തെലുങ്ക് മെഗാസ്റ്റാർ ചിരഞ്ജീവിയുടെ ചരിത്ര യുദ്ധസിനിമാ സെറ്റിൽ വൻ തീപിടുത്തം. ചിത്രീകരണം നടക്കുന്ന സേ രാ നരസിംഹറെഡ്ഡി എന്ന ചിത്രത്തിന്റെ സെറ്റിലാണ് തീപ്പിടുത്തമുണ്ടായത്.
മൂന്നു കോടിയോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
ചിത്രത്തിന്റെ ഷൂട്ടിംഗിനായി ചിരഞ്ജീവിയുടെ കോകാപേട്ടിലെ ഫാംഹൗസിലാണ് ചരിത്ര കോട്ട നിർമ്മിച്ചത്. വ്യാഴാഴ്ച രാത്രി വരെ ഇവിടെ ഷൂട്ടിംഗ് നടന്നിരുന്നു.
ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയാണ് തീപിടുത്തമുണ്ടായത്. പുക ഉയരുന്നത് കണ്ട് നാട്ടുകാരാണ് സിനിമാ അണിയറപ്രവർത്തകരെ വിവരം അറിയിച്ചത്.
ഇതിനകം തീ സെറ്റിലാകെ പടർന്നിരുന്നു. സെറ്റിലെ ഉപകരണങ്ങളാകെ കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അഗ്‌നിബാധയ്ക്ക് കാരണമെന്നാണ് വിലയിരുത്തൽ.
ഇത് രണ്ടാം തവണയാണ് ഈ ചിത്രത്തിന്റെ സെറ്റിൽ തീപിടുത്തം ഉണ്ടാകുന്നത്. 2017 നവംബറിൽ അന്നപൂർണ സ്റ്റുഡിയോയിൽ ഇട്ട സെറ്റിന് തീപിടിച്ച് രണ്ട് കോടിയുടെ നാശനഷ്ടം ഉണ്ടായിരുന്നു. ഇതേത്തുടർന്ന് ചിത്രീകരണം വൈകുകയായിരുന്നു.
സുരേന്ദർ റെഡ്ഡിയാണ് സേ രാ നരസിംഹറെഡ്ഡി എന്ന ബ്രഹ്മാണ്ഡ ചരിത്ര യുദ്ധസിനിമ സംവിധാനം ചെയ്യുന്നത്.
ഉയ്യലവാഡ നരസിംഹറെഡ്ഡി എന്ന സ്വാതന്ത്ര്യസമരസേനാനിയുടെ വേഷത്തിലാണ് ചിരഞ്ജീവി എത്തുന്നത്. നയൻതാര ചിത്രത്തിൽ ചിരഞ്ജീവിയുടെ ഭാര്യയായി വേഷമിടുന്നു.
കിച്ച സുദീപ്, വിജയ് സേതുപതി, ജഗപതിബാബു, തമന്ന തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നു.
തെലുങ്ക്, തമിഴ്, ഹിന്ദു ഭാഷകളിൽ ഒരുക്കുന്ന ചിത്രം ദസറയ്ക്ക് തിയേറ്ററുകളിലെത്തിക്കാനാണ് അണിയറക്കാരുടെ പദ്ധതി. രാംചരണാണ് ചിത്രത്തിന്റെ നിർമ്മാതാവ്.