മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നടി സീമ ജി നായര്‍. നാടകരംഗത്ത് നിന്നും സിനിമയിലും സീരിയലകളിലും എത്തി പിന്നീട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സീമ ജി നായര്‍. പതിനേഴാം വയസില്‍ നാടക വേദിയില്‍ അഭിനയം തുടങ്ങിയ സീമ ആയിരത്തിലേറെ അരങ്ങുകളില്‍ നാടകമവതരിപ്പിച്ചു.
ചേറപ്പായി കഥകളിലൂടെ സീരിയല്‍ രംഗത്തേക്കും പാവം ക്രൂരന്‍ എന്ന ചിത്രത്തിലൂടെ സിനിമയിലും അരങ്ങേറ്റം നടത്തിയ സീമ മലയാളത്തിലെ മികച്ച അഭിനേത്രികളിലൊരാളായാണ് വിലയിരുത്തപ്പെടുന്നത്. ചെറുതും വലുതുമായി ധാരാളം വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും സീമകള്‍ ഇല്ലാത്ത സ്‌നേഹത്തിന്റെ പേരിലാണ് സീമ ജി നായരെ ഇപ്പോള്‍ മലയാളികള്‍ നെഞ്ചേറ്റുന്നത്.
സഹ പ്രവര്‍ത്തക ആയിരുന്ന നടി ശരണ്യയുടെ ചികിത്സക്കായി കൈമെയ് മറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി യപ്പോള്‍ മുതലാണ് സീമയെ മലയാളികള്‍ അടുത്തറിഞ്ഞ് തുടങ്ങിയത്. ഇന്ന് നിരവധി രോഗികള്‍ക്ക് ചികിത്സയ്ക്ക് വേണ്ട സഹായങ്ങളും മറ്റുമായി സീമ സജീവമാണ്.
അതേസമയം, തന്നെ ഒരുപാട് പേര് സഹായം ചോദിച്ച് വിളിക്കുന്നുണ്ടെന്നും എന്നാല്‍ തനിക്ക് പരിധികളുണ്ടെന്നുമാണ് താരം പറയുന്നത്. ഇപ്പോള്‍ ഒരുപാട് പേരാണ് തന്നെ സഹായം ചോദിച്ച് വിളിക്കുന്നത്. എന്ത് ചെയ്യണം എന്നറിയില്ല, പണമുള്ളവര്‍ ആണെങ്കില്‍ അതെല്ലാം കെട്ടിപ്പൂട്ടി വയ്ക്കുകയാണ് എന്നും സീമ പ്രതികരിക്കുന്നു.
ഇവിടെ നിന്നും പോകുമ്പോള്‍ ഇതൊന്നും കൊണ്ട് പോകില്ലെന്ന് അറിയാമെങ്കിലും അതൊന്നും ആര്‍ക്കും സഹായം നല്‍കാതെ കെട്ടിപ്പൂട്ടി വയ്ക്കുകയാണ് പലരും. കുറെയധിയകം പേരുടെ സഹായ അഭ്യര്‍ത്ഥന കുറിപ്പുകള്‍ വായിക്കാന്‍ ബാക്കി ഉണ്ടെന്നും എന്നാല്‍ തനിക്ക് ഒന്നും എഴുതാന്‍ പറ്റുന്നില്ല എന്നുമാണ് സീമ പറഞ്ഞത്.
കഴിഞ്ഞ ദിവസം ഷഹീന്‍ തനിക്ക് അയച്ച ഒരു കുഞ്ഞിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിനെ കുറിച്ചും സീമ ജി നായര്‍ പറയുന്നുണ്ട്. അത് കഴിഞ്ഞു ഒരു നൂറ് രൂപ ചലഞ്ചുമായി വരികയും ചെയ്തിരുന്നു. എന്നാല്‍ എന്നിട്ടും കുഞ്ഞിനെ ചികിത്സക്കുള്ള പണം തികഞ്ഞിട്ടില്ലെന്നാണ് താരം വെളിപ്പെടുത്തുന്നത്.
ഈ സമയത്ത് ഷഹീന്‍ എന്ന സാമൂഹിക പ്രവര്‍ത്തകന്‍ അദ്ദേഹത്തിന് പനികൂടി ആശുപത്രി കിടക്കയില്‍ കിടക്കുകയാണ്. അപ്പോഴും അവന്‍ തന്നോട് പറഞ്ഞത് സ്വന്തം ആരോഗ്യത്തെ കുറിച്ചായിരുന്നില്ലെന്നും പകരം ആ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കുന്നതിനെ കുറിച്ചായിരുന്നു സീമ വ്യക്തമാക്കുന്നു.
പണമുള്ളവര്‍ തങ്ങളുടെ വരും തലമുറയ്ക്ക് സുഖമായി ജീവിക്കാനുള്ളത് സമ്പാദിക്കുന്ന തിരക്കില്‍ കഴിയുമ്പോള്‍ പണമില്ലാത്തവര്‍ എങ്ങനെ മറ്റുള്ളവരെ സഹായിക്കണമെന്നാലോചിച്ച് ആശങ്കയില്‍ ആണെന്നാണ് താരം പറയുന്നത്.
പലരും ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ഉള്ളവന്റെയും ഇല്ലാത്തവന്റെയും മുന്നില്‍ കൈനീട്ടുന്നുണ്ടെങ്കിലും കാര്യമില്ല. എന്നാല്‍ ഈ സാഹചര്യങ്ങളിലാണ് ഗവണ്മെന്റ് ഇടപെടേണ്ടത് എന്ന് സീമ ചൂണ്ടിക്കാണിക്കുന്നു.