വ്യത്യസ്തമായ ഗാനങ്ങളിലൂടെയായി പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ താരമാണ് സുദീപ് കുമാര്‍. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാമായി ഒട്ടനവധി ഗാനങ്ങളാണ് അദ്ദേഹം ആലപിച്ചത്. പ്ലേബാക്ക് സിംഗേഴ്‌സ് അസോസിയേഷനായ സമത്തിന്റെ പ്രസിഡന്റ് കൂടിയാണ് അദ്ദേഹം.
5000ത്തില്‍ അധികം ഗാനങ്ങള്‍ അദ്ദേഹം ആലപിച്ചിട്ടുണ്ട്. ക്ലാസിക്കല്‍ ഡാന്‍സറായ കലാമണ്ഡലം സോഫിയെയാണ് സുദീപ് വിവാഹം ചെയ്തത്. നീഹാരയും മിന്‍സാരയുമാണ് ഇവരുടെ മക്കള്‍. പ്രണയവിവാഹമായിരുന്നു സുദീപിന്റേയും സോഫിയയുടേയും. ഇന്ന് സോഷ്യല്‍മീഡിയയില്‍ സജീവമാണ് സുദീപും കുടുംബവും.
ഇപ്പോഴിതാ സുദീപിന്റെയും സോഫിയയുടെയും പ്രണയ കഥയാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നത്. എംജി ശ്രീകുമാറിന്റെ പറയാം നേടാം എന്ന പരിപാടിയില്‍ അതിഥികളായി എത്തിയപ്പോഴായിരുന്നു ഇരുവരും ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്.
സോഫിയ സീരിയലുകളിലും ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഒരു സിനിമാഷൂട്ടിന്റെ ഇടയിലാണ് താന്‍ സോഫിയയെ കാണുന്നതെന്നും അന്ന് തന്നെ മൈന്‍ഡ് ചെയ്തിട്ടില്ലെന്നും ഒരു അമേരിക്കല്‍ ഷോയ്ക്ക് വേണ്ടി പോകാന്‍ ചെന്നൈയില്‍ എത്തിയപ്പോള്‍ വീണ്ടും കണ്ടപ്പോഴാണ് തങ്ങള്‍ വിശദമായി പരിചയപ്പെട്ടതെന്നും സുദീപ് പറയുന്നു.
ഒരു വര്‍ഷത്തോളം നല്ല സുഹൃത്തുക്കളായിരുന്നു. പിന്നീട് പ്രണയം പറഞ്ഞുവെന്നും വിവാഹം ആലോചിച്ചപ്പോള്‍ രണ്ട് മതമായതിനാല്‍ ആദ്യം വീട്ടുകാര്‍ക്ക് വലിയ താത്പര്യമില്ലായിരുന്നുവെന്നും പിന്നീട് അവരും ഓകെ ആയപ്പോള്‍ കോട്ടയത്തെ ഒരു ഓഡിറ്റോറിയത്തില്‍ വെച്ച് വിവാഹച്ചടങ്ങുകള്‍ നടന്നുവെന്നും സുദീപ് പറയുന്നു.