ഏഷ്യാനെറ്റില്‍ വിജയകരമായി പൂര്‍ത്തിയായ ബിഗ്ബോസ് മലയാളം സീസണ്‍ നാലിലെ മല്‍സരാര്‍ത്ഥി ആയിരുന്നു ശാലിനി നായര്‍. ഷോയില്‍ നിന്നും താരം പുറത്താവുകയായിരുന്നു. ബിഗ്ബോസ് ഹൗസില്‍ ബാലാമണി എന്നാണ് ശാലിനി നായര്‍ അറിയപ്പെട്ടത്. ഇമോഷണലി വളരെ അധികം വീക്ക് ആണ് എന്നും കമന്റുകള്‍ വന്നിരുന്നു.
എന്നാല്‍ ജീവിതത്തിലെ പല സാഹചര്യങ്ങളെയും ധൈര്യത്തോടെ നേരിട്ട ആളാണ് താന്‍, ഒരിക്കലും ഇമോഷണലി വീക്ക് അല്ല എന്നാണ് ശാലിനി പറയുന്നത്. സാധാരണക്കാരിയായ ഒരു നാട്ടിന്‍പുറത്തുകാരിയില്‍ നിന്നുമാണ് ശാലിനി ഇന്നത്തെ നിലയിലേക്ക് ഉയര്‍ന്നത്. അവതാരകയായും മോഡലായിട്ടുമൊക്കെ തിളങ്ങി നില്‍ക്കുകയാണിപ്പോള്‍. തുച്ഛമായ ശമ്പളത്തില്‍ ജോലി ചെയ്തു തുടങ്ങിയതിനെക്കുറിച്ചുമൊക്കെ താരം തുറന്നു പറഞ്ഞിരുന്നു.
പല മേഖലകളില്‍ പ്രവര്‍ത്തിക്കുമ്പോഴും ടെലിവിഷന്‍ അവതാരക എന്ന മേല്‍വിലാസത്തെയാണ് ശാലിനി തന്നോട് കൂടുതല്‍ ചേര്‍ത്ത് നിര്‍ത്തുന്നത്. വിജെ ശാലിനി നായര്‍ എന്നാണ് തന്റെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ ശാലിനി നല്‍കിയിരിക്കുന്ന പേര്. കഷ്ടപ്പാടിലൂടെ കടന്നുവന്ന ശാലിനി ഇന്ന് പ്രമുഖ ടെലിവിഷന്‍ ചാനല്‍ പ്രോഗ്രാമുകളുടെയും ചാനല്‍ അവാര്‍ഡ് നിശകളുടെയുമൊക്കെ അവതാരകയായി ശോഭിക്കുകയാണ്.
ഇതിനിടെ അഭിനയരംഗത്തും ഒരു കൈ നോക്കി. എന്നാല്‍ ബിഗ് ബോസ് ഷോയില്‍ പങ്കെടുക്കാന്‍ എത്തി എങ്കിലും വീട്ടില്‍ അധിക നാള്‍ നില്‍ക്കാന്‍ കഴിഞ്ഞില്ല. കുറഞ്ഞ സമയത്തിനുള്ളില്‍ തനിക്ക് വേണ്ട ആരാധകരെ ശാലിനി സമ്പാദിച്ചിരുന്നു.
ഇപ്പോഴിതാ തന്റെ അച്ഛനെ കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ശാലിനി നായര്‍. ‘ഒഎല്‍എക്സില്‍ ഇടാന്‍ പാകത്തിന് കേടുപാടുകള്‍ പറ്റി തുടങ്ങിയ ഹൃദയത്തിനെ തുന്നി ചേര്‍ത്ത് എന്നെ ഇന്നത്തെ ഞാനാക്കി മാറ്റിയ ഞങ്ങളുടെ വീട്ടിലെ ഡോക്ടര്‍, അച്ഛന്‍. വിളക്ക്, പൂരം എന്ന് വേണ്ട അമ്പലത്തിലെ എന്ത് വിശേഷം ഉണ്ടായാലും സംഭാവന പിരിക്കാനും അനൗണ്‍സ്‌മെന്റിനും ജീപ്പിന്റെ മുന്‍ സീറ്റില്‍ മൈക്ക് എടുത്ത് ഇരിക്കണ അച്ഛനെ കാണുമ്പോള്‍ അഭിമാനമായിരുന്നു. ഒരിക്കല്‍ കൊച്ചിയില്‍ ഒരു പുതുവര്‍ഷ പ്രോഗ്രാമിന് സംസാരിച്ചു കൊണ്ടിരിക്കെ ഒരു സാഹചര്യത്തില്‍ അച്ഛനെ കുറിച്ച് സംസാരിക്കുകയുണ്ടായി.’
‘അന്ന് അച്ഛന്‍ ഓട്ടോറിക്ഷ തൊഴിലാളിയാണ് എന്ന് പറഞ്ഞ ഒറ്റ കാരണം കൊണ്ട് ഹൈടെക് കൊച്ചിയിലെ എന്റെ സുഹൃത്ത് കൂടിയായ ഒരു പെണ്‍കുട്ടിക്ക് മറ്റ് സമ്പന്നരായ തന്റെ സുഹൃത്തുക്കള്‍ക്ക് മുന്നില്‍ അച്ഛന്റെ ജോലി കുറച്ചിലായി പോയി. വെക്കേഷന് വീട്ടില്‍ ചെല്ലുമ്പോള്‍ ഡാഡി പോക്കറ്റ് മണി തന്നയക്കാറുണ്ട് എന്ന് പറയാനുള്ള സാഹചര്യം എല്ലാവര്‍ക്കും ഉണ്ടായിക്കൊള്ളണം എന്നില്ല. ഗംഗേട്ടന്റെ മകളാണ് എന്ന് ഇന്ന് പലരും എന്നിലേക്ക് അച്ഛനെ നിര്‍ത്തികൊണ്ട് കൈ ചൂണ്ടുമ്പോള്‍ ആ പഴയ സുഹൃത്തിനോട് ഞാന്‍ പറയാന്‍ ആഗ്രഹിക്കുകയാണ്.’
‘ എന്റെ അച്ഛന്‍ സമ്പന്നനാണ് ഹൃദയം കൊണ്ട്’- എന്നായിരുന്നു ശാലിനിയുടെ കുറിപ്പ്.
അതേസമയം, നിരവധി പേരാണ് പോസ്റ്റിന് താഴെയായി കമന്റുകളുമായെത്തിയത്. ശാലിനിയെപ്പോലൊരു മകളെ കിട്ടിയത് അച്ഛന്റെ സുകൃതമാണെന്നും, അച്ഛനെ അറിയാം നല്ല മനുഷ്യനാണ്, പ്രൗഡ് ഡോട്ടറും ഫാദറും തുടങ്ങിയ കമന്റുകളാണ് പോസ്റ്റിന് താഴെ.