രാജ്യത്ത് തന്നെ ആകെ തരംഗമാവുകയാണ് സൂപ്പർസ്റ്റാർ ചിത്രം ജയിലർ. അണ്ണാത്തെയുടെ പരാജയത്തിന് ശേഷം തിയറ്ററിലെത്തിയ രജനി ചിത്രമായതുകൊണ്ടുതന്നെ താരത്തിനും വിജയത്തിന്റെ കാര്യത്തിൽ ആശങ്ക ഉണ്ടായിരുന്നു എന്നു വേണം കരുതാൻ. സംവിധായകൻ നെൽസൺ ദിലീപ് കുമാറിന്റെയും അവസ്ഥയും സമാനമായിരുന്നു. ബീസ്റ്റ് എന്ന ചിത്രത്തിന്റെ വലിയ പരാജയത്തിന് ശേഷമാണ് ജയിലർ സിനിമ എത്തിയത്.
അതേസമയം, ജയിലർ സിനിമ നേടിയ അമ്പരപ്പിക്കുന്ന വിജയം നെൽസന്റെയും രജനികാന്തിന്റെയും വിജയം കൂടിയാവുകയാണ്. വിജയ് നായകനായി എത്തിയ നെൽസൺ ചിത്രമായിരുന്നു ‘ബീസ്റ്റ്’. ആരാധകരുടെ പ്രതീക്ഷകളെ തകിടം മറിച്ചാണ് ചിത്രം തിയറ്ററിൽ പരാജയപ്പെട്ടത്.
ഇപ്പോഴിതാ ജയിലർ വിജയത്തിന് പിന്നാലെ തനിക്ക് ചെയ്യാനാഗ്രഹമുള്ള പ്രോജക്ടിനെ പറ്റി പറയുകയാണ് സംവിധായകൻ നെൽസൺ. രജിനികാന്തിനേയും വിജയ്യേയും ഒന്നിച്ച് സ്‌ക്രീനിൽ കാണുന്നതിനെ പറ്റി ആലോചിച്ചിട്ടുണ്ടെന്ന് നെൽസൺ പറഞ്ഞു. ഇരുവരേയും ഒന്നിപ്പിക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നും എന്നാൽ ആ കോമ്പിനേഷൻ മാരകമായിരിക്കുമെന്നും നെൽസൺ ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഞാൻ അവരെ രണ്ട് പേരെയും ഒന്നിച്ച് കൊണ്ടുവന്നാൽ എങ്ങനെയിരിക്കും എന്ന് ആലോചിച്ചിക്കാറുണ്ട്. അവരുടെ രണ്ട് പേരുടെയും ബോഡി ലാംഗ്വേജും നേച്ചറും എനിക്കിഷ്ടമാണ്. ആ ഒത്തുചേരലിന് വലിയ സ്വാഗുണ്ടാവും. ജയിലറിന്റെ സമയത്ത് എനിക്കത് ഫീൽ ചെയ്യാൻ സാധിച്ചു- എന്നാണ് നെൽസന്റെ വാക്കുകൾ.
ജിലർ സിനിമ ബോക്‌സ് ഓഫീസിൽ കുതിപ്പ് തുടരുകയാണ്. മൂന്ന് ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ നിന്ന് 200 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരിക്കുകയാണ് ജയിലർ. പ്രമുഖ ട്രാക്കർമാരെല്ലാം ഈ കണക്കുകൾ ശരി വെക്കുന്നുണ്ട്. തമിഴ്‌നാട്ടിൽ നിന്നുമാത്രം 100 കോടിക്കടുത്ത് കളക്ഷൻ നേടിയെന്നാണ് വിവരം.
ഏറെ കാലത്തിന് ശേഷം കേരളത്തിലെ തിയേറ്ററുകളിലും വലിയ ഉണർവ്വ് കാണിക്കുന്നുണ്ട് ജയിലർ ചിത്രത്തിലൂടെ. ഈ സിനിമ കേരളത്തിൽ നിന്ന് മാത്രം 5.5 കോടി രൂപ ചിത്രം ആദ്യ ദിനം സ്വന്തമാക്കിയിരുന്നു.
വിജയ്ക്കും കമൽഹാസനും ശേഷം കേരളത്തിൽ നിന്ന് ആദ്യ ദിനത്തിൽ 5 കോടിക്ക് മുകളിൽ കളക്ഷൻ സ്വന്തമാക്കുന്ന നടൻ എന്ന റെക്കോഡും രജിനികാന്ത് ഇതിലൂടെ സ്വന്തമാക്കുകയും ചെയ്തു.