ദുൽഖർ സൽമാൻ, അദിതി റാവു ഹൈദരി, കാജൽ അഗർവാൾ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘ഹേയ് സിനാമിക’ റിലീസിനൊരുങ്ങുമ്പോൾ ആരാധകർ രസകരമായ മറ്റൊരു ചർച്ചയിലാണ്. ചിത്രത്തിലെ നായികമാരിലൊരാളായ അദിതി റാവു ഹൈദരിയെക്കുറിച്ചാണ് കൗതുകമുണർത്തുന്ന പുതിയ ചർച്ച.
മമ്മൂട്ടിയുടെ നായികയായി 2006ലാണ് അദിതിയുടെ മലയാളത്തിലെ അരങ്ങേറ്റം. 16 വർഷങ്ങൾക്കു ശേഷം മമ്മൂട്ടിയുടെ മകൻ ദുൽഖറിന്റെയും നായികയാവുകയാണ് അദിതി. അങ്ങനെയെങ്കിൽ അദിതിയുടെ പ്രായമെത്രയായിരിക്കും എന്നാണ് ആരാധകരുടെ അന്വേഷണം.
ALSO READ
2006ൽ പുറത്തിറങ്ങിയ പ്രജാപതിയിലൂടെയാണ് അദിതി സിനിമയിൽ സജീവമാകുന്നത്. അതിനു മുമ്പ് ‘ശൃംഗാരം’ എന്നൊരു തമിഴ് സിനിമ ചെയ്തിരുന്നെങ്കിലും അതു തിയ്യേറ്ററിൽ റിലീസ് ചെയ്തത് 2007ലായിരുന്നു. മനോജ് കെ.ജയനായിരുന്നു ശൃംഗാരത്തിൽ അദിതിയുടെ നായകൻ. മൂന്നു ദേശീയ പുരസ്‌കാരങ്ങളടക്കം നേടിയ ആ ചിത്രത്തിലെ അഭിനയമാണ് അദിതിയെ മലയാളത്തിലേക്ക് എത്തിച്ചത്. പിന്നീട്, ബോളിവുഡിലും അദിതി സാന്നിദ്ധ്യമറിയിച്ചു.
ആദ്യ ചിത്രമായ ശൃംഗാരത്തിൽ പ്രത്യക്ഷപ്പെടുന്ന രൂപത്തിൽ നിന്ന് കാര്യമായ മാറ്റങ്ങളൊന്നും ഇത്രയും വർഷത്തിൽ അദിതിക്ക് സംഭവിച്ചിട്ടില്ല. പ്രായത്തെ വെല്ലുന്ന സൂപ്പർതാരങ്ങളുടെ ലുക്കും ഗ്ലാമറും ആരാധകർ ആഘോഷമാക്കുമ്പോൾ നായികമാരുടെ നേട്ടങ്ങൾ പലരും ശ്രദ്ധിക്കാറില്ല. അത്തരമൊരു പശ്ചാത്തലത്തിലാണ് അദിതിയുടെ കരിയറും പ്രായവും ചർച്ചയാകുന്നത്. വിക്കിപീഡിയ പ്രകാരം അദിതിക്ക് പ്രായം 35 ആണ്. എന്നാൽ കാഴ്ചയിലിപ്പോഴും ഇരുപതുകാരിയുടെ ലുക്കും ചുറുചുറുക്കുമാണെന്നാണ് ആരാധകർ പറയുന്നത്.
ALSO READ
സൽമാൻ ഖാൻ സോനാക്ഷി സിൻഹ രഹസ്യവിവാഹം, വിവാഹ ചിത്രം പുറത്ത്: യഥാർത്ഥത്തിൽ സംഭവിച്ചത് ഇങ്ങനെ
പ്രജാപതിക്കു ശേഷം അദിതി മലയാളത്തിലേക്ക് വീണ്ടുമെത്തിയത് 2020ൽ റിലീസ് ചെയ്ത സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെയായിരുന്നു. അതിലെ സുജാത എന്ന കഥാപാത്രം ഏറെ പ്രേക്ഷകപ്രശംസ നേടി. ഹേയ് സിനാമികയൂടെ ദുൽഖറിന്റെ നായിക ആകുമ്പോൾ അച്ഛനും മകനുമൊപ്പം നായികാവേഷം ചെയ്യാൻ കഴിയുകയെന്ന അപൂർവ അവസരമാണ് അദിതിക്ക് ലഭിച്ചത്.
മലയാളത്തിൽ ഇതിനു മുമ്പ് ഇത്തരമൊരു നേട്ടം കൈവരിച്ചത് അംബികയാണെന്നാണ് പ്രേക്ഷകപക്ഷം. പ്രേംനസീറിന്റേയും മകൻ ഷാനവാസിന്റെയും നായികയായി അംബിക അഭിനയിച്ചിട്ടുണ്ടെന്നാണ് പ്രേക്ഷകരുടെ ചർച്ച.