സോഷ്യല്‍മീഡിയയില്‍ വൈറലാണ് മല്ലൂസ് ഫാമിലി. അച്ഛനില്ലാതെ വളരേണ്ടി വന്ന കുടുംബത്തിന്റെ കഥകള്‍ പ്രേക്ഷകര്‍ക്കും സുപരിചിതമാണ്. ഇവരുടെ ബുദ്ധിമുട്ടുകളും വിഷമവും സന്തോഷങ്ങളും വിശേഷങ്ങളും എല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്.
ഇപ്പോഴിതാ അച്ഛന്റെ സ്‌നേഹം കിട്ടാതെ വളര്‍ന്ന തനിക്ക് ഇപ്പോള്‍ ഒരച്ഛന്റെ സ്‌നേഹം കിട്ടിയെന്ന് പറയുകയാണ് കുഞ്ഞൂസ്. സ്വന്തം അച്ഛന്റെ കൂടെ ഒരു ഫോട്ടോ എടുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല എന്നാല്‍ ജന്മം തന്ന അച്ഛനെക്കാള്‍ കൂടുതല്‍ അച്ഛാ എന്ന് വിളിച്ചത് എന്റെ ഈ അച്ഛനെയാണ് എന്ന് ഭര്‍ത്താവിന്റെ പിതാവിനെ കുറിച്ച് കുഞ്ഞൂസ് പറയുന്നു.
കുഞ്ഞായിരിക്കുമ്പോ നാവിന്റെ തുമ്പത്തിന്ന് ദൈവം തട്ടിത്തെറിപ്പിച്ചതാണ് അച്ഛാ എന്ന വിളിയും വിളിക്കാനുള്ള അവസരം. സ്‌കൂളില്‍ പഠിക്കുമ്പോ കൂട്ടുകാരെല്ലാം അച്ഛനാ കൊണ്ട് വിട്ടത് പറയുമ്പോ ഞാനും കൊതിച്ചിട്ടുണ്ട് അച്ഛന്റെ കൈ പിടിച്ചു സ്‌കൂളില്‍ വരാനൊക്കെ.
ഞങ്ങളെ നോക്കാനുള്ള ഓട്ടപാച്ചിലില്‍ അമ്മടെ കൈ പിടിച്ചു വരാനുള്ള ഭാഗ്യം പോലും വളരെ കുറവായിരുന്നു. വൈകിട്ട് ജോലി കഴിഞ്ഞു വരുന്ന അച്ഛന്റെ കയ്യിന്ന് മുട്ടായി പൊതിയും പലഹാരവും വാങ്ങിക്കാന്‍ കൊതിച്ചിട്ടുണ്ട് പക്ഷെ നടന്നിട്ടില്ല. ആ ആഗ്രഹവും സാധിച്ചു തന്നിരുന്നത് അമ്മയാണ്.
എന്നാല്‍ ദൈവം മറ്റൊരു രീതിയില്‍ ഇതിനെല്ലാം അവസരം ഒരുക്കി വെച്ചിരുന്നു എന്നറിഞ്ഞത് കല്യാണം കഴിഞ്ഞു എന്റെ ഉദയച്ചനെ കിട്ടിയപ്പോളാ. ഇപ്പൊ ഞാന്‍ ഒത്തിരി ഹാപ്പി ആണ്.
കൊതി തീരും വരെ അച്ഛാന്നു വിളിക്കാന്‍ എനിക്കൊരു അച്ഛന്‍ ഉണ്ട്, വൈകിട്ട് വരുമ്പോ പറഞ്ഞാലും പറഞ്ഞില്ലെങ്കിലും അച്ഛന്റെ കയ്യിലെ കവറില്‍ ഒരു പൊതി കാണും അതൊരു പ്രതീക്ഷയാണ്. ആവശ്യത്തിനും അല്ലാതെയും ചുമ്മാ കേറി അച്ഛാ അച്ഛാ വിളിക്കാറുണ്ട് ഞാന്‍ സത്യത്തില്‍ ആ വിളിയോടുള്ള കൊതി കൊണ്ടും ഇഷ്ട്ടം കൊണ്ടും ആണ് ട്ടോ.
മകന്റെ ഭാര്യാ ആണെന്നതിനേക്കാള്‍ കൂടുതല്‍ ഒരു മോളോടുള്ള സ്‌നേഹം തരുന്ന അച്ഛനോട് എനിക്കൊത്തിരി ഇഷ്ടാണ്- എന്ന് കുഞ്ഞൂസ് പറയുന്നു.
മുന്‍പ് കുഞ്ഞൂസിന്റെ ചേട്ടന്‍ തങ്ങളുടെ അമ്മയുടെ കഷ്ടപ്പാടിനെ കുറിച്ച് പറഞ്ഞിരുന്നു. അച്ഛന് കള്ള് കുടിച്ച് വന്ന് അമ്മയെ ഉപദ്രവിക്കുമായിരുന്നു എന്ന് കുഞ്ഞൂസ് ഒരു കോടിയില്‍ വച്ച് പറഞ്ഞിരുന്നു.
മദ്യപിച്ച് വന്ന് എന്നും അമ്മയെ തല്ലുമായിരുന്നു. കുഞ്ഞായിരുന്ന ചേട്ടനെ എടുത്ത് എറിയുന്നതും അച്ഛന്റെ വിനോദമായിരുന്നു. കുഞ്ഞൂസ് ആവുന്നതിന് മുന്‍പേ തന്നെ അച്ഛനെ ഉപേക്ഷിച്ച് ഇറങ്ങാന്‍ അമ്മ ശ്രമിച്ചിരുന്നു.
എന്നാല്‍ അതിന് സാധിച്ചില്ല, പിന്നീട് കുഞ്ഞൂസും ജനിച്ച ശേഷം, മൂന്ന് വയസ്സ് പ്രായമായപ്പോഴാണ് അച്ഛനോട് പറയാതെ അമ്മ മക്കളെ കൂട്ടി ആ വീടുവിട്ടിറങ്ങിയതെന്ന് മല്ലൂസ് ഫാമിലി ഫ്‌ളവേഴ്‌സ് ചാനലിലെത്തിയപ്പോള്‍ പറഞ്ഞിരുന്നു.