നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി പലപ്പോഴും വിവാദങ്ങളിൽ അകപ്പെടാറുണ്ട്. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ഒരു മാധ്യമപ്രവർത്തകയോട് സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയത് വൻ വിവാദത്തിലേക്ക് എത്തിയിരുന്നു.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടന്ന സംഭവം സോഷ്യൽമീഡിയയിൽ ഉൾപ്പെടെ വലിയ ചർച്ചയായിരിക്കുകയാണ് ഇപ്പോഴും. സംഭവത്തിന് പിന്നാലെ മാധ്യമപ്രവർത്തക സുരേഷ് ഗോപിക്കെതിരെ പരാതി നൽകിയിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ വിവാദം കത്തുന്നതിനിടെ ഈ വിഷയത്തിൽ പ്രതികരിക്കുകയാണ് നടനും എംഎൽഎയുമായ കെബി ഗണേഷ് കുമാർ.
സുരേഷ്‌ഗോപിയെ പിന്തുണച്ച് സ്ത്രീകൾ ഉൾപ്പടെയുള്ളവർ കുറിപ്പ് പങ്കിട്ടതിനിടെയാണ് ഗണേഷിന്റെ പ്രതികരണം. സുരേഷ് ഗോപിയുടെ പ്രവൃത്തിയോട് യോജിപ്പില്ലെന്ന് തുറന്നുപറയുകയാണ് ഗണേഷ് കുമാർ. തനിക്ക് അറിയാവുന്ന സുരേഷ് ഗോപി ദുരുദ്ദേശത്തോടെ പെരുമാറുന്നയാളല്ലെന്നും പക്ഷെ ഇത് വേണ്ടിയിരുന്നില്ല എന്നുമാണ് ഗണേഷ് കുമാർ പറഞ്ഞിരിക്കുന്നത്.
ഗണേഷ് കുമാർ എഡിറ്റോറിയൽ ലൈവിനോട് സംസാരിക്കുന്നതിനിടെയാണ് വിവാദത്തിൽ പ്രതികരിച്ചത്. ‘എനിക്ക് അറിയാവുന്ന സുരേഷ് ഗോപി ദുരുദ്ദേശത്തോടെ ഒരു സ്ത്രീയെ ടച്ച് ചെയ്യുന്നയാളല്ല. സത്യം പറയണമല്ലോ. പക്ഷെ അദ്ദേഹം ചെയ്തത് ശരിയോ തെറ്റോയെന്ന് ചോദിച്ചാൽ വേണ്ടിയിരുന്നില്ലെന്നാണ് എനിക്ക് പറയാനുള്ളത്.’- എന്നാണ് ഗണേഷ് കുമാർ പറയുന്നത്.
കാരണം ആ കുട്ടി ആദ്യം തന്നെ അസ്വസ്ഥത പ്രകടിപ്പിച്ചു. എന്നിട്ടും രണ്ടാമതും തൊട്ടു. അപ്പോഴും ആ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചു. അവിടെ അതിൽ കൂടുതൽ മാന്യമായി പെരുമാറാൻ ആ കുട്ടിക്ക് പറ്റില്ല. മൂന്നാമത്തെ പ്രാവശ്യം ആ കുട്ടി കൈ പിടിച്ച് മാറ്റുകയായിരുന്നു എന്ന് ഗണേഷ്‌കുമാർ ചൂണ്ടിക്കാണിച്ചു.
വേണമെങ്കിൽ ആ കുട്ടിക്ക് അവിടെ വെച്ച് ഒരു ഒച്ചയും ബഹളവും ഉണ്ടാക്കാമായിരുന്നു. പക്ഷെ ആ കുട്ടി വളരെ മാന്യമായിട്ടാണ് പെരുമാറിയത്. ആദ്യം കൈ വെച്ചപ്പോൾ ആ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നും എന്നും അദ്ദേഹം വിശദീകരിച്ചു.
ആ സമയത്ത് തന്നെ സുരേഷ് ഗോപി അത് തിരിച്ചറിയണമായിരുന്നു. ആ കുട്ടി അത് ഇഷ്ടപ്പെടുന്നില്ലെന്ന് മനസിലാക്കാനുള്ള ബുദ്ധി സുരേഷ് ഗോപി പ്രകടിപ്പിച്ചില്ല. പിന്നെ എല്ലാവരും നമ്മളെക്കാൾ ചെറിയവരും നമ്മുടെ മുമ്പിൽ പിള്ളേരുമൊന്നുമല്ല. ഒരുപാട് യുവതി യുവാക്കളാണ് വരുന്നത്. അവരോട് മക്കളെപ്പോലെയൊക്കെ മനസിന്റെ ഉള്ളിലാകാം. സുരേഷ് ഗോപിയുടെ അത്തരം രീതികളോട് എനിക്ക് യോജിപ്പില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു.
ഏതാനും ദിവസം മുൻപ് കോഴിക്കോട് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സുരേഷ് ഗോപി മാധ്യമപ്രവർത്തകയുടെ ചോദ്യത്തിന് മറുപടി നൽകുന്നതിനിടെ തോളിൽ കൈവെച്ചത്. ഉടൻ തന്നെ അതൃപ്തി പ്രകടിപ്പിച്ച് മാറി നിന്നെങ്കിലും സുരേഷ് ഗോപി വീണ്ടും ആവർത്തിക്കുകയായിരുന്നു.
വീണ്ടും തോളിൽ കൈ വെച്ചപ്പോൾ മാധ്യമപ്രവർത്തക തട്ടിമാറ്റുന്നതും വീഡിയോയിലുണ്ടായിരുന്നു. വീഡിയോ വൈറലായതോടെ സോഷ്യൽമീഡിയയിൽ അടക്കം വലിയ രീതിയിൽ വിമർശനം ഉയരുകയും ചെയ്തു. ഇതിനിടെ മാധ്യമ പ്രവർത്തകയോട് സോഷ്യൽമീഡിയയിലൂടെ സുരേഷ് ഗോപി മാപ്പ് പറഞ്ഞു.
‘ഒരു മകളെപ്പോലെ കണ്ട് വാത്സല്യത്തോടെയാണ് പെരുമാറിയത്’-എന്നായിരുന്നു സുരേഷ് ഗോപിയുടെ വിശദീകരണം. ‘മാധ്യമങ്ങളുടെ മുന്നിൽ വെച്ച് വാത്സല്യത്തോടെ തന്നെയാണ് പെരുമാറിയത്. ജീവിതത്തിൽ ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും അപമര്യാദയോടെ പെരുമാറിയിട്ടില്ല. എന്നാൽ ആ കുട്ടിക്ക് അതിനെ കുറിച്ച് എന്ത് തോന്നിയോ അതിനെ മാനിക്കണം എന്ന് തന്നെയാണ് എന്റെയും അഭിപ്രായം. ഏതെങ്കിലും രീതിയിൽ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു’, എന്നായിരുന്നുസുരേഷ് ഗോപിയുടെ കുറിപ്പ്.