ഇന്ത്യൻ മുൻ നായകനും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനുമായ എംഎസ് ധോണിക്കുള്ള വിശേഷണം തന്ത്രങ്ങളുടെ ‘തല’ എന്നാണ്.
കളിക്കിടയിൽ തന്ത്രങ്ങൾ മെനയുന്ന ധോണിയുടെ മികവ് ലോകകപ്പുകളിലടക്കം നാം കണ്ടിരിക്കുന്നു.
മറ്റുള്ളവരുടെ മനസ് വായിക്കാൻ കഴിവുള്ളയാൾ എന്നാണ് ധോണിക്ക് സഹതാരം യുസ്വേന്ദ്ര ചാഹൽ നൽകുന്ന വിശേഷണം.
ക്രിക്കറ്റിനെ കുറിച്ച് സംശയങ്ങൾ തോന്നുമ്പോൾ മഹി ഭായിയെയാണ് ആദ്യം സമീപിക്കാറ്. അദേഹത്തിന് പരിചയസമ്പത്തിൻറെ കരുത്തുണ്ട്.
എനിക്ക് മാത്രമല്ല, ടീമിലെ എല്ലാവരെയും മഹി ഭായി ഇത്തരത്തിൽ സഹായിക്കും. വിക്കറ്റ് പിന്നിൽ നിൽക്കുന്ന സമയങ്ങളിൽ അദേഹത്തിൻറെ കണ്ണ് ഒരേസമയം ബൗളറിലും ബാറ്റ്സ്മാനിലും ആയിരിക്കും.
ശാരീരിക ചലനങ്ങൾ കൃത്യമായി നിരീക്ഷിക്കാൻ ധോണിക്കാകും. ധോണി മനസ് വായിക്കുന്നയാളെന്നും ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ ആഭിമുഖത്തിൽ ചാഹൽ പറഞ്ഞു.
സീനിയർ താരമെന്ന നിലയിൽ ടീമിലെ യുവതാരങ്ങളെ സഹായിക്കുകയും ഉപദേശങ്ങൾ നൽകുകയുമാണ് ധോണിയുടെ റോൾ.
ചിലപ്പോൾ ധോണി ദേഷ്യപ്പെടാറുണ്ട്, എന്നാലത് താരങ്ങൾ മെച്ചപ്പെടാൻ വേണ്ടിയാണെന്നും ചാഹൽ കൂട്ടിച്ചേർത്തു.
ധോണിയുടെ നായകത്വത്തിലാണ് ചാഹൽ ഏകദിന ടി20 അരങ്ങേറ്റങ്ങൾ കുറിച്ചത്. 41 ഏകദിനങ്ങളിൽ നിന്ന് 72 വിക്കറ്റുകൾ വീഴ്ത്താൻ ചാഹലിനായി.
ലോകകപ്പിൽ ഇന്ത്യയുടെ പ്രതീക്ഷകളിലൊന്നാണ് ഈ വലംകൈയ്യൻ സ്പിന്നർ.