മലയാളി സിനിമാപ്രേമികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് നിത്യ ദാസ്. ഈ നടിയെക്കുറിച്ച് പറയുമ്പോള്‍ ആദ്യം മലയാളികളുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് ഹിറ്റ് സിനിമയായ ഈ പറക്കും തളികയാണ്. ദിലീപ് നായകനായ ഈ പറക്കും തളികയിലൂടെയാണ് നിത്യ ദാസ് മലയാള സിനിമയിലേക്ക് എത്തുന്നത്.
ഈ പറക്കും തളികയിലെ താരത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ സിനിമയ്ക്ക് ശേഷം കണ്മഷി എന്ന സിനിമയിലും നിത്യ ദാസ് നായികയായി എത്തി. ഇതിലെ കണ്‍മഷി എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. സിനിമയില്‍ ഉയര്‍ന്നുവരുന്നതിനിടെയായിരുന്നു നിത്യാദാസിന്റെ വിവാഹം.
ഒരിടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ താരം കൂടുതലും തന്റെ ശ്രദ്ധ കേന്ദ്ീകരിച്ചത് മിനിസ്‌ക്രീനിലായിരുന്നു. ഇപ്പോഴിതാ റെഡ് കാര്‍പെറ്റില്‍ എത്തിയ നടി തന്റെ സിനിമാ അഭിനയ കാലത്തെ കുറിച്ചുള്ള ഓര്‍മകള്‍ ആരാധകരുമായി പങ്കുവക്കുകയാണ്.
അപ്രതീക്ഷിതമായാണ് താന്‍ സിനിയില്‍ എത്തിയതെന്ന് നടി പറയുന്നു. പ്ലസ് വണില്‍ പഠിയ്ക്കുന്ന സമയത്ത് ഒരു ദിവസം ഒരു അഭിഭാഷകന്‍ എന്നെ വിളിച്ച് എന്റെ ഒരു ഫോട്ടോ എടുത്ത് മാഗസിനിലേക്ക് അയച്ചു കൊടുത്തോട്ടെ എന്ന് ചോദിച്ചു.
അപ്പോള്‍ ്അയാളോട് വീട്ടില്‍ ചോദിക്കാന്‍ പറഞ്ഞുവെന്നും അങ്ങനെ വീട്ടുകാരുടെ സമ്മതത്തോടെ തന്റെ ഫോട്ടോയെടുത്ത് ഗൃഹലക്ഷ്മിയില്‍ അയച്ചുകൊടുത്തുവെന്നും നടി പറയുന്നു. ഈ ഫോട്ടോ മാഗസിനില്‍ വരികയും പിന്നീട് ആ അഭിഭാഷകന്‍ ഒരു ഫോട്ടോഗ്രാഫറായി മാറുകയും ചെയ്തുവെന്ന് നിത്യ കൂട്ടിച്ചേര്‍ത്തു.
മാഗസിനില്‍ വന്ന എന്റെ ഫോട്ടോ കണ്ടിട്ട് മഞ്ജു ചേച്ചി ആണ് ദിലീപേട്ടനോട് പറയുന്നത്. അങ്ങനെ അദ്ദേഹം എന്നെ ഈ പറക്കും തളിക എന്ന സിനിമയിലേക്ക് വിളിച്ചുവെന്നും നിത്യ പറഞ്ഞു. കണ്‍മഷിയെന്ന സിനിമയെക്കുറിച്ചുള്ള വിശേഷങ്ങളും താരം പങ്കുവെച്ചു.
ഈ സിനിമയില്‍ കലാഭവന്‍ മണിയ്‌ക്കൊപ്പം നിത്യ അഭിനയിച്ചിരുന്നു. മണിയ്‌ക്കൊപ്പമുള്ള അഭിനയ അനുഭവത്തെ കുറിച്ച് ചോദിച്ചപ്പോള്‍ എന്നും വഴക്കാണെന്നായിരുന്നു നിത്യാദാസിന്റെ മറുപടി. മണിച്ചേട്ടന്‍ എപ്പോഴും വഴക്കിടുമെന്നും
എന്നാല്‍ എന്തിനാണ് വഴക്കിടുന്നത് എന്ന് പോലും തനിക്ക് അറിയില്ലെന്നും നടി പറയുന്നു.
കണ്‍മഷി സിനിമയില്‍ ഒന്നിച്ചുള്ള ഒരു പാട്ട് ഉണ്ടായിരുന്നു, അത് ചിത്രീകരിയ്ക്കുമ്പോള്‍ എല്ലാം ഞങ്ങള്‍ തമ്മില്‍ വഴക്കായിരുന്നുവെന്ന് നിത്യ തുറന്നുപറഞ്ഞു. ഞാന്‍ അദ്ദേഹത്തോട് എന്ത് പറഞ്ഞാലും അദ്ദേഹത്തെ കളിയാക്കുന്നത് പോലെയാണ് മണിച്ചേട്ടന് തോന്നിയിരുന്നതെന്ന് നിത്യ കൂ്ട്ടിച്ചേര്‍ത്തു.
ഒരിക്കല്‍ ഞങ്ങളൊരു വിദേശ ഷോയ്ക്ക് ഒന്നിച്ച് പോയിരുന്നു, അപ്പോള്‍ ഞാന്‍ വെറുതേ, ‘മണിക്കിനാവിന്‍ കൊതുമ്പ് വള്ളം’ എന്ന പാട്ട് പാടി. സത്യത്തില്‍ ഒന്നും മനസ്സില്‍ വച്ച് പാടിയതല്ല, പക്ഷെ അതും അദ്ദേഹത്തിന് കളിയാക്കുന്നത് പോലെയാണ് തോന്നിയതെന്ന് നിത്യ ദാസ് പറഞ്ഞു. ഇന്ന് സോഷ്യല്‍്മീഡിയയില്‍ സജീവമായ നിത്യ ദാസ് തന്റെ മകള്‍ക്കൊപ്പമുള്ള നിരവധി ഡാന്‍സ് വീഡിയോകളും പ്ങ്കുവെച്ചിരുന്നു.