സിഐ മാത്യൂസ് ആന്റണി, ഉണ്ടയിൽ മമ്മൂട്ടിക്കൊപ്പം കാക്കിയണിഞ്ഞ് രഞ്ജിത്ത്

59

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനാവുന്ന ഉണ്ടയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സംവിധായകൻ രഞ്ജിത്ത്.

അനുരാഗ കരിക്കിൻ വെള്ളം ഒരുക്കിയ ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിയെപ്പോലെ രഞ്ജിത്തിനും പൊലീസ് കഥാപാത്രമാണ്.

Advertisements

സബ് ഇൻസ്പെക്ടർ മണികണ്ഠൻ സിപി ആണ് മമ്മൂട്ടി കഥാപാത്രം. മമ്മൂട്ടി കഥാപാത്രത്തിന്റെ സുപ്പീരിയർ ഓഫീസറായ സിഐ മാത്യൂസ് ആന്റണിയായാണ് രഞ്ജിത്ത് സ്‌ക്രീനിലെത്തുന്നത്.

രഞ്ജിത്തിൻറെ ചിത്രത്തിലെ ലുക്ക് അണിയറ പ്രവർത്തകർ പുറത്തുവിട്ടു. നേരത്തേ ഗുൽമോഹൻ, അന്നയും റസൂലും, കൂടെ തുടങ്ങിയ ഒരുപിടി ചിത്രങ്ങളിൽ ഒരു അഭിനേതാവ് എന്ന നിലയിലുള്ള രഞ്ജിത്തിന്റെ പ്രകടനങ്ങൾ ശ്രദ്ധ നേടിയിട്ടുണ്ട്.

തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിലെ പൂർവ്വ വിദ്യാർഥിയുമാണ് അദ്ദേഹം. അതേസമയം ഉണ്ട, ഛത്തിസ്ഗഡിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പോകുന്ന മലയാളി പൊലീസ് സംഘത്തിന്റെ കഥയാണെന്ന് അറിയുന്നു.

ഹർഷാദിന്റേതാണ് തിരക്കഥ. സംഗീതം പ്രശാന്ത് പിള്ള. ഷൈൻ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, ദിലീഷ് പോത്തൻ, അലൻസിയർ, അർജുൻ അശോകൻ, ലുക്മാൻ തുടങ്ങിയവർ കഥാപാത്രങ്ങളാവുന്നു.

ചിത്രത്തിന്റെ ഇതിനകം പുറത്തെത്തിയ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

Advertisement