ബിഗ് ബോസ് മലയാളത്തിന് ഇപ്പോള്‍ നിരവധി ആരാധകരാണ് ഉള്ളത്. ആദ്യമൊക്കെ മലയാളികള്‍ക്ക് അത്ര പരിചിതമായിരുന്നില്ല ഈ റിയാലിറ്റി ഷോ എങ്കിലും ഇപ്പോള്‍ നിരവധി പേരാണ് ഷോയ്ക്ക് അഡിക്റ്റായി മാറിയിരിക്കുന്നത്. അവസാനം നടന്ന അവസാനിച്ച നാലാം സീസണിനാണ് ഏറ്റവും കൂടുതല്‍ പ്രേക്ഷക പ്രശംസ ലഭിച്ചത്.
ഇരുപത് മത്സരാര്‍ഥികളുമായി നടന്ന നാലാം സീസണില്‍ ലേഡി വിന്നറിനെ ലഭിച്ചതും ഏറെ ശ്രദ്ധേയമായിരുന്നു. മത്സരത്തില്‍ വിജയിയായത് ദില്‍ഷ പ്രസന്നനാണ്. രണ്ടാം സ്ഥാനം ബ്ലെസ്ലിക്കായിരുന്നു. മൂന്നാംസ്ഥാനമാണ് റിയാസ് സലിമിന് ലഭിച്ചത്.
അതേസമയം, ബിഗ് ബോസ് നാലാം സീസണില്‍ വിജയികളായില്ലെങ്കിലും നിരവധി പേരാണ് ആരാധകരുടെ പ്രിയപ്പെട്ടവരായി മാറിയത്. ഇപ്പോഴിതാ അഞ്ചാം സീസണ് ബിഗ് ബോസ് ആരംഭിച്ചിരിക്കുകയാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു പുതിയ സീസണിന് തുടക്കം കുറിച്ചത്.
പുതിയ സീസണിലെ ഒരു സെഗ്നമെന്റാണ് എന്റെ കഥ. ഇതില്‍ മത്സരാര്‍ത്ഥികള്‍ അവരുടെ ജീവിത കഥ തുറന്നുപറയും. ഇതില്‍ ആദ്യത്തെ ജീവിതം പറഞ്ഞത് യൂട്യൂബറായ ജുനൈസ് വിപി ആയിരുന്നു. തനിക്ക് ആറുമാസം പ്രായമുള്ളപ്പോള്‍ സംഭവിച്ച കാര്യത്തെ കുറിച്ചായിരുന്നു ജുനൈസ് സംസാരിച്ചത്.
തനിക്ക് ആറുമാസം പ്രായമുള്ളപ്പോഴായിരുന്നു ഉമ്മ വിട്ടുപോയത്. ഉപ്പ ഉമ്മയെ കൊല്ലുകയായിരുന്നുവെന്നും തന്റെ ഉമ്മ ഗാര്‍ഹിക പീഡനത്തിനിരയായിരുന്നുവെന്നും ഒരു സാധുവായിരുന്ന ഉമ്മ വളരെ ചെറുപ്പത്തിലാണ് കൊല്ലപ്പെട്ടതെന്നും ജുനൈസ് പറഞ്ഞു.
അഞ്ചുമക്കളില്‍ ഇളയ ആളായിരുന്നു താന്‍. ഉമ്മയുടെ സഹോദരനായിരുന്നു തന്നെ വളര്‍ത്തിയതെന്നും ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് തനിക്ക് ഉമ്മയില്ലെന്ന് അറിഞ്ഞതെന്നും ചേട്ടന് ജോലിയൊക്കെ ആയപ്പോള്‍ പിന്നീട് പഠിച്ചതും ജീവിച്ചതും അവര്‍ക്കൊപ്പമായിരുന്നുവെന്നും ജുനൈസ് കൂട്ടിച്ചേര്‍ത്തു.
ഉമ്മ സാമ്പത്തികമായി സ്വതന്ത്ര്യയായിരുന്നുവെങ്കില്‍ ഒരിക്കലും അവര്‍ക്ക് കൊല്ലപ്പെടേണ്ടി വരില്ലെന്നാണ് താന്‍ കരുതുന്നത്. ഉമ്മയ്ക്ക് ജോലിയുണ്ടായിരുന്നുവെങ്കില്‍ ആ ദാമ്പത്യ ജീവിതത്തില്‍ നിന്നും പുറത്തുവന്ന് തങ്ങളെ നോക്കുമായിരുന്നുവെന്നും ഇത്തരം ബന്ധങ്ങളില്‍ അകപ്പെട്ട നിങ്ങളുടെ മക്കള്‍ അതില്‍ നിന്നും പുറത്തേക്ക് വരുമ്പോള്‍ അവരെ തടയരുതെന്നും ജുനൈസ് പറഞ്ഞു.