മലയാളികളുടെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് മാള അരവിന്ദന്‍. വ്യത്യസ്തമാര്‍ന്ന ഒത്തിരി കഥാപാത്രങ്ങളാണ് മാള അരവിന്ദന്‍ മലയാള സിനിമയില്‍ സമ്മാനിച്ചത്. മലയാളി പ്രേക്ഷകരെ ഒത്തിരി ചിരിപ്പിക്കുകയും അതേസമയം കരയിപ്പിക്കുകയും ചെയ്ത മികച്ച നടന്മാരില്‍ ഒരാളാണ് അദ്ദേഹം.
മാള അരവിന്ദന്റെ വിയോഗം മലയാള സിനിമയില്‍ തീരാനഷ്ടം തന്നെയായിരുന്നു. അദ്ദേഹം സിനിമയില്‍ എത്തിയത് നാടകങ്ങളിലൂടെയായിരുന്നു. 1967-ല്‍ അഭിനയിച്ച തളിരുകളാണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രം. എന്നാല്‍ തിയ്യേറ്ററുകളില്‍ ആദ്യമെത്തിയത് സിന്ദൂരം എന്ന ചിത്രമാണ്.
ഇതിന് ശേഷം ഒത്തിരി അവസരങ്ങളാണ് മാള അരവിന്ദനെ തേടിയെത്തിയത്. അദ്ദേഹം പിന്നീടങ്ങോട്ട് മലയാള സിനിമയില്‍ സജീവമായി മാറി. 2015ലാണ് അദ്ദേഹം നമ്മെ വിട്ടുപോയത്. ഇപ്പോഴിതാ മാള അരവിന്ദനെ കുറിച്ച് മകന്‍ കിഷോര്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.
സിനിമാ രംഗത്ത് സജീവമല്ലാത്ത തനിക്ക് സിനിമയിലെ ആരുമായും വലിയ ബന്ധങ്ങളൊന്നുമില്ലെന്നും മമ്മൂട്ടിയും അച്ഛനും തമ്മില്‍ നല്ല ബന്ധമായിരുന്നുവെന്നും കിഷോര്‍ പറയുന്നു. ഷൂട്ടിങ് ലൊക്കേഷനില്‍ അച്ഛനൊപ്പം താനും പോകുമായിരുന്നുവെന്നും മമ്മൂട്ടിയെ അങ്ങനെയാണ് നേരില്‍ കണ്ടതെന്നും കിഷോര്‍ കൂട്ടിച്ചേര്‍ത്തു.
മമ്മൂട്ടിയും അച്ഛനും തമ്മില്‍ ആഴത്തിലുള്ള ബന്ധമുള്ളതായാണ് തോന്നിയത്. സിനിമാരംഗത്ത് അച്ഛന് ഏറ്റവും അടുപ്പം മമ്മൂക്കയോടായിരുന്നുവെന്നും അവര്‍ക്കിടയിലുള്ള ആത്മബന്ധം തനിക്ക് മനസ്സിലായത് അച്ഛന്റെ മരണശേഷമായിരുന്നുവെന്നും കിഷോര്‍ പറഞ്ഞു.
താന്‍ മരിച്ചാല്‍ മമ്മൂട്ടി വരാമെന്ന് പറഞ്ഞിട്ടുണ്ടെന്ന് അച്ഛന്‍ പറയുമായിരുന്നു. അച്ഛന്റെ മരണസമയത്ത് അദ്ദേഹം ദുബായിയിലായിരുന്നു. എന്നാല്‍ മരണവാര്‍ത്ത കേട്ടതോടെ എല്ലാ പരിപാടികളും കാന്‍സല്‍ ചെയ്ത് അദ്ദേഹം അച്ഛനെ അവസാനായി ഒന്നുകാണാന്‍ ഓടിയെത്തിയെന്നും കിഷോര്‍ പറയുന്നു.