരത്തേതന്നെ അടുപ്പം ഉണ്ടായിരുന്നു. തന്റെ ആദ്യ സിനിമയുടെ പ്രിവ്യൂ കാണാനൊക്കെ ഭരതൻ ലളിതയെ ക്ഷണിച്ചിരുന്നു. പക്ഷേ, ആ അടുപ്പം പലകാതുകൾ കൈമാറി പ്രണയമായി പരന്നു. ‘രതിനിർവേദ’ത്തിന്റെ ഷൂട്ട് കഴിഞ്ഞ് ചെന്നൈയിലെത്തിയ ലളിതയെ തേടി ഭരതൻ എത്തി- ‘നമുക്കിത് സീരിയസായി എടുക്കാം’ എന്നായിരുന്നു പ്രണയത്തിന്റെ ആദ്യവാചകം. ലളിതയ്ക്കു സമ്മതമായിരുന്നു. പക്ഷേ, ഗുരുസ്ഥാനത്തുള്ള തോപ്പിൽഭാസിയുടെ അനുമതിയില്ലാതെ ഒന്നും ചെയ്യില്ലെന്നു പറഞ്ഞു. ഭരതനെ അറിയാവുന്ന തോപ്പിൽഭാസിക്കും സമ്മതം. പക്ഷേ, വിവരമറിഞ്ഞപ്പോൾ ഭരതന്റെ മാതാപിതാക്കൾക്ക് കോപം. അവർ വടക്കാഞ്ചേരിയിൽനിന്നു നേരേ മകനെ തേടി ചെന്നൈക്കുപോന്നു. മകൻ എത്ര വിശദീകരിച്ചിട്ടും അവർ വഴങ്ങിയില്ല. എതിർക്കാൻ ഭരതനു ധൈര്യവുമില്ല.
‘ഞാൻ വേറെ കല്യാണം കഴിക്കില്ല. നമുക്കിങ്ങനെ കഴിയാം’- ഭരതൻ വേദനയോടെ ലളിതയോടു പറഞ്ഞു. ലളിത ആത്മഹത്യയുടെ വക്കിലായിരുന്നു. സമാധാനിപ്പിക്കാനായി ഭരതൻ നെറ്റിയിൽ വലിയ വട്ടപ്പൊട്ടു തൊടീച്ചു. എടുത്തുചാടി ഒന്നും ചെയ്യരുതെന്നും കുറേക്കാലം നല്ല സുഹൃത്തുക്കളായി കഴിയാമെന്നും അപ്പോഴേക്കും എല്ലാം ശരിയാകുമെന്നും സമാധാനിപ്പിച്ച് ലളിതയെ പറഞ്ഞയച്ചു.
1978 മേയ് 21ന് മുക്കുവനെ സ്‌നേഹിച്ച ഭൂതം എന്ന സിനിമയുടെ ചിത്രീകരണത്തിനായി തിരുവനന്തപുരത്തെത്തിയ ലളിതയെ ഭരതൻ ആളെ വിട്ടു വിളിപ്പിച്ചു. അന്നു പുളിമൂട്ടിലെ ‘നികുഞ്ജം’ ഹോട്ടലിലാണ് ഭരതൻ, പത്മരാജൻ എന്നിവരുടെ ക്യാംപ്. അവർ നടത്തിയ കൂടിയാലോചനയിൽ വിവാഹം വച്ചുനീട്ടേണ്ടതില്ലെന്നു തീരുമാനിച്ചതോടെയാണ് ലളിതയെ വിളിക്കാൻ ആളുവന്നത്. പിറ്റേന്നു തന്നെ കല്യാണം നടത്താനായിരുന്നു ഉത്സാഹക്കമ്മറ്റിയുടെ തീരുമാനം. രഹസ്യം പുറത്താവാതാരിക്കാൻ തക്കലയ്ക്കടുത്ത് കുമരൻകോവിൽ കല്യാണത്തിനായി തിരഞ്ഞെടുത്തു. നികുഞ്ജം കൃഷ്ണൻനായരുടെ കാറിലായിരുന്നു യാത്ര. മുൻകൂട്ടി അപേക്ഷ നൽകാഞ്ഞതിനാൽ അമ്പലത്തിനു പുറത്തുവച്ചായിരുന്നു കല്യാണം. പിറ്റേന്നുതന്നെ വിവാഹം റജിസ്റ്റർ ചെയ്യണം. രഹസ്യമായി റജിസ്ട്രാറെ വീട്ടിൽ വരുത്താൻ തീരുമാനിച്ചു. സംവിധായകന്റെ അനുമതിയില്ലാതെ സെറ്റിൽനിന്നു പോകാനൊക്കില്ല. ഒടുവിൽ കാര്യങ്ങളെല്ലാം ശശികുമാറിനോടു തുറന്നുപറഞ്ഞു. അദ്ദേഹം അനുഗ്രഹിച്ചയയ്ക്കുകമാത്രമല്ല, മടങ്ങിവരുമ്പോൾ ഭരതനെ കൂടെ കൂട്ടണമെന്നും നിർദേശിച്ചു.
ALSO READ
ചടങ്ങുകഴിഞ്ഞ് രാത്രി എത്തുമ്പോൾ ഷൂട്ടിങ് നിർത്തിവച്ച് സെറ്റിൽ കല്യാണാഘോഷം പൊടിപൊടിക്കുകയായിരുന്നു. പിറ്റേന്നു നിലമ്പൂരിലേക്കു ഷൂട്ടിങ്ങിനു പുറപ്പെടുമ്പോൾ ട്രെയിനിൽ ഭരതനും കയറി. വീട്ടിൽ വിവരം അറിയിക്കാനായി അദ്ദേഹം ഷൊർണൂരിൽ ഇറങ്ങി. പക്ഷേ, വീട്ടിലെത്തിയപ്പോഴേക്ക് പത്രങ്ങളിലെ വാർത്തയും പടവും കണ്ട് എല്ലാവരും കലിതുള്ളിയിരിക്കയായിരുന്നു. ഒരുവിധത്തിൽ ഭരതൻ, അച്ഛനെ അനുനയിപ്പിച്ചു. അങ്ങനെ വീണ്ടുമൊരു വിവാഹാഘോഷം ജൂൺ 2ന് ഗുരുവായൂരിൽവച്ച്, ഇങ്ങനെയായിരുന്നു സംബവ ബഹുലമായ അവരുടെ പ്രണയ വിവാഹം.
വലിയൊരു ആഘാതം തന്നെ മലയാള സിനിമാ ലോകത്തിന് സൃഷ്ടിച്ചുകൊണ്ടാണ് നടി കെപിഎസി ലളിത അന്തരിച്ചത്. മാസങ്ങൾക്കു മുൻപേ അസുഖബാധിതയായി ആശുപത്രിയിൽ കഴിഞ്ഞിരുന്ന നടി വീട്ടിൽ വിശ്രമത്തിൽ കഴിയുന്നതിനിടെയിലാണ് ഫെബ്രുവരി 22 ന് രാത്രിയിൽ അന്തരിക്കുന്നത്. വാർത്തയറിഞ്ഞത് മുതൽ കെ പി എ സി ലളിതയുടെ വീട്ടിലേക്ക് താരങ്ങളുടെയും ആരാധകാരുടെയും പ്രവാഹമായിരുന്നു. താരത്തിന്റെ വിശേഷങ്ങളും കഥകളുമാണ് എങ്ങും ഇപ്പോൾ ചർച്ചയാകുന്നത്.