മലയാളത്തിൽ നിന്നും തമിഴിലേക്കും തുടർന്ന് തെലുങ്കിലേക്കും കന്നഡയിലേക്കും ചേക്കേറിയ നടിയാണ് നയൻതാര . തന്റെ സിനിമാജീവിതത്തിന്റെ ആദ്യകാലങ്ങളിൽ ഒരുപാട് ബുദ്ധിമുട്ടേണ്ടി വന്നെങ്കിലും അധികം വൈകാതെ തന്നെ തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ ആകാൻ താരത്തിന് സാധിച്ചു. സിനിമാ രം?ഗത്ത് ഇന്ന് ഏറ്റവും വിലപിടിപ്പുള്ള നായിക നടിയാണ് നയൻതാര. 20 വർഷം മുൻ നിരയിൽ തുടരുന്ന നടിക്ക് പിന്തുണയുമായി വൻ ആരാധക വൃന്ദവുമുണ്ട്. തെന്നിന്ത്യയിലെ മറ്റൊരു നടിക്കും ലഭിക്കാത്ത പ്രതിഫലമാണ് പുതിയ ചിത്രം ജവാനിൽ നയൻതാര വാങ്ങിയത്. അതും 11 കോടി രൂപ.
2003 ൽ മനസിനക്കരെ എന്ന സിനിമയിലൂടെയാണ് നയൻതാര അഭിനയ രം?ഗത്തേക്ക് കടന്ന് വരുന്നത്. ഇന്നത്തെ പ്രശസ്തിയിലേക്ക് നയൻതാര ഉയരുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് സിനിമയുടെ സംവിധായകൻ സത്യൻ അന്തിക്കാട് മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്. ഇക്കാലയളവിനിടെ നയൻതാരയുടെ ലുക്കിൽ വന്ന മാറ്റങ്ങൾ ചെറുതല്ല. ഒന്നിലേറെ തവണ വൻ മേക്കോവർ നടിക്ക് വന്നിട്ടുണ്ട്. മനസിനക്കരെയിലെ നയൻതാരയെ അല്ല വല്ലവൻ എന്ന തമിഴ് ചിത്രത്തിൽ പ്രേക്ഷകർ കണ്ടത്. തുടർന്ന് വന്ന സിനിമകളിലും ഈ മാറ്റങ്ങൾ ആരാധകർ കണ്ടത് തന്നെയാണ്. ഇപ്പോൾ സൂപ്പർനായികയായി വളർന്ന നയൻതാര സോളോ ഹിറ്റ് ചിത്രങ്ങളും സൃഷ്ടിക്കാറുണ്ട്. ഇന്നിതാ നയൻതാരയുടെ 39ാം പിറന്നാളാണ്.
താരത്തിന് ആശംസ നേരുകയാണ് ആരാധകരും സഹപ്രവർത്തകരും. ഇതിനിടെയാണ് മുൻപ് നയൻതാരയെ കുറിച്ച് ധനുഷ് പറഞ്ഞ വാക്കുകൾ ചർച്ചയാകുന്നത്. നയൻതാര വളരെ ദേഷ്യക്കാരിയാണെന്ന് ധനുഷ് പറയുന്നുണ്ട്. പക്ഷെ വളരെ കഠിനാധ്വാനിയാണ്. ഒരാളെ ഇഷ്ടപ്പെട്ടാൽ എന്ത് വേണമെങ്കിലും ചെയ്യുമെന്നും ധനുഷ് പറയുന്നു.
നയൻതാര ഇഷ്ടപ്പെട്ടയാൾക്ക് വേണ്ടി ഏതറ്റം വരെയും പോയി അവർക്ക് വേണ്ടത് ചെയ്ത് കൊടുക്കും. മറ്റുള്ളവർക്ക് വേണ്ടി വലിയ തോതിൽ ചെലവ് ചെയ്യുമെന്നും ധനുഷ് പറഞ്ഞിരുന്നു. മുൻപ് ഇരുവരും ഒരുമിച്ച് അഭിനയിച്ച യാരടി നീ മോഹിനി എന്ന സിനിമയുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് ധനുഷ് ഇക്കാര്യം തുറന്ന് പറഞ്ഞിരുന്നത്.
അതേസമയം, ഇരുവരും നല്ല സുഹൃത്തുക്കളാണെങ്കിലും തമ്മിൽ ഒരു ഘട്ടത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു. ധനുഷ് നിർമിച്ച നാനും റൗഡി താൻ എന്ന സിനിമയുമായി ബന്ധപ്പെട്ടായിരുന്നു ഈ തർക്കം.
സിനിമയിലെ നയൻതാരയുടെ പ്രകടനം ധനുഷിന് ഇഷ്ടപ്പെട്ടില്ലെന്നായിരുന്നു പുറത്തുവന്ന വന്ന റിപ്പോർട്ടുകൾ. എന്നാൽ നാനും റൗഡി താനിലെ പ്രകടനത്തിലൂടെ വൻ ജനപ്രീതിയാണ് നയൻതാര നേടിയത്.
ഒപ്പം, സിനിമയ്ക്കായി പുരസ്‌കാരം ലഭിച്ചപ്പോൾ ധനുഷിന് തന്റെ അഭിനയം ഇഷ്ടപ്പെട്ടിരുന്നില്ലെന്ന് വേദിയിൽ നയൻതാര തുറന്ന് പറയുകയും ചെയ്തിരുന്നു.