വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരസുന്ദരിയാണ് മംമ്ത മോഹൻദാസ്. മലയാള സിനിമയിലെ ക്ലാസ്സിക് കൂട്ടുകെട്ടായ എംടി ഹരിഹരൻ ടീമിന്റെ മയൂഖം എന്ന ചിത്രത്തിലൂടെയാണ് മംമ്ത മോഹൻദാസ് മലയാള സിനിമയിലക്ക് അരങ്ങേറിയത്.
നടി എന്നതിലുപരി മികച്ച ഗായികയും മോഡലുമാണ് താരം. മലയാളത്തിന് പിന്നാല തമിഴകത്തേക്കും ചേക്കേറിയ താരം അഭിനയവും ഗാനാലാപനവും ആയി അവിടേയും തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. ‘ഒരുത്തി’ക്ക് ശേഷം വികെ പ്രകാശ് ഒരുക്കിയ ലൈവ് ആണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം.
ഇപ്പോഴിതാ ലൈവ് സിനിമയുടെ ഭാഗമായി നടത്തിയ പരിപാടിക്കിടെ മംമ്ത നടത്തിയ പരാമർശങ്ങളാണ് ചർച്ചയാകുന്നത്. സിനിമാ ലോകത്തെ ലഹരി ഉപയോഗത്തെ കുറിച്ചായിരുന്നു മംമ്തയുടെ തുറന്നുപറച്ചിൽ.
ചിലപ്പോൾ ലഹരിവസ്തുക്കൾ ഉപയോഗിക്കാത്തവരുടെ ഭാഗത്തുനിന്നും സിനിമയിൽ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെന്നാണ് മംമ്ത പറയുന്നത്. കുടുംബ പ്രശ്നങ്ങളോ മറ്റ് കാരണങ്ങളോ അഭിനയത്തെ ബാധിക്കാം. ലഹരി ഉപയോഗിക്കാത്തവരും സിനിമാ മേഖലയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ടെന്നും മംമ്ത വിശദീകരിച്ചു.
വികെ പ്രകാശ് സംവിധാനം ചെയ്ത ലൈവ് ചിത്രത്തിന്റെ പ്രമോഷന് വേണ്ടി ദുബായിൽ എത്തിയതായിരുന്നു മംമ്ത. ഇപ്പോൾ മലയാള സിനിമാ ലോകത്ത് പെയ്ഡ് റിവ്യൂകളുടെ കാലമാണെന്നാണ് വികെ പ്രകാശ് വിമർശിച്ചത്. പണം നൽകിയാൽ നന്നായിട്ടും ഇല്ലെങ്കിൽ മോശമായും ചില ഓൺലൈൻ മാദ്ധ്യമങ്ങൾ സിനിമകളെക്കുറിച്ച് എഴുതുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പലപ്പോഴും മോശമായി എഴുതുമ്പോൾ അത് പലരെയും ബാധിക്കാറുണ്ട്. ഇന്നത്തെ കാലത്തിനനുസരിച്ച് ജീവിച്ചു പോകണമെന്നും വികെ പ്രകാശ് പറഞ്ഞു. വി കെ പ്രകാശ്, നടി പ്രിയാ വാര്യർ, സമദ് ട്രൂത്ത് എന്നിവരാണ് പരിപാടിയിൽ പങ്കെടുത്തത്.