കഴിഞ്ഞ ദിവസമാണ് നിവിന്‍ പോളി നായകനായി എത്തിയ മലയാളി ഫ്രം ഇന്ത്യ എന്ന ചിത്രം തിയ്യേറ്ററുകളിലെത്തിയത്. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
നിവിന്‍ പോളിയുടെ ശക്തമായ തിരിച്ചുവരവാണ് ചിത്രത്തിലൂടെ ഉണ്ടായിരിക്കുന്നത്. ശക്തമായ രാഷ്ട്രീയം പറയുന്ന ചിത്രം കാലിക പ്രസ്‌കതമായ വിഷയമാണ് അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസനും അനശ്വര രാജനും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.
ആല്‍പ്പറമ്പില്‍ ഗോപി എന്ന കഥാപാത്രത്തെയാണ് നിവിന്‍ പോളി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നാടനും വീടിനും ഗുണമില്ലാത്ത നായക കഥാപാത്രമാണ് ആദ്യപകുതിയില്‍ നിവിന്‍ പോളിയുടേത്. രാഷ്ട്രീയവും ക്രിക്കറ്റുമായി നടക്കുന്നയാളാണ് ഗോപി.
ഗോപിയുടെ കൂട്ടുകാരനായ മല്‍ഘോഷ് എന്ന കഥാപാത്രത്തെയാണ് ധ്യാന്‍ ശ്രീനിവാസന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഈ കോംമ്പോയിലാണ് മലയാളി ഫ്രം ഇന്ത്യയുടെ ആദ്യ പകുതി മുന്നോട്ട് പോകുന്നത്.
എന്നാല്‍ രണ്ടാംപകുതിയില്‍ കഥ മാറി മറിയുകയും ഗോപിയുടെ കഥാപാത്രത്തിന്റെ വമ്പന്‍ ജീവിതഉയര്‍ച്ചയുമാണ് കാണിക്കുന്നത്. നര്‍മ്മത്തിനും ഇമോഷനും ഒരുപോലെ പ്രാധാന്യം നല്‍കുന്നതാണ് ചിത്രത്തിന്റെ രണ്ടാംഭാഗം.
വളരെ മനോഹരമായിട്ടാണ് ഡിജോ ജോസ് ആന്റണി ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ചിത്രം കണ്ട പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നുണ്ട്. ഡിജോ ജോസിന്റെ ജനഗണമന എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയ ഷാരിസ് മുഹമ്മദാണ് മലയാളി ഫ്രം ഇന്ത്യയുടേയും തിരക്കഥ ഒരുക്കിയിരിക്കുന്നത്.