ഒഴിവുദിവസത്തെ കളിക്കും എസ് ദുര്‍ഗക്കും ശേഷം സനല്‍ കുമാര്‍ ശശിധരന് സംവിധാനം ചെയ്ത ചിത്രമാണ് ‘ചോല’. ജോജു ജോര്‍ജും നിമിഷ സജയനും ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ നിരവധി പുരസ്കാരങ്ങള്‍ക്ക് അര്‍ഹമായ ചിത്രം കൂടിയാണ് ചോല. സനല്‍കുമാര്‍ ശശീധരന് ജൂറിയുടെ പ്രത്യേക പരാമര്‍ശവും, ചോലയിലെ അഭിനയത്തെ കൂടി പരിഗണിച്ച് നിമിഷ വിജയനെ മികച്ച നടിയായും ജോജു ജോര്‍ജിനെ മികച്ച സ്വഭാവ നടനായും തെരഞ്ഞെടുത്തു.
എന്നാല്‍, ചോലയിലെ നായകനാകേണ്ടിയിരുന്നത് ജോജു അല്ലെന്നും നടന് ലാല്‍ ആണെന്നും സംവിധായകന് സനല്‍ കുമാര്‍ ശശിധരന് പറയുന്നു.
ജോജുവിന്റെ കഥാപാത്രമായി ആദ്യം മനസില്‍ കണ്ടത് ലാലിനെ ആയിരുന്നു. ഒരിക്കല്‍ സംവിധായകന് ലാലിനെ സമീപിച്ച് കഥ പറഞ്ഞു. എന്നാല്‍, അദ്ദേഹത്തിന്റെ മറുപടി ‘ഇത്തരം മ്ലേച്ഛമായ കഥാപാത്രം ചെയ്യാനാണോ നിങ്ങള്‍ എന്നെ സമീപിച്ചത്, നിങ്ങള്‍ക്കിത് എന്നെ വെച്ച് എങ്ങനെ ആലോചിക്കാന്‍ സാധിച്ചു’ എന്നായിരുന്നു.
ഒടുവില്‍ അത് ചെയ്യാന്‍ പറ്റില്ല എന്ന് പറഞ്ഞ് സംവിധായകനെ തിരിച്ചയക്കുകയായിരുന്നു ലാല്‍.
അഴിമുഖത്തിന് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് സനല്‍ കുമാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സംഭവമെന്നും അദ്ദേഹം പറയുന്നു.
എന്നാല്‍, ചിത്രത്തിന്റെ കഥ കേട്ടതും ചെയ്യാമെന്ന് ഏല്‍ക്കുകയായിരുന്നു ജോജുവെന്ന് സംവിധായകന് പറയുന്നു. ‘നിമിഷയും അതു പോലെയാണ്.
ഇവരുടെയൊക്കെ സൗന്ദര്യം എന്നു പറയുന്നത് ഇവര്‍ ചെയ്യുന്ന ജോലിയോടുള്ള ആത്മാര്‍ത്ഥമായ സ്വയം സമര്‍പ്പണമാണ്.’ – സംവിധായകന് വ്യക്തമാക്കി.