മലയാളികൾ വളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രിയപ്പെട്ടവനായി മാറിയ താരമാണ് കലാഭവൻ ഷാജോൺ. ചെറിയ വേഷങ്ങളിൽ മുൻപ് പല സിനിമകളിലും പ്രത്യക്ഷപ്പെട്ടിരുന്ന താരം പിന്നീട് ദൃശ്യത്തിലെ ക്രൂ രനായ പോലീസുകാരനിലൂടെയാണ് മലയാളികളുടെ പ്രിയപ്പെട്ട താരമായി വളർന്നത്.
പിന്നീട് താരം നിരവധി സിനിമകളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ ചെയ്തത്. സിദ്ദീഖ് സംവിധാനം ചെയ്ത ലേഡീസ് ആൻഡ് ജെന്റിൽമാൻ എന്ന സിനിമയിൽ മോഹൻലാലിനൊപ്പം അഭിനയിച്ചപ്പോഴുള്ള തന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് ഷാജോൺ ഇപ്പോൾ.
തനിക്ക് മോഹൻലാലിന്റെ മുന്നിൽ അഭിനയിച്ച് കയ്യടി വാങ്ങണമെന്നായിരുന്നു വിചാരം. പക്ഷെ, താൻ ചെയ്തത് ശരിയായില്ല.പിന്നീട് മോഹൻലാലാണ് എങ്ങനെ അഭിനയിക്കണമെന്ന് പറഞ്ഞു തന്നതെന്നും ഷാജോൺ പറയുന്നു. ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ താരം പറയുന്നതിങ്ഹനെ.
മോഹൻലാലിന് ഒപ്പം ലേഡീസ് ആൻഡ് ജെന്റിൽ മാനിൽ ഒരു പത്തുനാൽപ്പത്തിയഞ്ചു ദിവസത്തോളം കൂടെയുണ്ടായിരുന്നു. ലാലേട്ടന്റെ മുൻപിൽ ഒന്ന് അഭിനയിച്ച് കാണിക്കാൻ വെമ്പി നിൽക്കുകയാണ്. അങ്ങനെ ഒരു സീനിൽ ആദ്യമായിട്ട് ഒരു ഡയലോഗ് കിട്ടി. ഡയലോഗ് എന്ന് പറഞ്ഞാൽ ബാറിൽ നിന്ന് ഇങ്ങനെ സ്‌മോൾ ഒഴിച്ചു കൊടുത്തിട്ട് സംസാരിക്കുന്നതായിരുന്നു.
അതിൽ തനിക്കാണ് ഫുൾ ഡയലോഗ്, ഏറ്റവുമൊടുവിൽ തന്നെയൊന്ന് നോക്കിയിട്ട് അങ്ങ് പോകുന്ന രംഗം മാത്രമാണ് ലാലേട്ടനുള്ളത്. താൻ വായിച്ചുനോക്കുമ്പോൾ രണ്ട് പേജ് ഡയലോഗുണ്ട്. ‘ഇത് ഞാൻ കലക്കും. ലാലേട്ടനെ കൊണ്ട് കയ്യടിപ്പിച്ച് എന്നെ കെട്ടിപ്പിടിപ്പിക്കും. നോക്കിക്കോ’- എന്ന് പറഞ്ഞാണ് താൻ പോയത്.അങ്ങനെ റിഹേഴ്‌സലിന് മുഴുവൻ പഠിച്ചിട്ട് ഒരൊറ്റ അലക്കങ്ങലക്കുകയായിരുന്നെന്ന് ഷാജോൺ പറയുന്നു.
എന്നിട്ട് താൻ, എങ്ങനെയുണ്ട് ലാലേട്ടാ എന്ന് ചോദിച്ചു. മോൻ ഡയലോഗൊക്കെ പറഞ്ഞു. ഇനി അഭിനയിക്ക് എന്നായിരുന്നു ലാലേട്ടന്റെ മറുപടി. അല്ലാ താൻ അഭിനയിച്ചു എന്ന് പരുങ്ങി പറഞ്ഞപ്പോൾ ഇങ്ങനെയാണോ അഭിനയിക്കുന്നത് എന്നായിരുന്നു ലാലേട്ടന്റെ ചോദിച്ചതെന്ന് ഷാജോൺ പറയുന്നു.
എന്നിട്ട്, നമ്മൾ ഒരു ഡയലോഗ് പറഞ്ഞുകഴിഞ്ഞാൽ അതിന് ഗ്യാപ് ഇടേണ്ട ഒരു സ്ഥലമുണ്ട്. ചേട്ടൻ ഇങ്ങനെ വന്ന് ഇങ്ങനെ ഇരിക്കുമ്പോൾ മോൻ ഒരു ഗ്ലാസിൽ ഇത് ഒഴിച്ചുതരണം. അപ്പോൾ ചേട്ടൻ ഇങ്ങനെ നോക്കും അപ്പോൾ മോൻ ഡയലോഗ് പറയണം. അത് കഴിഞ്ഞ് വെള്ളം ഒഴിച്ചുതരണം. ഞാൻ ആ ഗ്ലാസ് എടുക്കുമ്പോൾ അടുത്ത ഡയലോഗ് പറയണം. അങ്ങനെയൊക്കെ പറഞ്ഞ് ലാലേട്ടൻ തനിക്ക് ഇങ്ങനെ കാര്യങ്ങൾ വിശദീകരിച്ചു തന്നെന്നും ആ സമയത്ത് കിളിപോയെന്നുമാണ് ഷാജോണിന്റെ വെളിപ്പെടുത്തൽ.
ഒരു ടൈമിങ് ഉണ്ടാക്കിവെച്ചതെല്ലാം പോയി. പിന്നെ നമ്മൾ വേറെ ആരുടേയെങ്കിലും കൂടെ അഭിനയിക്കുമ്പോൾ നമുക്കറിയാം ഇയാൾ എപ്പോഴായിരിക്കും നമ്മളെ നോക്കുകയെന്ന്. എന്നാൽ ലാലേട്ടൻ അങ്ങനെ അല്ലെന്നും ഷാജോൺ പറയുന്നു.
ആക്ഷൻ പറഞ്ഞാലും ചിലപ്പോൾ ഒന്നും മിണ്ടാതെയൊക്കെ ഇരുന്ന് കളയും. എന്നാൽ ഇത് സ്‌ക്രീനിൽ വരുമ്പോഴാണ് ആ സൈലൻസിന്റെ അർത്ഥം മനസിലാകുക. ഇതെല്ലാം തനിക്ക് ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്. മമ്മൂക്കയാണെങ്കിലും അങ്ങനെ തന്നെയാണ്. ഓരോ ക്യാരക്ടറിന് വേണ്ടിയും അവർ വരുത്തുന്ന മാറ്റങ്ങളുണ്ട്. ചെറിയ ഒരു സംഭവമായിരിക്കും പിന്നീട് നോക്കുമ്പോഴാണ് നമുക്ക് അത് മനസിലാവുകയെന്നും ഷാജോൺ വിശദീകരിച്ചു.