ഏപ്രില്‍ 18 എന്ന 1984ല്‍ പുറത്തിറങ്ങിയ ബാലചന്ദ്ര മോനോന്‍ സിനിമയിലൂടെ അഭിനയരംഗത്ത് എത്തി പിന്നീട് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയായി മാറിയ താരമാണ് നടി ശോഭന. നടി എന്നതില്‍ ഉപരി മികച്ച നര്‍ത്തകി കൂടിയായ താരം ഇപ്പോള്‍ അഭിനയത്തേക്കാള്‍ കൂടുതല്‍ നൃത്ത രംഗത്ത് ആണ് സജീവമായിരിക്കുന്നത്.
അതേ സമയം ഇപ്പോള്‍ സിനിമയില്‍ അത്ര സജീവമല്ലെങ്കിലും പഴയ ചിത്രങ്ങളിലൂടെ ഇന്നും ശോഭന മലയാളികളുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. ഏകദേശം 2000 വരെ മലയാള സിനിമയില്‍ സജീവമായിരുന്ന ശോഭന നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്നു.
എന്നാല്‍ പിന്നീട് അഭിനയത്തില്‍ നിന്ന് ചെറിയ ഇടവേളയെടുത്ത താരം നൃത്തത്തില്‍ കൂടുതല്‍ സജീവമാവുകയായിരുന്നു. ഇതിനിടെ 2004 ല്‍ മാമ്പഴക്കാലം എന്ന മോഹന്‍ലാല്‍ സിനിമയില്‍ താരം നായികയായി എത്തിയിരുന്നു. മലയാളത്തില്‍ മത്രമല്ല മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും ശോഭന സജീവ സാന്നിധ്യം ആയിരുന്നു.
എന്നാല്‍ നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ 2020 ല്‍ നടി വീണ്ടും ക്യാമറയ്ക്ക് മുന്നില്‍ എത്തിയിരുന്നു. സുരേഷ് ഗോപിക്ക് ഒപ്പമായിരുന്നു ശോഭന സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടത്. കല്യാണി പ്രിയദര്‍ശന്‍, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു.
തന്റെ അഭിപ്രായം തുറന്നുപറയാന്‍ ഒരു മടിയും പേടിയുമില്ലാത്ത നടി കൂടിയായിരുന്നു ശോഭന. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ ശോഭന പറഞ്ഞ കാര്യങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്. താന്‍ അഭിനയിച്ച സിനിമയിലെ ഒരു റേപ് സീനിനെ കുറിച്ചാണ് ശോഭന പറയുന്നത്.
ആ സീന്‍ താന്‍ അഭിനയിക്കില്ലെന്ന് തുറന്നുപറഞ്ഞുവെന്നും അവര്‍ ഓകെ പറഞ്ഞുവെന്നും മറ്റൊരാളെ വെച്ച് ആ സീന്‍ ചെയ്തുവെന്നും ശോഭന പറയുന്നു. തനിക്ക് പറയാനുള്ള കാര്യം ആരുടെ മുഖത്തുനോക്കിയും താന്‍ പറയുമെന്നും സിനിമയില്‍ തന്റെ പാവാടയുടെ ഇറക്കം പോലും താന്‍ തന്നെയാണ് തീരുമാനിച്ചതെന്നും ശോഭന പറയുന്നു.
തന്റെ തീരുമാനം എന്തായാലും പിന്തുണയുമായി എപ്പോഴും വീട്ടുകാര്‍ കൂടെയുണ്ടെന്നും പക്ഷേ ഒരിക്കല്‍ പോലും വീട്ടുകാര്‍ തന്നെ പുകഴ്ത്തി പറയുന്നത് താന്‍ കേട്ടിട്ടില്ലെന്നും ശോഭന കൂട്ടിച്ചേര്‍ത്തു.