മലയാളികള്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു താരരാജാവ് മോഹന്‍ലാല്‍ നായകനായി എത്തിയ മലൈക്കോട്ടൈ വാലിബന്‍. സിനിമ പ്രഖ്യാപിച്ചതുമുതല്‍ ദിവസങ്ങളെണ്ണി റിലീസ് ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍.
ലിജോ ജോസ് പെല്ലിശ്ശേരി മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും മലൈക്കോട്ടൈ വാലിബനുണ്ടായിരുന്നു. വലിയ ഹൈപ്പോടുകൂടിയായിരുന്നു ചിത്രം എത്തിയത്. എന്നാല്‍ തിയ്യേറ്ററുകളില്‍ നിന്നും സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്.
പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്ത് ചിത്രത്തിന് വിജയം നേടാന്‍ കഴിഞ്ഞില്ല. ഷിബു ബേബി ജോണായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാതാവ്. ഇപ്പോഴിതാ മോഹന്‍ലാലിനെ കുറിച്ചും ചിത്രത്തെ കുറിച്ചും സംസാരിക്കുകയാണ് ഒരു അഭിമുഖത്തില്‍ ഷിബു ബേബി ജോണ്‍.
രാജസ്ഥാനില്‍ വെച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ട്. താനും ഷൂട്ട് തുടങ്ങിയ ദിവസം ലൊക്കേഷനില്‍ പോയിരുന്നുവെന്നും എന്നാല്‍ പെട്ടെന്ന് തിരിച്ചുപോരേണ്ടി വന്നുവെന്നും ലാല്‍ രണ്ടരമാസത്തോളം അവിടെയായിരുന്നുവെന്നും സ്വകാര്യതയ്ക്ക് വേണ്ടി എപ്പോഴും മാറി നില്‍ക്കാന്‍ കൊതിക്കുന്ന ആളായിരുന്നു ലാലെന്നും എന്നാല്‍ അതെല്ലാം വേണ്ടെന്ന് വെച്ചായിരുന്നു അദ്ദേഹം മാസങ്ങളോളം രാജസ്ഥാനില്‍ ആരുമായും ബന്ധമില്ലാതെ കഴിഞ്ഞതെന്നും ഷിബു ബേബി ജോണ്‍ പറയുന്നു.
പല സ്ഥലങ്ങളിലും ലാല്‍ താമസിച്ചു. അദ്ദേഹത്തിന് അടുപ്പമുള്ള ആരും അവിടെ ഉണ്ടായിരുന്നില്ലെന്നും ലാലിന്റെ ബോറടി മാറ്റാന്‍ താന്‍ ഇടക്ക് സമയം കിട്ടുമ്പോള്‍ അങ്ങോട്ട് പോകാറുണ്ടായിരുന്നുവെന്നും ലാലിന്റെ അവസ്ഥ തന്നെ വല്ലാതെ അലട്ടിയിരുന്നുവെന്നും ലാല്‍ താമസിച്ചിരുന്ന പൊഖ്രാനില്‍ പോയപ്പോഴായിരുന്നു അതിന്റെ ഭീകരത തനിക്ക് മനസ്സിലായതെന്നും നിര്‍മ്മാതാവ് പറയുന്നു.
ലാല്‍ താമസിച്ചിരുന്നത് ഒരു വലിയ കോട്ട പോലത്തെ ബില്‍ഡിംഗിലായിരുന്നു. അതില്‍ പത്തോ പന്ത്രണ്ടോ മുറികളുണ്ടായിരുന്നുവെന്നും ഒരു മുറിയില്‍ നിന്നും അടുത്ത മുറിയിലേക്ക് എത്താന്‍ പ്രയാസമായിരുന്നുവെന്നും ലാല് ആകെ ഒറ്റപ്പെട്ട് കഴിയേണ്ട അവസ്ഥയായിരുന്നുവെന്നും ഷിബു ബേബി ജോണ്‍ പറയുന്നു.