മലയാളത്തിലെ എണ്ണംപറഞ്ഞ സംവിധായകൻമാരിൽ പ്രധാനിയായ റാഫി മെക്കാർട്ടിനും ജനപ്രിയ നായകൻ ദിലീപും ഒന്നിച്ച ചിത്രമാണ് വോയിസ് ഓഫ് സത്യനാഥൻ. നിരവധി സീപ്പർഹിറ്റുകളാണ് റാഫി മലയാളത്തിൽ ഒരുക്കിയിട്ടുള്ളത്. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ദിലീപും റാഫിയും ഒന്നിക്കുന്ന ചിത്രമാണ് വോയിസ് ഓഫ് സത്യനാഥൻ.
ഇരുവരും ഒന്നിച്ച ചിത്രങ്ങൾ എല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു. സാധാരണക്കാരൻ ശബ്ദം ഉയർത്തേണ്ടതിനെ കുറിച്ച് സംസാരിക്കുന്ന ചിത്രം തമാശയുടെ അകമ്പടിയോടെയാണ് മുന്നോട്ട് പോകുന്നത്. കേരളത്തിലെ തീയേറ്ററുകളിലേക്ക് 44 മാസത്തിന് ശേഷമാണ് ദിലീപിന്റെ ഒരു ചിത്രം എത്തിയിരിക്കുന്നത് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
തിയേറ്ററിൽ 10 കോടി കളക്ട് ചെയ്ത് സിനിമ വിജയകരമായി പ്രദർശനം തുടരുന്നതിനിടെ ചിത്രത്തിലെ ഹിന്ദി ഗാനം റിലീസായിരിക്കുകയാണ്. ഒരു മിനിറ്റ് ദൈർഘ്യമുള്ള ‘അപ്നെ ഹക് കേ ലിയാ’എന്ന ഹിന്ദി ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്.
സിനിമയിൽ ജയിലിനകത്തുള്ള ദിലീപിന്റെ കഥാപാത്രമായ സത്യനാഥന്റെ ദൃശ്യങ്ങളാണ് ഗാന രംഗത്തിൽ കാണാനാവുക. സുശാന്ത് സുധാകരൻ രചിച്ച് അങ്കിത് മേനോൻ സംഗീതം ചെയ്ത ഈ ഗാനം സുശാന്ത് സുധാകരൻ, സണ്ണി സോണി, ആഷിഷ്, ഹർഷ്, താനായി ജോഷി എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്.
നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ‘ഓ പർദേസി’ എന്ന ഗാനവും ശ്രദ്ധ നേടിയിരുന്നു. ദിലീപും വീണ നന്ദകുമാറുമാണ് ഗാന രംഗത്തിലുള്ളത്. ഭാര്യയ്ക്കൊപ്പം നഗരം മുഴുവൻ ചുറ്റിക്കറങ്ങുന്ന ദിലീപിന്റെ കഥാപാത്രമാണ് ‘ഓ പർദേസി’ ഗാനത്തിലുള്ളത്.
റാഫി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ വീണാ നന്ദകുമാറാണ് നായികയായി എത്തുന്നത്. ജോജു ജോർജും സുപ്രധാന വേഷത്തിൽ എത്തുന്നു. അതിഥി താരമായി അനുശ്രീയും പ്രത്യക്ഷപ്പെടുന്നുണ്ട്.
ബോളിവുഡ് താരം അനുപം ഖേർ, സിദ്ദിഖ്, അലൻസിയർ ലോപ്പസ്, ജനാർദ്ദനൻ, രമേഷ് പിഷാരടി, ജഗപതി ബാബു, ബെന്നി പി നായരമ്പലം, മകരന്ദ് ദേശ്പാണ്ഡെ, ജാഫർ സാദിഖ്, ഫൈസൽ, സിദ്ദിഖ്, ജോണി ആൻറണി, ബോബൻ സാമുവൽ, അംബിക മോഹൻ, ഉണ്ണിരാജ, സ്മിനു സിജോ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.
ബാദുഷ സിനിമാസ്, ഗ്രാൻഡ് പൊഡക്ഷൻസ് എന്നീ ബാനറുകളിൽ ദിലീപ്, എൻഎം ബാദുഷ, രാജൻ ചിറയിൽ, ഷിനോയ് മാത്യു എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിങും നിർവഹിച്ച ചിത്രം വൻ ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് ആരാധകരും.