യുവതിയും സുഹൃത്തും ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന പരാതിയിൽ തെളിവുകൾ ഹാജരാക്കാമെന്നു നടൻ ഉണ്ണി മുകുന്ദൻ. ഇതു സംബന്ധിച്ച് തന്റെ പക്കലുള്ള മുഴുവൻ തെളിവുകളും ഹാജരാക്കാമെന്നു നടൻ ചേരാനെല്ലൂർ പോലീസിനെ അറിയിച്ചു. നടന്റെ പരാതിയിൽ കഴന്പുണ്ടെന്നു വ്യക്തമാക്കുന്ന പോലീസ് അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ തെളിവുകൾ ലഭിക്കുന്ന സാഹചര്യത്തിൽ യുവതിയെയും സുഹൃത്തിനെയും ചോദ്യം ചെയ്യുമെന്നും പറഞ്ഞു. ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്ന ഫോണ് കോളുകളാകും നടൻ ഹാജരാക്കുകയെന്നാണു വിവരം.
ചേരാനെല്ലൂർ എസ്ഐ സുനുമോന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. അപമാനിക്കുമെന്നു ഭീഷണിപ്പെടുത്തി യുവതിയും സുഹൃത്തുകളും ചേർന്നു പണം തട്ടാൻ ശ്രമിക്കുന്നുവെന്നുകാട്ടി നടൻ ഒറ്റപ്പാലം പോലീസിനു നൽകിയ പരാതി ഇവിടെനിന്നു ചേരാനല്ലൂർ പോലീസിനു കൈമാറുകയായിരുന്നു. സംഭവം നടന്നതു ചേരാനല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലായതിനാലാണു കേസ് കൈമാറിയത്.
കുന്നുംപുറത്തെ ഫ്ളാറ്റിൽ വാടകയ്ക്കു താമസിച്ചുവരവേ സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു സ്ത്രീയും സുഹൃത്തും തിരക്കഥ വായിച്ചു കേൾപ്പിക്കാനെന്ന പേരിൽ തന്നെ സമീപിച്ചെന്നും തിരക്കഥ കേട്ടശേഷം അഭിനയിക്കാൻ താൽപര്യമില്ലെന്നു യുവതിയെ അറിയിച്ചിരുന്നെങ്കിലും ഇവർ പിന്നീട് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നുമാണു പരാതി. നേരിട്ടും ഫോണിലും ഭീമമായ തുക ആവശ്യപ്പെട്ടതോടെയാണു നടൻ പരാതി നൽകിയത്. നടൻ ഹാജരാക്കുന്ന തെളിവുകൾ ബോധ്യമായാൽ തുടർ നടപടികൾ എത്രയും വേഗം ഉണ്ടാകുമെന്നും പോലീസ് പറഞ്ഞു. എട്ടുമാസംമുന്പാണു പരാതിക്കു ഇടയായ സംഭവം നടന്നത്.