മലയാളത്തിലെ സൂപ്പർതാരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും. ഇരുവർക്കും പിൻഗാമികൾ ആരാണെന്ന ചർച്ച ഒരുപാട് നാളായി തുടരുന്നതാണ്. എങ്കിലും താരസിംഹാസനത്തിൽ ഇന്നും തുടരുകയാണ് മോഹൻലാലും മമ്മൂട്ടിയും. വ്യത്യസ്തമായ വേഷങ്ങൾ അവതരിപ്പിച്ച് പ്രേക്ഷക ഹൃദയത്തിൽ സ്ഥാനം നേടിയവരാണ് ഇരുവരും. ആദ്യകാലങ്ങളിൽ ഇരുവരും നിരവധി ചിത്രങ്ങളിലാണ് ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്.
ഇപ്പോഴിതാ മുൻകാലത്തെ ഒരു ഹിറ്റ് ചിത്രത്തിൽ മമ്മൂട്ടിയുടെ ശബ്ദത്തിന് മോഹൻലാൽ ചുണ്ടനക്കിയിട്ടുണ്ട് എന്ന യാഥാർഥ്യം അധികപേർക്കും അറിയില്ല. മമ്മൂട്ടി മോഹൻലാലിന് വേണ്ടി ഡബ്ബ് ചെയ്‌തെന്നതല്ല ഇതിനെ വ്യത്യസ്തമാക്കുന്നത്. പിൽക്കാലത്ത് സൂപ്പർതാരങ്ങളായിമാറിയ രണ്ടുപേരുടേയും ആദ്യകാലങ്ങളിലേക്കുള്ള ാെരു തിരിച്ച് പോക്കാണിത്.
നമ്പർ 20 മദ്രാസ് മെയിൽ സിനിമയിൽ മോഹൻലാൽ മമ്മൂട്ടിയുടെ ശബ്ദം അനുകരിക്കുന്ന ഒരു വേറിട്ട സന്ദർഭമായിരുന്നു അതെന്നതാണ് സത്യം. മമ്മൂട്ടിയുടെ ശബ്ദത്തിൽ മോഹൻലാൽ ഫോൺ വിളിക്കുന്ന രംഗത്തിലാണ് ഈ ഡബ്ബിംഗ്.
തന്റെ ശബ്ദം കേട്ടാൽ ഞാൻ ആരാണ് എന്ന് മലയാളികൾക്ക് മനസ്സിലാകും എന്ന ഡയലോഗാണ് മമ്മൂട്ടി പറയുന്നത്. തന്നെ അനുകരിക്കുന്ന ആ രംഗത്തിനായി താൻ മോഹൻലാലിന് ശബ്ദം നൽകി എന്ന അപൂർവതയാണ് ഇവിടെ ഉള്ളത്.
നമ്പർ 20 മദ്രാസ് മെയിലിനെ കുറിച്ച് മമ്മൂട്ടി മോഹൻലാലിന് ഡബ്ബ് ചെയ്ത സിനിമ എന്ന് തമാശയായിട്ടാണെങ്കിലും പറയാമെനന്തും കൗതുകമാണ്. 1990ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. മമ്മൂട്ടിയും മോഹൻലാലും മികച്ച പ്രകടനങ്ങളുമായി ചിത്രത്തിൽ നിറഞ്ഞുനിന്നു.
ചിത്രത്തിൽ ടോണി എന്ന കാഥാപാത്രമായി മോഹൻലാൽ എത്തിയപ്പോൾ, യഥാർഥ മമ്മൂട്ടി ആയിട്ട് തന്നെയാണ് മമ്മൂട്ടി ചിത്രത്തിൽ വേഷമിട്ടത്. ഈ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത് ജോഷിയായിരുന്നു. തിരക്കഥ ഡെന്നിസ് ജോസഫായിരുന്നു. നിർമാണം ടി ശശി.